തിരുവനന്തപുരം/ കോട്ടയം: സംസ്ഥാനത്തൊട്ടാകെ ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ജില്ലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ലഭിച്ച മഴ ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. മീനച്ചിലാറിനു തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ പുല്ലുപാറയില്‍ മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയില്‍ ഇടുക്കി ഡാമില്‍ ഒരടി വെള്ളം ഉയര്‍ന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പെയ്തെങ്കിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് അടൂര്‍ ഏഴംകുളത്ത് ഒട്ടേറെ വീടുകളില്‍ വെള്ളംകയറി. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം നിര്‍ദ്ദേശം നല്‍കി. കോട്ടയം ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട്ടില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തീക്കോയി-തലനാട് റോഡില്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ 7-30നും 9-30-നുമാണ് ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ല. റബര്‍ തോട്ടത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. കോട്ടയം-കുമളി റൂട്ടില്‍ മുണ്ടക്കയത്തിനു സമീപം ദേശീയ പാത ഇടിഞ്ഞു വീണു. ആറു വര്‍ഷം മുമ്പ് ഈ ഭാഗത്ത് ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു.
കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തിലും ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയത്തിന്റെ മലയോര മേഖല എന്നിവിടങ്ങളിലും ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്.
Discussion about this post