തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ആര്‍എംപി നിലപാടിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. ടി.പി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ വിധവയുടെ ആവശ്യം ന്യായമാണ്. വധത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന രമയുടെ സംശയം എത്രയും പെട്ടെന്ന് ദൂരീകരിക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷമാണ് വി.എസ് വീണ്ടും വിഷയത്തില്‍ പ്രതികരിക്കുന്നത്. ടി.പി. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയിലാണ് ആര്‍എംപിയുടെ സിബിഐ അന്വേഷണം എന്ന ആവശ്യത്തെ പിന്തുണച്ച് വി.എസ് രംഗത്തെത്തിയത്. ടി.പി. വധത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരേ പരസ്യമായി രംഗത്തുവന്ന വി.എസിനെ കേന്ദ്ര നേതൃത്വം പരസ്യമായി ശാസിച്ചിരുന്നു.
വി.എസിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും ഇത് ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ ആക്രമിക്കാന്‍ അവസരം നല്‍കിയെന്നും കണ്ടെത്തിയാണ് കേന്ദ്ര നേതൃത്വം നടപടിയെടുത്തത്. ചന്ദ്രശേഖരന്റെ വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപിയും രമയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിപിഎമ്മിലെ ഉന്നതനേതാക്കള്‍ ആലോചിച്ച് നടപ്പിലാക്കിയതാണ് ടി.പി വധം. കേസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. സര്‍ക്കാരും ഉദ്യോഗസ്ഥരും കേസന്വേഷണത്തില്‍ ആത്മാര്‍ഥ കാട്ടി. എന്നാല്‍ തുടരന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ പട്ടിക തയാറാക്കി സിപിഎം ഭീഷണിപ്പെടുത്തുകയാണ്. അതിനാല്‍ ഉദ്യാഗസ്ഥര്‍ക്ക് ഇനിയുള്ള അന്വേഷണം പ്രയാസമാകും. ഇതിനാലാണ് സിബിഐ അന്വേഷണത്തിന് ആര്‍എംപി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Discussion about this post