തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. ചാരുലത എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം. എം. തോമസ് മാത്യു, കെ.എസ്. രവികുമാര്‍, എസ്.വി. വേണുഗോപാലന്‍ നായര്‍ എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്.
1939-ല്‍ തിരുവല്ലയിലെ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. ഏറെക്കാലം കോളേജ് അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍ ,ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. വള്ളത്തോള്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്, പി സ്മാരക കവിതാ പുരസ്‌കാരം ,ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്കി ആദരിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളില്‍ ഒന്നായ വയലാര്‍ അവാര്‍ഡ് 1977 ലാണ് ഏര്‍പ്പെടുത്തിയത്.
Discussion about this post