സ്വാമി അക്ഷരാനന്ദ്
സര്‍വദുഃഖനിവൃത്തിയും നിത്യനിരതിശയ ആനന്ദാനുഭൂതിയും ആണ് മനുഷ്യരുടെ പരമ ലക്ഷ്യം, അതായത് ഈശ്വരപ്രാപ്തി,- സ്വസ്വരൂപപരിജ്ഞാനം, – ബ്രാഹ്മീ സ്ഥിതി തന്നെ. ഇത് എല്ലാവര്‍ക്കും സുലഭമാകുന്നതിനുള്ള ഒരു മാര്‍ഗ്ഗം ഭഗവാന്‍ ഗീതയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
”അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ (8 14)
തസ്യാഹം സുലഭഃ പാര്‍ത്ഥ
നിത്യയുക്തസ്യ യോഗിനഃ’ എന്നാണത്.
മറ്റൊന്നും ചിന്തിക്കാതെ എന്നും ഇടവിടാതെ ഭഗവാനേത്തന്നെ സ്മരിച്ചുകൊണ്ടിരുന്നാല്‍ ഭഗവാന്‍ ആത്മാ- ബ്രഹ്മം ഏവര്‍ക്കും സുലഭമാകും എന്ന് സാരം.
കര്‍മ്മം, ഭക്തി, ജ്ഞാനം എന്നീവിധ സാധനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍പെടാത്ത സാധകരില്ല. ഈ മൂന്നുവിധക്കാര്‍ക്കും അനന്യചേതസ്മരണ എങ്ങനെ ലക്ഷ്യപ്രാപ്തിക്കു പര്യാപത്മാകുമെന്നുള്ളതിനെ വ്യക്തമാക്കാം.
1) ഒന്നും ചെയ്യാതെ ആര്‍ക്കും ഒരു നിമിഷംപോലും ജീവിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് പ്രവൃത്തിച്ചേ കഴിയൂ. പ്രവൃത്തിക്കണം. സ്വധര്‍മ്മകര്‍മ്മങ്ങല്‍ മാത്രം അനുഷ്ഠിക്കണം. പരധര്‍മ്മം സ്വീകരിക്കരുത്.
പലരും പലതും ചെയ്യുന്നത് കാമനയോടും ഫലാസക്തിയോടും കൂടിയാണ്. അതുകൊണ്ടുതന്നെ കാമനാപൂര്‍ത്തിവരുന്നില്ല. ദുഃഖങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ക്ലേശിക്കുന്ന കര്‍മ്മികളോട്, നിമിത്തമാത്രം ഭവ’ എന്നാണ് ഗീതയില്‍ ഭഗവാന്‍ ഉപദേശിച്ചിരിക്കുന്നത്. അതായത് വേലക്കാരന്റെ ആയുധം പോലെ, ഭഗവാന്റെ ഉപകരണമാത്രമായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക എന്നാകുന്നു.
ഇപ്രകാരം കര്‍മ്മാനുഷ്ഠാനത്തിനു സന്നദ്ധനായാല്‍ അവന് ദുഷ്തകര്‍മ്മത്തിനിടവരുകയില്ല. ലോകസേവനമായി- ഈശ്വരപൂജയായി കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കാം. അപ്പോള്‍ സദാ ഭഗവല്‍ സ്മരണയും നിലനില്‍ക്കും. അഹംകര്‍ത്ത്യത്വ ഭോക്തൃത്വാഭിമാനങ്ങള്‍ നഷ്ടപ്പെടും. അപ്പോള്‍ മനസ്സ് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഗമിക്കുന്ന ഉപ്പുകട്ടപോലെ ഭഗവാനില്‍ (ആത്മാവില്‍) തന്മയമാകും. പരമലക്ഷ്യത്തില്‍ എത്തും, പിന്നീടും മുമ്പ് ചെയ്തിരുന്നതുപോലെ ശരീരേന്ദ്രിയങ്ങളെക്കൊണ്ടും വ്യാപാരിക്കുകയും ചെയ്യാം. ബന്ധത്തിനിടവരുകയില്ല, അതിനാല്‍ പുനര്‍ജന്മവും ഇല്ലാതാകും. ഇപ്രകാരം അനന്യചേതസ്മരണകര്‍മ്മയോഗിക്ക് ലക്ഷ്യപ്രാപ്തിയ്ക്ക് പര്യാപ്തമാകുന്നു. (ജനകന്‍, യയാതി അര്‍ക്കസ്, അറീലിയസ്സാദി ഉദാഹരണം)
2) ചിലര്‍ ഭോഗാസക്തരാണ്, അവര്‍ക്ക് ഇഹപരലോകഭോഗങ്ങളില്‍ വളരെ താല്പര്യം ഉണ്ടായിരിക്കും. അതുകൊണ്ട് രാഗദ്വേഷാദികളും അവരില്‍ കൂടുതലായിരിക്കും. അതിനാല്‍ ലോകത്തെ ശത്രുമിത്രഭാവേന ഗണിച്ച് തദനുസരണം ലോകരോടു പെരുമാറിക്കൊണ്ടിരിക്കും. ഇങ്ങനെയുള്ളവരുടെ മനസ്സിന് ഒരിക്കലും സ്വസ്തയ്ക്കവകാശമില്ല. സദാ അസ്വസ്ഥമായിരിക്കും, ഈവിധം സൈ്വര്യമില്ലാതെ വിഷമിക്കുന്നവരോട് ഭഗവാന്‍, തന്റെ വിഭൂതിവിസ്തരിച്ച് കാണിച്ച് എല്ലാം ഭഗവല്‍സ്വരൂപമെന്നും എല്ലാത്തിലും സ്ഥിതി ചെയ്യുന്നതും എല്ലാത്തിനുമാധാരമായിരിക്കുന്നതും ഭഗവാന്‍ തന്നെ എന്ന് ഉപദേശിക്കുന്നു. ഈ കാര്യം ഗ്രഹിക്കുന്നതോടുകൂടി അവര്‍ അനന്യചേതസ്സായി ഭഗവാനെ സ്മരിക്കുവാന്‍ ശ്രമിക്കുന്നു.
ക്രമേണ അഭ്യാസത്താല്‍ ആ സ്മരണ ദൃഢമായിത്തീരും. അതോടുകൂടി ശുദ്ധമായ മനസ്സിലെ സ്മരണയും മനസ്സും കര്‍പ്പൂരാഗ്നികള്‍പോലെ ഭഗവാനില്‍ വിലയിക്കുന്നു. പിന്നീട് അവര്‍ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും ചെയ്യുന്നതുമെല്ലാം ഭഗവന്മയമായിട്ടാണ്. ഈവിധം അനന്യചേതസ്മരണ ഭക്തജനങ്ങള്‍ക്കും ലക്ഷ്യപ്രാപ്തമിയ്ക്കുതകുന്നു. (ഗോപികമാര്‍, നാരദന്‍, പ്രഹ്‌ളാദാദി ഉദാഹരണം)
3) അനാദികാലമായി ജീവന്‍ സ്വസ്വരൂപവിസ്മൃതിയില്‍പ്പെട്ട്, ഉപാധികളെ താനായും തന്റേതായും അഭിമാനിച്ച് ജനനമരണങ്ങളില്‍പ്പെട്ട് ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ജീവന് സ്വരൂപസ്മരണയാണാവശ്യം. അതുകൊണ്ട് ഭഗവാന്‍ ‘വാസുദേവഃ സര്‍വം’ എന്നവരോടുപദേശിച്ചു. ഈ ഉപദേശത്തെ അനന്യചേതസ്സായി ജീവാഭിമാനികള്‍ സ്മരിച്ചു. അപ്പോള്‍ സമുദ്രത്തില്‍ വീണ ഒരു തുള്ളിവെള്ളംപോലെ ജീവാത്മാ പരമാത്മാവായി. ബ്രാഹ്മീസ്ഥിതി ആയി. ഇപ്രകാരം ജ്ഞാനയോഗികള്‍ക്കും അനന്യചേതസ്മരണ ലക്ഷ്യപ്രാപ്തിക്കു സഹായിക്കുന്നു.
(സനകശുകാദികള്‍ ഉദാഹരണം) അനന്യചേതാഃ എന്നവാക്ക് ഗീതയില്‍ അഞ്ചുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മറ്റൊരു വാക്കും ഗീതയില്‍ ഇത്ര ആവര്‍ത്തിച്ചിട്ടില്ലാ എന്നുള്ളതും സ്മരണീയമാണ്. സാധനയുടെ ആരംഭത്തില്‍ അല്പവ്യത്യാസം ഉണ്ടായിരുന്നാലും എല്ലാവരും ഒരേ പരമലക്ഷ്യത്തിലേക്ക് ഒരേ മാര്‍ഗ്ഗത്തില്‍തന്നെ ഐക്യതയോടെ പുരോഗമിക്കുവാനാണ് ഗീത പഠിപ്പിക്കുന്നതെന്നും മതമാര്‍ഗ്ഗഭിന്നതകള്‍ക്കോ അനൈക്യത്തിനോ അവകാശമില്ലെന്നും ബുദ്ധിയുള്ളവര്‍ക്ക് വ്യക്തമായി ഗ്രഹിക്കാം. ഉപായം ഉപേയവുമല്ല.
‘നാസതോ വിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ’
എന്നാണ് ഗീതയുടെ മുദ്രാവാക്യമെന്നുള്ളതും സ്മരിക്കുന്നത് നന്നായിരിക്കും.
Discussion about this post