ധര്‍മ്മാനന്ദ
വളരെക്കാലം മുമ്പത്തെ കഥയാണ്. കോല്‍ഹാപൂര്‍ രാജ്യത്തിന്റെയും ബ്രീട്ടീഷ് സംസ്ഥാനത്തിന്റെയും അതിര്‍ത്തിയില്‍ ഘുന്ദുകി എന്നൊരു ചെറിയ ഗ്രാമമുണ്ട്. ഏതാനും കശാപ്പുകാര്‍ കോല്‍ഹാപ്പൂര്‍ ദേശത്തുനിന്നും കന്നുകാലികളെ വാങ്ങി ബ്രിട്ടീഷ് ഭരണപ്രദേശത്തേക്കു കൊണ്ടുപോകുംവഴി ഈ ഗ്രാമത്തിലെ കാട്ടിലെത്തി. അവരോടൊപ്പമുണ്ടായിരുന്ന കന്നുകാലികളില്‍ കുറച്ചുകിടാക്കളും ഉണ്ടായിരുന്നു. തങ്ങളുടെ ജീവിതം അവസാനിക്കാനുള്ള പോക്കാണെന്ന കാര്യം അവര്‍ക്കറിയുമോ? എന്നാല്‍ ഏതോ ക്രൂരമായ കൈകളാല്‍ തങ്ങള്‍ ബന്ധിതരാണെന്ന് മാത്രം അറിഞ്ഞിരുന്നു. ഈ ബന്ധനം പൊട്ടിച്ച് ഓടിപ്പോകാന്‍ അവ കൊതിച്ചിരുന്നു. അവയുടെ പുറത്ത് കശാപ്പുകാരുടെ വടി നിര്‍ദ്ദയം കുടെക്കൂടെ പതിച്ചു. എന്നിട്ടും അവ കെട്ടുപൊട്ടിച്ച് ഓടിപ്പോകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവയില്‍ നിന്ന് ഒരെണ്ണം ഒരുതരത്തില്‍ കെട്ടുപൊട്ടിച്ച് ഓടിപ്പോവകുയും ഗ്രാമപ്രധാനിയുടെ ഗൃഹത്തിലെത്തിച്ചേരുകയും ചെയ്തു. കശാപ്പുകാരന്റെ ഭൃത്യന്‍ അതിനെ പിന്‍തുടര്‍ന്നുവെങ്കിലും അത് അവന്റെ കൈവശമെത്തിയില്ല.
കശാപ്പുകാരും കന്നുകാലികളും തമ്മിലുള്ള ഈ കലഹം കണ്ട് ഗ്രാമത്തിലെ ഇടയന്മാര്‍ ബാക്കി കന്നുകാലികളെയും ഓടിച്ചുവിട്ടു. അപ്പോള്‍ കശാപ്പുകാരും ഇടയന്മാരുമായി വലിയ വാക്കേറ്റമുണ്ടായി. നല്ല ഹിന്ദുവായിരിക്കെ എങ്ങനെ ശരണാഗതരെ ഉപേക്ഷിക്കാന്‍ കഴിയും.
‘ശരണാഗത ദീനാര്‍ത്ത
പരിത്രാണ പരായണേ
സല്‍സ്വാര്‍ത്തിനരേ ദേവീ
നാരായണി നമോസ്തുതേ’
എന്നു പ്രാര്‍ത്ഥിക്കുന്നത് ആസ്തിക്യ ബോധമുള്ള ഹിന്ദുവിന്റെ പതിവാണല്ലോ.
ഇവിടെ രണ്ടു കാര്യം ഓര്‍ക്കണം,. ഒന്ന് അഭയം തേടി വരുന്നത്. മറ്റൊന്ന് ഗോമാതാവ് ഇവയ്ക്കുവേണ്ടി പൂര്‍വ്വികര്‍ തങ്ങളുടെ ജീവന്‍പോലും ഉപേക്ഷിച്ചിട്ടുണ്ട്. ഈ ദൃഢപാരമ്പര്യമുള്ള കാരുണികരായ ആ ഇടയന്മാര്‍ എങ്ങനെ കന്നുകാലികളെ ഉപേക്ഷിക്കും.
തര്‍ക്കം മൂത്തു വാക്കേറ്റത്തോളമായി. തുടര്‍ന്ന് കന്നുകാലികളുടെ വിലയായി വാദവിഷയം. കശാപ്പുകാര്‍ വിലകൊടുക്കാന്‍ തയ്യാറായി. പക്ഷെ ഇടയന്മാര്‍ എന്തുവില കിട്ടിയാലും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ കയ്യേറ്റം നടക്കുമെന്നനിലയിലായി. ഒരു വശത്ത് മൂന്നു നാലു കശാപ്പുകാര്‍, മറുവശത്ത് ഗ്രാമവാസികള്‍ മുഴുവന്‍, രംഗം നന്നല്ലെന്നു കരുതി കശാപ്പുകാര്‍ ശാന്തരായി. അവര്‍ കോടതിയെ സമീപിച്ചു. അവര്‍ക്ക് ഇംഗ്ലീഷ് ഭരണകര്‍ത്താക്കളുടെ ബലമുണ്ടായിരുന്നു. മറുപക്ഷക്കാര്‍ക്കു ഗ്രാമപ്രധാനിയുടെ വീട്ടില്‍ പശു തനിയെ രക്ഷനേടി വന്നെത്തിയതാണ്. അതിനെ രക്ഷിക്കേണ്ടത് ധര്‍മ്മമാണെന്ന ജീവകാരുണ്യ ബലവുമുണ്ടായിരുന്നു.
ഒടുവില്‍ ഗ്രാമപ്രധാനിയും കൂട്ടരും പശുവിനെയും കൊണ്ട് മഹാരാജാവിന്റെ അടുക്കലെത്തി യഥാര്‍ത്ഥ വിവരങ്ങള്‍ അദ്ദേഹത്തെ പറഞ്ഞു ധരിപ്പിച്ചു. തുടര്‍ന്ന് പറഞ്ഞു – അങ്ങ് പശുക്കളെയും ബ്രാഹ്മണരെയും സംരക്ഷിക്കുന്ന ആളാണ്. ഇതിനെ ഞങ്ങള്‍ അങ്ങയെ ഏല്പിക്കുന്നു. അങ്ങയുടെ ഇഷ്ടംപോലെ കശാപ്പുകാരുടെ കൈയിലോ ഇംഗ്ലീഷുകാരുടെ കൈയിലോ കൊടുക്കാം. അല്ലെങ്കില്‍ ഗ്രാമവാസികള്‍ക്കുകൊടുക്കുക. അങ്ങാണ് ഇതിന്റെ വിധികര്‍ത്താവ്. മഹാരാജാവ് കാര്യങ്ങളെല്ലാം ശരിക്കു ധരിച്ചു ചിന്തിച്ചു. പശുവിനെ ഗ്രാമീണര്‍ക്കു കൊടുത്തു. തുടര്‍ന്നു പറഞ്ഞു കോല്‍ഹാപൂര്‍ രാജ്യത്ത് കശാപ്പു നടത്താന്‍ പാടില്ല.
ഗ്രാമീണര്‍ വളരെ സന്തോഷിച്ചു. അവര്‍ ആ പശുവിനെ ശിവക്ഷേത്രത്തില്‍ ഭഗവാനു സമര്‍പ്പിച്ചു. അന്നുമുതല്‍ മരണംവരെ ആ പശു ശിവക്ഷേത്രത്തില്‍ വളര്‍ന്നു. ഒരിക്കലും ആരുടെ വയലിലും പോയില്ല. മറ്റൊരു ജീവിയുമായി കലഹിച്ചില്ല പ്രസവിച്ചുമില്ല. ഇതൊക്കയാണെങ്കിലും ഭഗവാനു സമര്‍പ്പിച്ച ദിവസം മുതല്‍ അതിന്റെ അന്തിമദിനംവരെ ഭഗവാന്റെ പഞ്ചാമൃത നിവേദ്യത്തിന് ദിവസം പ്രതി ഇരുനാഴി പാല്‍വീതം കൊടുത്തുപോന്നു. ഇതുവളരെ അസാധാരണ കാര്യമാണ്.
Discussion about this post