തിരുവനന്തപുരം: ശബരി റെയില്‍പാതയുടെ അലൈന്‍മെന്റിനെക്കുറിച്ച് കോട്ടയം ജില്ലയിലെ ജനപ്രതിനിധികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സ്ഥലമെടുക്കല്‍ താത്കാലികമായി നിര്‍ത്തിവച്ചതായി റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പറഞ്ഞു.
റെയില്‍പാത എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ക്കൂടിയാണു കടന്നുപോകുന്നത്. ഇതിന് എറണാകുളം ജില്ലയില്‍ മാത്രമാണു സ്ഥലമെടുപ്പു നടപടികള്‍ നടന്നിട്ടുള്ളത്. പദ്ധതി അടങ്കല്‍ തുകയുടെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്ന റെയില്‍വേയുടെ നിര്‍ദേശം പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പദ്ധതിയുടെ പുതുക്കിയ അടങ്കല്‍തുക 1200 കോടിയായി കണക്കാക്കിയിട്ടുണ്ട്. ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്തിനു സാധ്യമല്ല.ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ യോഗംവിളിച്ച് കോട്ടയം ജില്ലയിലെ സ്ഥലമെടുപ്പിന് കളക്ടറെ അധികാരപ്പെടുത്തി. അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍പറ്റുമോ എന്നു പരിശോധിക്കും. കോട്ടയത്ത് ആറു കോളനികളുടെ നടുവിലൂടെയാണു പാത കടന്നുപോകുന്നത്. ചെറുകിടക്കാരായ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പാത നടപ്പാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച തടസങ്ങളാണു സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനു പ്രധാന തടസമെന്നും മന്ത്രി പറഞ്ഞു.
Discussion about this post