- ഉത്രട്ടാതി ജലോത്സവത്തിനു തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ നിന്ന് 50,000 രൂപ ഗ്രാന്‍റ് അനുവദിച്ചു
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ക്ക് രാജകീയ പ്രൗഢിയോടെ തുടക്കം. വഞ്ചിപ്പാട്ടിന്റെ ഈണം മുഴങ്ങുന്ന അന്തരീക്ഷത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ വഴിപാട് വള്ളസദ്യ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിന്റെ വടക്കേനടയില്‍ പള്ളിയോടങ്ങളെ ദേവസ്വം-പള്ളിയോട സേവാസംഘം ഭാരവാഹികള്‍ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് വഞ്ചിപ്പാട്ടുകള്‍ പാടി പള്ളിയോട കരക്കാര്‍ ക്ഷേത്രത്തിന് വലം വച്ച് കൊടുമരച്ചുവട്ടിലെത്തിയതോടെ പള്ളിയോട കരക്കാരുടെ സദ്യാലയങ്ങളില്‍ വള്ളസദ്യ ആരംഭിച്ചു. ചെറുകോല്‍ പള്ളിയോടത്തിന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി വള്ളസദ്യ നടത്തി.
രാവിലെ ചെറുകോല്‍ കരയിലെത്തിയ മഹാരാജാവ് പള്ളിയോടത്തിനു രാജമുദ്ര സമ്മാനിച്ചു. കരയിലെ ആളുകള്‍ ഭക്ത്യാദരപൂര്‍വമാണ് രാജാവിനെ വരവേറ്റത്. കരക്കാര്‍ക്ക് ദക്ഷിണ നല്കി ആചാരപൂര്‍വം ആറന്മുളയിലേക്ക് ക്ഷണിച്ചതിനു ശേഷമാണ് രാജാവ് ചെറുകോലില്‍ നിന്നും ആറന്മുളയിലേക്ക് പുറപ്പെട്ടത്.
അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, സിനിമാതാരം സുരേഷ് ഗോപി, ഗായകന്‍ ജി.വേണുഗോപാല്‍ തുടങ്ങിയവരും ഇന്നലെ മഹാരാജിനോടൊപ്പം വള്ളസദ്യയില്‍ പങ്കെടുത്തു.
ഉത്രട്ടാതി ജലോത്സവത്തിനു തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ നിന്ന് 50,000 രൂപ പ്രതിവര്‍ഷം ഗ്രാന്റായി നല്കുമെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് അറിയിച്ചു. ഇതോടൊപ്പം രാജമുദ്ര പതിപ്പിച്ച രണ്ടു ട്രോഫികള്‍ കൊട്ടാരത്തില്‍ നിന്നു നല്കും. ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ,ബി ബാച്ച് പള്ളിയോടങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതിന് സ്വയം രൂപകല്പന ചെയ്ത ട്രോഫികളാണ് നല്കുന്നത്.
സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യയുടെ കൂപ്പണ്‍ വിതരണോദ്ഘാടനം അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ നിര്‍വഹിച്ചു. പള്ളിയോട സേവാസംഘം പുതുതായി തുടങ്ങിയ www.aranmulavallamkali.in എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം സിനിമാതാരം സുരേഷ് ഗോപി നിര്‍വഹിച്ചു. 48 കരകളെപ്പറ്റിയും പള്ളിയോട സേവാസംഘം, വള്ളസദ്യ എന്നിവയെ സംബന്ധിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
Discussion about this post