തിരുവനന്തപുരം: പൂക്കളമൊരുക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന എല്ലാ ഇനം പൂക്കള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ അമ്പതു ശതമാനത്തോളം വില വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള പൂക്കള്‍ കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കാലംതെറ്റി പെയ്ത മഴയും ഉത്പാദനം കുറഞ്ഞതുമാണ് പ്രതിസന്ധിയായത്.
ജമന്തി, വാടാമല്ലി എന്നിവയുടെ വിലയാണ് കുതിച്ചുകയറിയത്. ഒരു കിലോ വെള്ള ജമന്തി കിട്ടണമെങ്കില്‍ നാനൂറു രൂപ നല്‍കണം. അത് ചുവപ്പാണെങ്കില്‍ 250. മഞ്ഞയെങ്കില്‍ അമ്പതു രൂപയുടെ കുറവുണ്ടാകും. വാടാമല്ലി, അരളി എന്നിവയുടെ വിലയും ഇരുനൂറിനടുത്തുതന്നെ. ബെന്തിക്കു കിലോ നൂറു രൂപയാണ് വില. ഒരു ചുവന്ന റോസാപ്പൂവിന് ഇപ്പോള്‍ 15 രൂപ നല്‍കണം.
ഓഫീസുകളിലും കാമ്പസുകളിലും ഓണക്കാലത്തു സ്ത്രീകള്‍ക്കു ഒഴിച്ചുകൂടാനാവാത്ത മുല്ലപ്പൂവിന്റെ വിലയും പോക്കറ്റ് കാലിയാക്കുന്നതാണ്. മുഴത്തിനു 25 രൂപയിലെത്തിയ മുല്ലപ്പൂ ആഴ്ചയവസാനമെത്തുമ്പോള്‍, അമ്പതിനടുത്താകുമെന്നാണ് വ്യാപാരികള്‍ പറയുന്നു. കിലോയ്ക്കു 700 രൂപ നല്‍കണം പുറത്തുനിന്നു വരുന്ന മുല്ലപ്പൂവിന്.
തമിഴ്നാട്ടിലെ തോവാള, നാഗര്‍കോവില്‍, കോയമ്പത്തൂര്‍, ഗുണ്ടൂര്‍, ദിണ്ടിഗല്‍ എന്നിവയ്ക്കു പുറമേ ബാംഗളൂരില്‍നിന്നുമാണ് കേരളത്തിലേക്കു വന്‍തോതില്‍ പൂക്കളെത്തുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഈ സ്ഥലങ്ങളില്‍ ഉത്പാദനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഒന്നാം ഓണമെത്തുമ്പോഴേക്കും പൂക്കളുടെ വരവ് നിലയ്ക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതേസമയം ആവശ്യക്കാര്‍ ഏറിയ സാഹചര്യത്തില്‍ പൂക്കള്‍ക്കു കച്ചവടക്കാര്‍ അമിതവിലയീടാക്കുന്നതായി പരാതിയുണ്ട്.
Discussion about this post