ന്യൂഡല്‍ഹി: മദ്യനയത്തില്‍ പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. നേരത്തെ ത്രീസ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന നിയമഭേതഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ബാറുകള്‍ക്ക് ദുരപരിധി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനവും കോടതി റദ്ദാക്കിയിരുന്നു. നിബന്ധനകള്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. നേരത്തെ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്നും കോടതിക്ക് തെറ്റുപറ്റിയെന്നുമാണ് അപ്പീലിലെ വാദം. ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നെടുമങ്ങാട് മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ബിനുവാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. തുടര്‍ന്നാണ് വിശദീകരണം നല്‍കാനായി മൂന്നാഴ്ചത്തെ സമയം ഹര്‍ജി പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post