ന്യൂഡല്‍ഹി: യുപിഎ സ്ഥാനാര്‍ഥി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായ എന്‍ഡിഎയിലെ പി.എ.സാംഗ്മയെ പരാജയപ്പെടുത്തിയാണ് പ്രണബ് രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പശ്ചിമബംഗാളില്‍ നിന്ന് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യവ്യക്തിയെന്ന ബഹുമതിയും പ്രണബിന് സ്വന്തം.
ജൂലൈ 25ന് പ്രണബ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 748 എംപിമാരുടെ വോട്ടുകളില്‍ 527 വോട്ടുകള്‍ പ്രണബ് നേടി. പി.എ.സാംഗ്മയ്ക്ക് 206 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സമാജവാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റേത് ഉള്‍പ്പെടെ 15 വോട്ടുകള്‍ അസാധുവായി. എംപിമാരുടെ വോട്ടുകള്‍ കൊണ്ടുമാത്രം 3,73, 116 വോട്ടുകളുടെ മൂല്യം പ്രണബിന് ലഭിച്ചിരുന്നു. സാംഗ്മയ്ക്ക് 1,45, 848 വോട്ടുകളുടെ മൂല്യമാണ് ലഭിച്ചത്. 4896 ജനപ്രതിനിധികളില്‍ 776 എംപിമാരും 4,120 എംഎല്‍എമാരുമാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ആന്ധ്രയിലെ 98 ശതമാനം വോട്ടുകളും അരുണാചല്‍ പ്രദേശിലെ 96 ശതമാനം വോട്ടുകളും പ്രണബിനാണ് ലഭിച്ചത്. ആന്ധ്രയില്‍ 182 എംഎല്‍എമാരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 3 പേരുടെ പിന്തുണ മാത്രമാണ് പി.എ.സാംഗ്മയ്ക്ക് ലഭിച്ചത്. ഹരിയാന നിയമസഭയില്‍ പ്രണബിന് 53 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാംഗ്മയ്ക്ക് 29 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടുത്തെ എട്ടു വോട്ടുകള്‍ അസാധുവായി.
ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 123 വോട്ടുകള്‍ സാംഗ്മയ്ക്ക് ലഭിച്ചു. 59 വോട്ടുകളാണ് ഇവിടെ പ്രണബിന് ലഭിച്ചത്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും പ്രണബിനാണ് ലീഡ്. പ്രണബിന് 117 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാംഗ്മയ്ക്ക് 103 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
1935 ഡിസംബര്‍ 11 ന് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ മിറാത്തിയിലായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം. സ്വാതന്ത്യ്ര സമരകാലത്തുതന്നെ അദ്ദേഹത്തെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 10 വര്‍ഷത്തോളം ബ്രട്ടീഷുകാര്‍ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 1952 മുതല്‍ 64 വരെ പശ്ചിമബംഗാള്‍ ലെജിസ്‌ളേറ്റീവ് കൌണ്‍സില്‍ അംഗമായിരുന്ന പ്രണബ് ബിര്‍ഭൂമിലെ ജില്ലാ കോണ്‍ഗ്രസ് ഘടകം പ്രസിഡന്റു കൂടിയായിരുന്നു. 1969 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രണബ് സജീവമായത്.
1973 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. 74 ല്‍ ഷിപ്പിംഗ് ഗതാഗത മന്ത്രിയായ അദ്ദേഹം ഒരു കൊല്ലം ധനകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 75 മുതല്‍ 77 വരെ കേന്ദ്ര റവന്യൂ ബാങ്കിംഗ് വകുപ്പ് മന്ത്രിയുമായിരുന്നു പ്രണബ്. 1980 മുതല്‍ 85 വരെ രാജ്യസഭയില്‍ കക്ഷിനേതാവായിരുന്ന പ്രണബ് 82 മുതല്‍ 84 വരെ ധനകാര്യമന്ത്രിയായിരുന്നു. രാഷ്ട്രീയ സമാജവാദി കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും രൂപീകരിച്ച അദ്ദേഹം 1989 ല്‍ സ്വന്തം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയും ചെയ്തു. 1991 ല്‍ രാജീവ് ഗാന്ധിയുടെ മരണശേഷം വന്ന നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് പ്രണബിന് രാഷ്ട്രീയത്തില്‍ മുന്നേറിയത്. ഇക്കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായ പ്രണബ് പിന്നീട് റാവു മന്ത്രിസഭയില്‍ 95 മുതല്‍ 96 വരെ വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തിയ 2004 മുതല്‍ 2006 വരെ പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം 2004 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ കക്ഷിനേതാവു കൂടിയായിരുന്നു. 2006 മുതല്‍ 2009 വരെ വിദേശകാര്യമന്ത്രിയായിരുന്ന പ്രണബ് 2009 ലാണ് വീണ്ടും ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ധനകാര്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. 2007 ലും പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അന്ന് ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാട്ടിയില്ല.
1978 ജനുവരി 27 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗമായ പ്രണബ് അതേവര്‍ഷം തന്നെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായി. എഐസിസിയുടെ ട്രഷറര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 1957 ജൂലൈ 13 നായിരുന്നു പ്രണബിന്റെ വിവാഹം. സുവ്രാ മുഖര്‍ജിയാണ് ഭാര്യ. മൂന്ന് മക്കളാണ് ഇവര്‍ക്കുളളത്.
Discussion about this post