കോതമംഗലം: നായരീഴവ ഐക്യത്തെ തകര്‍ക്കാനുള്ള ചില മത -രാഷ്ട്രീയകക്ഷികളുടെ നീക്കത്തെ ശക്തമായ എതിര്‍ക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു. ഭൂരിപക്ഷ വിഭാഗത്തിലെ മറ്റ് സമുദായങ്ങളെ കൂട്ടി വിശാലഭൂരിപക്ഷത്തിന് രൂപം നല്‍കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മത-രാഷ്ട്രീയ ചായ്‌വില്ലാത്ത ഭൂരിപക്ഷ ഐക്യമായിരിക്കും ഇത്. വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ തികച്ചും പരാജയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്‍.എസ്.എസ് കോതമംഗലം താലൂക്ക് യൂണിയന്‍ രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.
ബി.എഡ് കോളേജ് പ്രവേശനത്തിലെ വികലനയം വിദ്യാഭ്യാസ വകുപ്പ് തിരുത്തിയില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാവുമെന്നും സുകുമാരന്‍ നായര്‍ സൂചിപ്പിച്ചു. സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ലാബ്-ലൈബ്രറി ഫീസിനത്തില്‍ കുട്ടികള്‍ നല്‍കുന്ന തുക സര്‍ക്കാര്‍ ഫണ്ടിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായും തൊഴില്‍പരമായും നായര്‍സമുദായം ഉയരണം. സാമൂഹികനീതിക്കായി എന്‍.എസ്.എസ് ഉയര്‍ത്തുന്നത് മതേതരത്വത്തിലും ജനാധിപത്യത്തിലും ഊന്നിനിന്നുകൊണ്ടാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഭൂരിപക്ഷത്തെ പാടേ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തിന് അര്‍ഹമായത് നല്‍കുന്നതിനൊപ്പം ഭൂരിക്ഷത്തിന് ന്യായമായത് നേടിയെടുക്കാന്‍ ഐക്യം ആവശ്യമായിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post