തൃശൂര്‍: മലയാളത്തിനു ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 56-ാം വാര്‍ഷികാഘോഷവും വിശിഷ്ടാംഗത്വ സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്നതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ അഭിപ്രായം ആരായാതെയാണു കേന്ദ്ര സാഹിത്യ അക്കാദമി നിയോഗിച്ച സമിതി മലയാളത്തിനു ക്ളാസിക്കല്‍ പദവി നല്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലയാളത്തിനു ശ്രേഷ്ഠ ഭാഷാപദവിക്കായുള്ള ശക്തമായ നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അജ്ഞാതമായ കാരണങ്ങള്‍ നിരത്തിയാണു മലയാളത്തിനു ക്ളാസിക്കല്‍ പദവി കൊടുക്കേന്നു സബ് കമ്മിറ്റി തീരുമാനിച്ചതെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മലയാളത്തിന്റെ പഴക്കമോ ജനനത്തീയതിയോ സംബന്ധിച്ചു സംശയമുണ്ടെങ്കില്‍ സബ് കമ്മിറ്റി കേരള സാഹിത്യ അക്കാദമിയോടു വിശദീകരണം തേടണമായിരുന്നു. എന്നാല്‍, അതു ചെയ്തില്ല. മലയാളത്തിനു ക്ളാസിക്കല്‍ പദവി നേടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
നവംബറില്‍ ആദ്യവാരത്തില്‍ വിശ്വമലയാള മഹോത്സവം സംഘടിപ്പിക്കും. ഉദ്ഘാടകനാകാനുള്ള സര്‍ക്കാരിന്റെ ക്ഷണം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സ്വീകരിച്ചിട്ടുണ്െടന്നും മന്ത്രി പറഞ്ഞു. ടി. പത്മനാഭനും ആനന്ദിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, പ്രഫ.പി.ടി. ചാക്കോ, കെ.ബി. ശ്രീദേവി, ജോസഫ് വൈറ്റില എന്നിവര്‍ക്കുള്ള സമഗ്ര സംഭാവനാ പുരസ്കാരങ്ങള്‍ മന്ത്രി കെ.സി. ജോസഫ് വിതരണം ചെയ്തു.
സാഹിത്യ അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, മേയര്‍ ഐ.പി. പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, ബാലചന്ദ്രന്‍ വടക്കേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പി.കെ. പാറക്കടവും ഡോ. അജയപുരം ജ്യോതിഷ്കുമാറും വിശിഷ്ടാംഗങ്ങളെയും ഡോ.ഡി. ബെഞ്ചമിന്‍ സമഗ്ര സംഭാവനാ പുരസ്കാര ജേതാക്കളെയും പരിചയപ്പെടുത്തി. അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ സ്വാഗതവും ഡോ.ആര്‍. സത്യജിത്ത് നന്ദിയും പറഞ്ഞു.
Discussion about this post