കൊല്ലം: സംസ്ഥാനത്ത് രണ്ടു മുഖ്യമന്ത്രിമാരുണ്ടെന്ന് എന്‍എസ്എസ് പറഞ്ഞതില്‍ സംശയം വേണ്ടെന്നു വെള്ളാപ്പള്ളി നടേശന്‍. ലീഗ് ആവശ്യപ്പെട്ടാല്‍ മലപ്പുറം സംസ്ഥാനം തന്നെ രൂപീകരിച്ചു നല്‍കും എന്ന സ്ഥിതിയാണ്. ആദിവാസികളുള്‍പ്പെടെയുള്ള എല്ലാ ജാതിസമൂഹങ്ങളുടെയും ഐക്യത്തിനായി എസ്എന്‍ഡിപിയും എന്‍എസ്എസും പ്രവര്‍ത്തിക്കും.
ഭൂരിപക്ഷസമുദായങ്ങളാണു കമ്യൂണിസ്റ് പാര്‍ട്ടികളെ വളര്‍ത്തിയത്. അവരുടെ തകര്‍ച്ച ഭൂരിപക്ഷ സമുദായത്തിന്റെ തകര്‍ച്ചയായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കൊല്ലത്ത് എസ്എന്‍ ട്രസ്റ് ഹോസ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ബലത്തില്‍ പലതും പിടിച്ചുപറിച്ചുകൊണ്ടുപോവുകയാണ് അവര്‍. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതാണു സ്ഥിതിയെങ്കില്‍ നാലുവര്‍ഷംകൂടി കഴിഞ്ഞാല്‍ നമുക്ക് മുണ്ട് തിരിച്ചുടുക്കേണ്ട ഗതിവരും. ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ മയ്യത്തായിരിക്കും ഫലം.
എന്‍എസ്എസുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. ഇന്നത്തെ അവസ്ഥയില്‍ ഒന്നിച്ചാലേ ജീവിക്കാനാകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ ട്രസ്റ് ട്രഷറര്‍ ഡോ. ജയദേവന്‍, പ്രീതി നടേശന്‍, എന്‍. രാജേന്ദ്രന്‍, സോമരാജന്‍, പ്രൊഫ. വി.എസ്. ലീ എന്നിവര്‍ പ്രസം ഗിച്ചു.
അതേസമയം എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പുനലൂരില്‍ പറഞ്ഞു. ഇരുസമുദായങ്ങളും തമ്മിലുള്ള യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണ്. സംസ്ഥാനത്ത് ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ സമുദായങ്ങള്‍ തമ്മിലുള്ള യോജിപ്പിന് വളരെയേറെ പ്രാധാന്യമുണ്ട്. മന്നത്തു പത്മനാഭനും ആര്‍. ശങ്കറും ആഗ്രഹിച്ചതാണ് സമുദായങ്ങള്‍ തമ്മിലുള്ള ഐക്യമെന്നും അതാണ് യാഥാര്‍ഥ്യമായിരിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അഞ്ചാംമന്ത്രി വിവാദം സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണ്. മന്ത്രിസഭാ രൂപീകരണ സമയത്തുതന്നെ അഞ്ചുമന്ത്രിസ്ഥാനം ലീഗിന് നല്‍കിയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കേരള കോണ്‍ഗ്രസ്-ബിയില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം മാനിച്ച് മന്ത്രിക്കെതിരേ കൂടുതലൊന്നും പറയുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Discussion about this post