കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസിലെ പ്രതികളായ ശോഭാജോണ്‍, ബെച്ചു റഹ്മാന്‍ എന്നിവരുടെ ശിക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധിക്കും. തന്ത്രി ഫ്ളാറ്റിലെത്തിയത് അനാശാസ്യത്തിനാണെന്ന് തെളിയിക്കുന്നതില്‍ പ്രതിഭാഗം പരാജയപ്പെട്ടു. തന്ത്രിയെ കുടുക്കിയതിന്റെ ബുദ്ധികേന്ദ്രം ശോഭ ജോണും ബെച്ചു റഹ്മാനുമാണെന്നും കോടതി വിലയിരുത്തി. അതേസമയം ഈ കേസിലെ ഒന്നാം പ്രതി ശോഭ ജോണ്‍ വരാപ്പുഴ പെണ്‍വാണിഭക്കേസിലും പ്രതിയാണ്.
ഇരുവരുമടക്കം കേസില്‍ 11 പ്രതികളാണുള്ളത്. കേസിലെ ആറാം പ്രതി കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സഹദ് ഒളിവില്‍ പോയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി വിധി പ്രസ്താവം മാറ്റിവെയ്ക്കുകയായിരുന്നു. ഇയാളെ അറസ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇയാള്‍ക്ക് ജാമ്യം നിന്ന രണ്ടു പേരെയും അറസ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു. 2006 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം. തന്ത്രി കണ്ഠരര് മോഹനരെ എറണാകുളത്തെ ഫ്ളാറ്റിലെത്തിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നാണ് കേസ്. പ്രോസിക്യൂഷന്‍ 51 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ തെളിവായി ഹാജരാക്കി. തന്ത്രിയുടെയും സ്ത്രീയുടെയും മൊഴികള്‍ കോടതി രഹസ്യമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Discussion about this post