തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനായി പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി. 1.23 കോടിയോളം വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 698 തദ്ദേശസ്ഥാപനങ്ങളിലേക്കായി 12,374 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ് 23.25 ലക്ഷം. കുറവ് ഇടുക്കിയിലും 8.24 ലക്ഷം. മറ്റ് ജില്ലകളിലെ വോട്ടര്‍മാരുടെ എണ്ണം ലക്ഷത്തില്‍: ആലപ്പുഴ 15.34, കോട്ടയം 14.49, എറണാകുളം 22.58, തൃശ്ശൂര്‍ 19.77, പാലക്കാട് 19.52. ഏഴ് ജില്ലകളിലായി 20843 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ബൂത്തുകളുടെ എണ്ണം ജില്ല തിരിച്ച്: ആലപ്പുഴ 2575, കോട്ടയം 2413, ഇടുക്കി 1520, എറണാകുളം 3521, തൃശ്ശൂര്‍ 3460, പാലക്കാട് 3274, മലപ്പുറം 4080. ഇതില്‍ 896 എണ്ണം പ്രശ്‌നസാധ്യതയുള്ളവയാണ്. ഈ ബൂത്തുകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തും.
41015 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാര്‍ഥികളുടെ എണ്ണം ജില്ല തിരിച്ച്: ആലപ്പുഴ 5146, കോട്ടയം 5034, ഇടുക്കി 3016, എറണാകുളം 6717, തൃശ്ശൂര്‍ 6970, പാലക്കാട് 6054, മലപ്പുറം 8078.
Discussion about this post