കൊയിലാണ്ടി: സിക്കിം, ഭൂട്ടാന്‍ ലോട്ടറി ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോട്ടറി നിയമം സുതാര്യമാക്കി 2010 ഏപ്രില്‍ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. ഇതനുസരിച്ച് ലോട്ടറി ടിക്കറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള സെക്യൂരിറ്റി പ്രസില്‍ മാത്രമേ അച്ചടിക്കാവൂ. എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വിതരണം ചെയ്ത സിക്കിം ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ ശിവകാശിയിലെ സ്വകാര്യ പ്രസിലാണ് അച്ചടിച്ചത്. ഇത് ചട്ടലംഘനമാണ്. ചട്ടലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്തത്. നറുക്കെടുപ്പ് എവിടെ നടക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. സമ്മാനാര്‍ഹരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാറില്ല. നറുക്കെടുപ്പ് തത്സമയം പ്രക്ഷേപണം ചെയ്യുന്ന ചാനലിന് നറുക്കെടുപ്പ് വിവരം എങ്ങനെ ലഭിച്ചുവെന്നു പറയാന്‍ ബാധ്യതയുണ്ട്.
കണ്ണൂരില്‍ നിര്‍ഭയം വോട്ടുചെയ്യാന്‍ സാഹചര്യമൊരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അര്‍ധസൈനിക വിഭാഗത്തെ അയക്കുന്നത് പരിഗണിക്കും. ലോട്ടറിക്കേസില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനുവേണ്ടി കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി വെറും രാഷ്ട്രീയ ഭാഗ്യാന്വേഷി മാത്രമാണ്. വസന്തകാലത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം ഭാഗ്യാന്വേഷികള്‍ വലിയ തലവേദനയാണ്. ഇത്തരം ആളുകളാണ് പാര്‍ട്ടികളുടെ അപചയത്തിന് കാരണം. സിങ്‌വിയുടെ നടപടി തെറ്റാണ് -മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post