ബാംഗ്ലൂര്‍: കര്‍ണാടകയിലെ അയോഗ്യരാക്കിയ 16 എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടായേക്കും. ചീഫ് ജസ്‌റ്റിസ് ജെ.എസ്. കഹാര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതിയില്‍ നിന്നുള്ള വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും.
വിമത നീക്കം ശക്‌തമായ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്താനുള്ള മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ അവസാന തന്ത്രമായിരുന്നു എംഎല്‍എമാരെ അയോഗ്യരാക്കിയത്. 11 ബിജെപി എംഎല്‍എമാര്‍ക്കും അഞ്ച് കക്ഷിരഹിതര്‍ക്കുമാണു സ്‌പീക്കര്‍ അയോഗ്യത കല്‍പിച്ചത്. സംസ്‌ഥാനത്ത് ഭരണ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ അയോഗ്യരാക്കരുതെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്‌പീക്കര്‍ കെ.ജി.ബൊപ്പയ്യ തള്ളിയിരുന്നു. സ്‌പീക്കറുടെ നടപടിയെ ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചാണ് 16 എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കര്‍ണാടകയില്‍ രണ്ടാമത് നടന്ന വിശ്വാസ വോട്ടെടുപ്പിന്റെ ഫലം കോടതിയില്‍ നിന്നുള്ള അന്തിമ വിധിക്കനുസൃതമായിട്ടായിരിക്കുമെന്നു കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. ചട്ടവിരുദ്ധ നടപടികളിലൂടെ സ്‌പീക്കര്‍ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നാണു ഹര്‍ജികളിലെ പ്രധാന ആരോപണം.
Discussion about this post