കൂടംകുളം: കൂടംകുളം സമരക്കാര്‍ക്കെതിരേ തൂത്തുക്കുടി ജില്ലയില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി അന്തോണിസ്വാമി(40)യാണു മരിച്ചത്. മണപ്പാട് ഗ്രാമത്തില്‍ റോഡ് ഉപരോധിച്ച സംഘത്തില്‍ ഉണ്ടായിരുന്നയാളാണ് അദ്ദേഹം. സമരക്കാര്‍ തീവയ്പിനു ശ്രമിച്ചതിനെത്തുടര്‍ന്നാണു പോലീസ് വെടിവയ്പുണ്ടായത്. കൂടംകുളത്ത് ഇന്നലെ രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ആണവനിലയത്തില്‍ യുറേനിയം നിറയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആണവോര്‍ജ വിരുദ്ധസമിതി നടത്തുന്ന സമരത്തിനിടെയാണു സംഘര്‍ഷമുണ്ടായത്. സമരസമിതി പ്രവര്‍ത്തകര്‍ ആണവനിലയം വളയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പോലീസ് പലവട്ടം താക്കീതു നല്കിയെങ്കിലും സമരക്കാര്‍ നിലയത്തിലേക്കു കടക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പോലീസിനെ സമരക്കാര്‍ കല്ലും വടിയും ഉപയോഗിച്ചു നേരിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായപ്പോള്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്കു പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍നിന്നും കണ്ണീര്‍വാതകത്തില്‍നിന്നും രക്ഷപ്പെടാന്‍ ഏതാനും പ്രതിഷേധക്കാര്‍ കടലില്‍ച്ചാടി. ദ്രുതകര്‍മ സേന(സ്വിഫ്റ്റ് ആക്ഷന്‍ ഫോഴ്സ്) അടക്കം നാലായിരത്തിലധികം പോലീസുകാരെയാണു പ്രദേശത്തു വിന്യസിച്ചിരുന്നത്. പ്ളാന്റിലേക്കുളള സമരക്കാരുടെ മാര്‍ച്ച് കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൂടംകുളം ആണവനിലയത്തിനെതിരേ പ്രദേശവാസികള്‍ വര്‍ഷങ്ങളായി സമരത്തിലാണ്. അടുത്തമാസം നിലയം കമ്മീഷന്‍ ചെയ്യാനിരിക്കെയാണു വെടിവയ്പുണ്ടായതും ഒരാള്‍ കൊല്ലപ്പെട്ടതും. ആണവനിലയത്തിനെതിരായ മുഴുവന്‍ ഹര്‍ജികളും മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണു പ്ളാന്റില്‍ ഇന്ധനം നിറയ്ക്കാന്‍ നടപടി ആരംഭിച്ചത്. ആണവനിലയത്തിന് ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചു സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ ആണവനിലയത്തിന് 500 മീറ്റര്‍ അകലെ കടല്‍ത്തീരത്തു തമ്പടിച്ചിരുന്നു.
അതിനിടെ, കൂടംകുളം സമരത്തിനു പിന്നില്‍ വിദേശ സന്നദ്ധ സംഘടനകളാണെന്നു കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തെക്കുറിച്ചു തങ്ങള്‍ ബോധവാന്മാരാണെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. കൂടംകുളം സമരത്തിനു പിന്നില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളാണെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഫെബ്രുവരിയില്‍ കുറ്റപ്പെടുത്തിയിരുന്നു. കൂടംകുളം സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരേ നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ആണവനിലയം എത്രയും പെട്ടെന്നു കമ്മീഷന്‍ ചെയ്യാന്‍ സമരസമിതിയുടെ സഹകരണം അഭ്യര്‍ഥിച്ചു. പോലീസ് നടപടിയെക്കുറിച്ചു വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണു ജയലളിത ഈ അഭ്യര്‍ഥന നടത്തിയത്. മരണമടഞ്ഞ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തില്‍നിന്നു പിന്‍മാറാന്‍ ജനങ്ങളോടു ജയലളിത അഭ്യര്‍ഥിച്ചു. ആണവനിലയം എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയുമാണു പ്രവര്‍ത്തിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ നിലയം ഒരിക്കലും ബാധിക്കില്ല. ആണവനിലയത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ കെണിയില്‍ മത്സ്യത്തൊഴിലാളികള്‍ വീഴരുതെന്നും ജയലളിത മുന്നറിയിപ്പു നല്‍കി.
Discussion about this post