കൊച്ചി : ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് 7 വര്‍ഷം തടവ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ ശോഭാ ജോണ്‍, ബെച്ചു റഹ്മാന്‍, കേപ് അനി, അബദുള്‍ സത്താര്‍, മജീദ്, ഷെരീഫ് എന്നിവര്‍ക്കാണ് ഏഴു വര്‍ഷം തടവ് ലഭിച്ചത്. മൂന്നു പ്രതികള്‍ക്ക് നാലു വര്‍ഷവും ശിക്ഷ വിധിച്ചു. പ്രതികള്‍ക്കെല്ലാം 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അബ്ദുല്‍ സഹദ്, അസീസ്, ബിജി പീറ്റര്‍ എന്നിവര്‍ക്കാണ് നാല് വര്‍ഷം തടവ്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിന് ബെച്ചു റഹ്മാന് നാല് വര്‍ഷം അധികതടവ് കൂടി അനുഭവിക്കണം.
കേസിലെ മുഖ്യപ്രതികളായ ശോഭാജോണും ബെച്ചു റെഹ്മാനും അടക്കം മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. തന്ത്രിയെ കുടുക്കിയതിന്റെ ബുദ്ധി കേന്ദ്രം ശോഭാ ജോണും ബെച്ചു റഹ്മാനുമാണെന്ന് കണ്ടെത്തിയ കോടതി തന്ത്രി ഇവരുടെ ഫഌറ്റില്‍ എത്തിയത് അനാശാസ്യത്തിന് അല്ലെന്നും വിലയിരുത്തി.
2006 ജൂലൈ 23നാണു സംഭവം. മോഹനര് ഫഌറ്റിലെത്തിയപ്പോള്‍ കത്തിയും കളിത്തോക്കും മറ്റും കാണിച്ച് ഭീഷണിപ്പെടുത്തി ശരീരത്തിലണിഞ്ഞിരുന്ന 27.5 പവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും 20,000 രൂപയും കവര്‍ന്നെടുത്തു. തുടര്‍ന്ന് ശാന്തയെയും മോഹനരെയും ബലംപ്രയോഗിച്ച് നഗ്‌നരാക്കി ഫോട്ടോയെടുക്കുകയായിരുന്നു. ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണു പ്രോസിക്യൂഷന്‍ കേസ്.
തന്ത്രിയെ മനഃപൂര്‍വ്വം കുടുക്കുന്നതിന് പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതാണെന്നുമുള്ള പ്രോസിക്യുഷന്റെ വാദം കോടതി അംഗീകരിച്ചു. കേസില്‍ 11 പ്രതികളാണുള്ളത്. കൊള്ളമുതല്‍ പങ്കിടുന്നതില്‍ മറ്റു പ്രതികള്‍ക്കും പങ്കുള്ളതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടത്തിയ വിധി പ്രസ്താവത്തില്‍ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങള്‍ കോടതി പ്രത്യേകം എടുത്തു പറഞ്ഞു.
Discussion about this post