- നിരോധനാജ്ഞ ലംഘനം: പി.കെ.ശ്രീമതിക്കും എം.വി.ജയരാജനുമെതിരെ കേസെടുത്തു
കണ്ണൂര്‍/തിരുവനന്തപുരം: പി. ജയരാജനെ അറസ്‌റ് ചെയ്തതില്‍ പ്രതിഷേധിച്ചു സിപിഎം സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ചെറിയ തോതില്‍ സംഘര്‍ഷം. ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ് നടത്തി. കണ്ണൂരില്‍ 10 ഓളം കോണ്‍ഗ്രസ് ആഫീസുകള്‍ അടിച്ചു തകര്‍ത്തു. പലസ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. ദക്ഷിണകേരളത്തിലും മധ്യകേരളത്തിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. കൊടുങ്ങല്ലൂരില്‍ കെ.കരുണാകരന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്ഥാപനങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്.
ബാംഗ്ലൂരില്‍ നിന്നു കോട്ടയത്തേയ്ക്കു വന്ന ബസിനു നേരെയും കല്ലേറുണ്ടായി. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. ഇതിനിടെ നെടുമങ്ങാട് രണ്ടു കെഎസ്ആര്‍ടിസി ജീവനക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ കൈയ്യേറ്റം ചെയ്തു. ഓഫീസിനുള്ളില്‍ കടന്നാണ് ജീവനക്കാരെ ഹര്‍ത്താലനുകൂലികള്‍ മര്‍ദിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലിയ്ക്കു ഹാജരായ ജീവനക്കാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. അതോടൊപ്പം എറണാകുളത്തും വയനാട്ടിലും സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ മൂന്നു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെ ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും ഏതാനും ഓട്ടോറിക്ഷകളും മാത്രമാണ് നിരത്തില്‍ ഇറങ്ങിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബസുകളോ സ്വകാര്യബസുകളോ സര്‍വീസ് നടത്തുന്നില്ല. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.
അതേസമയം നിരോധനാജ്ഞ മറികടന്ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയ സി.പി.എം നേതാക്കളായ പി.കെ ശ്രീമതി, എം.വി ജയരാജന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നേതാക്കള്‍ക്ക് പുറമേ മാര്‍ച്ചില്‍ പങ്കെടുത്ത 250 ഓളം പേര്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പി.ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച വൈകിട്ട് സി.പി.എം മാര്‍ച്ച് സംഘടിപ്പിച്ചത്. ഉച്ചയോടെ തന്നെ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എസ്.പി ഓഫീസ് മാര്‍ച്ച് നടന്നത്.
Discussion about this post