ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
കാണുന്നുവനും കാണപ്പെടുന്നവസ്തുവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തില്‍ നിന്നാണ് ലോകത്തുണ്ടാകുന്ന സമസ്തസുഖദു:ഖങ്ങളും ഉടലെടുക്കുന്നത്. ഉപേക്ഷിക്കണമെന്നും സ്വീകരിക്കണമെന്നുമുള്ള തോന്നലുകള്‍ ജീവനില്‍ ബന്ധപ്പെടുന്നത് മേല്പറഞ്ഞ അഭേദ്യബന്ധംകൊണ്ടാകുന്നു. സ്വീകരിക്കുന്നതിനുള്ള സന്തോഷം സാധാരണജനങ്ങള്‍ക്ക് ഉപേക്ഷിക്കുന്ന കാര്യത്തില്‍ (ത്യാഗത്തില്‍) ഉണ്ടാകാറില്ല.
ഞാനുണ്ടെന്നുള്ള ബോധം,ഞാനെന്ന സങ്കല്പത്തോടു ബന്ധപ്പെടുന്ന മറ്റു വസ്തുക്കള്‍ എന്റേതാണെന്നുള്ള ബോധം ഉളവാക്കുന്നു. ഞാനെന്നുള്ള സങ്കല്പത്തോടു ചേര്‍ന്നുനില്ക്കുന്ന വസ്തുക്കളാണല്ലോ എന്റെയാകുന്നത്. വസ്തുക്കളെ ഒഴിവാക്കി ‘ഞാന്‍ മാറിനിന്ന് ചിന്തിക്കുമ്പോള്‍ ബന്ധമൊന്നുമില്ലാതെ സ്വതന്ത്രമായി നില്‍ക്കുന്ന ഒരു ‘ഞാന്‍’ നമ്മുടെ ചിന്തയില്‍ത്തന്നെ പ്രത്യക്ഷമാകും. ആ ‘ഞാന്‍’ എന്റെ എന്നുള്ള എന്തെങ്കിലും സ്വീകരിക്കുമ്പോള്‍ പാരതന്ത്ര്യവും അതില്‍ നിന്നുള്ള മിശ്രവികാരങ്ങളും സംഭവിച്ചുകൊണ്ടിരിക്കും. ലോകത്തിന്റെ സമസ്തരൂപഭേദങ്ങളും അതിലൂടെ ഞാന്‍ എന്ന വ്യക്തി അനുഭവിച്ചുകൊണ്ടേയിരിക്കും.
ഇഷ്ടമില്ലാത്തത് ത്യജിക്കാനും ഇഷ്ടമുള്ളത് സ്വീകരിക്കാനുമെന്നിങ്ങനെ ആഗ്രഹം രണ്ടായിപിരിയുന്നു. ഇഷ്ടമില്ലാത്തതിനെ ഉപേക്ഷിച്ചതുകൊണ്ടുള്ള സുഖവും ഉപേക്ഷിച്ചതുകൊണ്ടുള്ള സ്വാതന്ത്യവും ഒന്നാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. ഇങ്ങനെ ഉപേക്ഷിക്കുക അല്ലെങ്കില്‍ ത്യജിക്കുക എന്നുപറയുന്ന ത്യാഗം അല്പം വ്യത്യസ്താനുഭവങ്ങളോടെ വേണം മനസ്സിലാക്കാന്‍. ഇഷ്ടമില്ലാത്തതുകൊണ്ട് ഉപേക്ഷിക്കുന്നത് ത്യാഗമല്ല. ഇഷ്ടമുള്ളത് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ത്യജിക്കുന്നതാണ് ത്യാഗം.
തനിക്ക് ദു:ഖമുണ്ടാക്കിയത് മറ്റൊരുത്തന് കൊടുത്താല്‍ അവന് സുഖമുണ്ടാകുമെന്ന് ആരും കരുതാറില്ല. തന്റെ ഉപദ്രവം ഒഴിഞ്ഞെന്നേ കരുതാറുള്ളു. ആ ഉപദ്രവം മറ്റൊരുത്തന് ദു:ഖമായിത്തീരുമല്ലോ എന്ന ചിന്ത ഇല്ലാത്തിടത്തോളം ഉപേക്ഷിക്കല്‍ എന്ന കൃത്യത്തില്‍ ത്യാഗമില്ല. ഒരു കര്‍ഷകന്‍ വാങ്ങിയ പശുവോ കാളയോ എന്തെങ്കിലും അസുഖമുള്ളതാണെങ്കില്‍ എളുപ്പത്തില്‍ കാണുന്ന പരിഹാരം കിട്ടുന്ന കാശിന് വിറ്റുകളയുക എന്നതാണ്. താനനുഭവിച്ച ദു:ഖം മറ്റൊരുവന് ഉണ്ടാകുമല്ലോ എന്ന ചിന്ത വില്ക്കാന്‍ നിശ്ചയിച്ച കര്‍ഷകനുണ്ടാകുന്നില്ല. അസുഖമുണ്ടെന്ന് പറയാതെ ദാനം ചെയ്യുന്നുവെന്ന മട്ടില്‍ മറ്റൊരുത്തന് വെറുതേ കൊടുക്കുന്നതും ത്യാഗമല്ല. പശുവിനെ ബാധിച്ച അസുഖത്തെ ഒളിച്ചുവച്ച് ത്യാഗത്തിന്റെ മറക്കുട പിടിക്കുന്ന വഞ്ചന അവിടെയും സംഭവിക്കുന്നു. വസ്തുവിനെ ഉപേക്ഷിക്കുക എന്ന കൃത്യം കൊണ്ടുമാത്രം ദാനമാകുന്നില്ലെന്നു കാണിക്കുവാനാണ് ഈ ഉദാഹരണം എടുത്തുകാട്ടിയത്.
കൊടുക്കുന്നതില്‍ തനിക്ക് ഒരു പ്രത്യേകലാഭം കിട്ടുമെന്നോ പ്രയോജനമുണ്ടാകുമെന്നോ കരുതി കൊടുക്കുന്നതും ത്യാഗമാകുന്നില്ല. തന്റെ നന്മയ്ക്കും സുഖത്തിനും കാരണമായ ഉപാധികള്‍ ഏതായാലും തനിക്ക് സുഖംനല്‍കിയപോലെ അന്യനും സുഖം നല്‍കട്ടെ എന്ന ചിന്തയോടെ കൊടുക്കുന്നതു മാതമേ ദാനമോ ത്യാഗമോ ആകുന്നുള്ളു. ഇവിടെയാണ് ത്യാഗത്തിന്റെ സൂക്ഷ്മതലം സുഖമായി അഥവാ സ്വാതന്ത്യമായി പരിണമിക്കുന്നത്.
വികാരസമ്മിശ്രമായ കര്‍മങ്ങളുടെ ശീഘ്രഗതിയില്‍ ത്യാഗത്തിന്റെ ഈ സൂക്ഷ്മത വ്യവഹാരലോകത്ത് സംഭവിക്കാറില്ല. ഭൂരിഭാഗം ആളുകളും ഇത്തരത്തില്‍ ത്യാഗത്തിന്റെ സൂക്ഷ്മതയറിയാതെ അസ്വാതന്ത്ര്യവും അസുഖവും പിടിച്ചുപറ്റുകയാണ് ചെയ്യുന്നത്. തന്മൂലം അവനവനില്‍ രൂഢമൂലമായിരിക്കുന്ന സുഖാന്വേഷണം പൂര്‍ത്തിയാകാതെ പരാപേക്ഷയുള്ളതായിത്തന്നെ അവശേഷിക്കുന്നു. വരാനിരിക്കുന്ന ദു:ഖത്തിനുകാരണവും ഇതുതന്നെയാണ്. നിര്‍ബന്ധം കൊണ്ടും സമ്മര്‍ദ്ദംകൊണ്ടും പശ്ചാത്തലത്തിന്റെ പ്രേരണകൊണ്ടും ചെയ്യേണ്ടിവരുന്ന കര്‍മത്തിന് അസ്വാതന്ത്യമുണ്ട്. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ അത് ചെയ്യുന്നവന്റെ ഇംഗിതത്തിന് വിപരീതമാണെന്ന ചിന്ത അവനില്‍ എപ്പോഴുമുണ്ടാക്കിക്കൊണ്ടിരിക്കും. അങ്ങനെയുണ്ടാകുന്ന ചിന്തകള്‍ ജീവന്റെ സുഖാന്വേഷണസ്വഭാവത്തിലെ സ്വാതന്ത്രത്തെ നല്‍കുന്നില്ല. പകരം പ്രേരണകൊണ്ടുള്ള പരാധീനതയെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഈ ദോഷം പരിഹരിക്കുന്നതിനാണ് ഗുരുക്കന്മാര്‍ ശ്രവണത്തില്‍ തുടങ്ങി മനനത്തിലേക്കും മനനത്തില്‍നിന്നും നിദിധ്യാസനത്തിലേക്കുമുള്ള സാധനാസമ്പ്രദായം നിര്‍ദേശിച്ചരിക്കുന്നത്.
ഗുരുവാക്യം ആദ്യ ശ്രവണത്തില്‍ തന്നെ ഉറപ്പിക്കുവാനും സ്വയം ഉത്തേജിപ്പിക്കപ്പെടുവാനും ഇടയായില്ലെങ്കില്‍ ആവര്‍ത്തനംകൊണ്ടുള്ള വിരസതയും വിദ്വേഷവും സേവനത്തിലുള്ള ഫലം നഷ്ടമാക്കുന്നു. പ്രേരണകൊണ്ട് കാര്യങ്ങള്‍ ചെയ്യുമ്പോഴുള്ള ദോഷം ഒഴിവാക്കാനാണ് ത്യാഗം മനനത്തിലൂടെ സ്വതന്ത്രമാകണമെന്നു പറഞ്ഞത്. സാധാരണജീവിതത്തില്‍ നാം ചെയ്യാറുള്ള കൃത്യങ്ങളില്‍ ഭൂരിഭാഗവും പശ്ചാത്തലപ്രേരണയോ പരപ്രേരണയോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ ഉള്‍ക്കൊള്ളുന്നതായിരിക്കും. ഈ സ്വഭാവം ആവര്‍ത്തിക്കുന്നിടത്തോളം പുനര്‍ജന്മംകൊണ്ടുള്ള അസ്വാതന്ത്ര്യവും അനുഭവിക്കേണ്ടിവരും. ഗുരുവാക്യത്തിലുള്ളശ്രദ്ധ, സാധകനും സാധാരണക്കാരനും പാലിക്കേണ്ടതാണ്. വരാനിരിക്കുന്ന ദു:ഖങ്ങളുടെ നിവാരണമാണതു മൂലമുണ്ടാകുന്നത്.
ആവര്‍ത്തനദോഷം സാധകനോ സാധാരണക്കാരനോ തോന്നിയ വിദ്വേഷത്തിന്റെ വര്‍ദ്ധനവായനുഭവപ്പെടാനിടയാകരുത്. പതഞ്ജലിമഹര്‍ഷി തന്റെ യോഗദര്‍ശനത്തില്‍ വ്യക്തമാക്കിയിരിക്കുന്ന അതീവശ്രദ്ധേയമായ ഒരു സൂത്രമുണ്ട്. ”ഹേയം ദു:ഖമനാഗതം-” ‘വന്നിട്ടില്ലാത്ത ദു:ഖം നിവാരണം ചെയ്യത്തക്കതാണ്.’ ഗുരുസങ്കല്പത്തിന്റെ ലക്ഷ്യം തന്നെ ദു:ഖനിവാരണമാണ്.
Discussion about this post