ബ്രഹ്മചാരി സന്തോഷ്‌കുമാര്‍
പുനപ്രതിഷ്ഠ
1977 മാര്‍ച്ച് 3-ാം തീയതി പാലുകാച്ചിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് സ്വാമിജി ശ്രീരാമ സീതാ അഞ്ജനേയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു. 1979 ഡിസംബര്‍ 11-ാം തീയതി ശ്രീ മുഹമ്മദ് കോയയുടെ സര്‍ക്കാര്‍ സ്വാമിതൃപ്പാദങ്ങളുടെയും കൊട്ടിയൂരിലെ ഭക്തജനങ്ങളുടെയും പേരിലുണ്ടായിരുന്ന എല്ലാ കേസ്സുകളും പിന്‍വലിച്ചു.
ഒരു കൊല്ലം കഴിഞ്ഞ് 1980 ഡിസംബര്‍ 5-ാം തീയതി വിഗ്രഹങ്ങള്‍ വീണ്ടും തല്ലിത്തകര്‍ത്തു. അടുത്തകാലത്ത് ദേവസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന എഴുപത് ഏക്കര്‍ഭൂമി കൊട്ടിയൂര്‍ ദേവസ്വത്തിനനുകൂലമായ കോടതിവിധിയായി. ഹിന്ദുക്കള്‍ക്ക് ദേവസ്ഥാനങ്ങള്‍ ലഭിച്ചതില്‍ നമുക്ക് അഭിമാനിക്കാം. അവിടെ ജഗദ്ഗുരു വിഭാവന ചെയ്തിരുന്ന രീതിയില്‍ തന്നെ മഹാക്ഷേത്രങ്ങള്‍ ഉണ്ടാകുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
പാലുകാച്ചിയിലെ സംഭവത്തിലൂടെ ജഗദ്ഗുരു കേളത്തില്‍ തകര്‍ക്കപ്പെട്ട എല്ലാം ക്ഷേത്രങ്ങളും പുനര്‍നിര്‍മ്മാണം നടത്തുവാനും ഉള്ള പ്രേരണയും പ്രചോദനവും നേതൃത്വവും ഹൈന്ദവര്‍ക്ക് നല്കുകയായിരുന്നു. കേരളത്തിലിന്ന് ക്ഷേത്രകാര്യങ്ങളില്‍ പ്രായഭേദമന്യേ ഹൈന്ദവര്‍ക്ക് ശ്രദ്ധയും വിശ്വാസവും വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അവഗണിക്കപ്പെട്ടും ജീര്‍ണ്ണാവസ്ഥയിലും ഉള്ള ക്ഷേത്രങ്ങള്‍ വിരളം. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്നു പ്രഖ്യാപിച്ചിരുന്ന പ്രത്യയശാസ്ത്രത്തിന്റെ അനുയായികളായ ഹൈന്ദവര്‍ ഇന്ന് ക്ഷേത്രഭരണകാര്യങ്ങളിലും ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങളിലും സജീവം. ക്ഷേത്ര സംസ്‌കാരത്തിനുയോജിക്കാത്ത പരിപാടികള്‍ ഉത്സവത്തിന്റെ പേരില്‍ അരങ്ങേറിയിരുന്നതും ഇന്ന് കുറഞ്ഞുവരുന്നുണ്ട്.
അവതാര പുരുഷന്മാരുടെ കര്‍മരഹസ്യം സമൂഹത്തില്‍ സമഗ്രപരിവര്‍ത്തനം സൃഷ്ടിക്കുമെന്നുള്ളതിന് അധികം ഉദാഹരണങ്ങള്‍ ആവശ്യമില്ല. ജഗദ്ഗുരുവിന് പ്രണാമം.
നിലയ്ക്കല്‍ പ്രക്ഷോഭം
ഹൈന്ദവസമൂഹത്തെയാകമാനം തട്ടിയുണര്‍ത്തുവാനും അവര്‍ക്ക് ആവേശം പകരുവാനും എക്കാലവും അവതാരപുരുഷന്മാര്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ശ്രീവിദ്യാധിരാജാ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും ആദ്ധ്യാത്മിക സാമൂഹിക പരിവര്‍ത്തനങ്ങളുടെ ശംഖധ്വനി മുഴക്കിയ അവതാരപുരുഷന്മാരാണ്. അവര്‍ക്കുശേഷം ഹൈന്ദവജനതക്കാകമാനം ഊര്‍ജ്ജവും, ഉന്മേഷവും, ആശയവും, ആവേശവും, അറിവും, ആത്മവിശ്വാസവും പകരുവാന്‍ സ്വന്തം ജീവനും ശരീരവും യജ്ഞോപാധിയാക്കി മാറ്റിയ മഹാമനീഷിയാണ് ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി.
നിലയ്ക്കല്‍ പ്രശ്‌നപരിഹാരത്തിന് ആരാണ് ഹൈന്ദവര്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായമുണ്ടായിരുന്നില്ല. അതിനുള്ള നേതൃത്വഗുണവും തന്റേടവും എല്ലാം ഹിന്ദുക്കളും കണ്ടത് ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളില്‍ തന്നെ. കേരളത്തിലെ ഹൈന്ദവസംഘടനകള്‍ യോഗം ചേര്‍ന്ന് നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജഗദ്ഗുരുവിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഹൈന്ദവജനതയ്ക്ക് പുതിയ ആദ്ധ്യാത്മികനേതൃത്വവും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു. അദ്ദേഹത്തിന്റെ വാഗ്‌ധോരണി കേരളമാകെ അലയടിച്ചു. അസംഘടിതമായി തമ്മിലടിച്ച് അകന്നു നിന്നിരുന്ന സമൂഹങ്ങളെയും സംഘടനകളെയും സ്വാമിജി തന്റെ വാക്കുകള്‍കൊണ്ട് കോര്‍ത്തെടുത്ത് സുന്ദരമായ മാല്യമാക്കി മാറ്റി.
ഹൈന്ദവന്റെ മനോമണ്ഡലങ്ങളില്‍ അടിഞ്ഞു കൂടിക്കിടന്ന സ്പര്‍ദ്ധയുടെയും ജനവിദ്വേഷത്തിന്റെയും കാര്‍മേഘപടലങ്ങള്‍ സത്യാനന്ദകൊടുങ്കാറ്റില്‍ അപ്രത്യക്ഷമായി. ഹൈന്ദവരുടെ അപ്രതിഹത ശക്തിയില്‍ ക്രൈസ്തവ അപ്പോസ്തലന്മാരുടെ പദ്ധതികള്‍ പാളി ധൈര്യം ചോര്‍ന്നു. ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതിയും കുമ്മനം രാജശേഖരനും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. എങ്ങും ചര്‍ച്ച നിലയ്ക്കല്‍ പ്രശ്‌നം തന്നെ. രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമോ? കേരളം രക്തപ്പുഴയാകുമോ? കുരിശും പള്ളിയും മാറ്റുവാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകുമോ? സര്‍ക്കാരിന് എങ്ങനെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും? പ്രശ്‌നം ഭാരതത്തിലുടനീളം ഭവിഷ്യത്തുവിന്റെ നേതൃത്വത്തില്‍ ആകാശം മുട്ടെ ഉയര്‍ന്നു. അവരുടെ ധര്‍മ്മബോധം ഉണര്‍ന്നു. രാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നു. ക്രൈസ്തവരുടെ കെട്ടിച്ചമച്ച വിശ്വാസപ്രമാണങ്ങള്‍ നയമാക്കിമാറ്റിയ ഇടതുവലതു ശക്തികള്‍ ആടിയുലഞ്ഞു. നിലയ്ക്കലില്‍ പള്ളി പണിയുവാന്‍ കത്തോലിക്കാസഭ ദശാബ്ദങ്ങളായി നടത്തിയ കുതന്ത്രപരമ്പരയ്ക്കും കുല്‍സിതശ്രമങ്ങള്‍ക്കും എന്നെന്നേക്കുമായി വിരാമം വന്നു. അവസാനം ക്ഷേത്രസമീപത്തുനിന്ന് പള്ളിയും കുരിശും മാറ്റേണ്ടിവന്നു. ഹൈന്ദവര്‍ ഒന്നിച്ചാല്‍ ഏതു വെല്ലുവിളിയും നേരിടാനുള്ള കര്‍മ്മശേഷി അവര്‍ക്കുണ്ടെന്ന് ജഗദ്ഗുരു അവരെ പഠിപ്പിച്ചു.
ധര്‍മ്മസമരം
നിലയ്ക്കല്‍ പ്രശ്‌നത്തില്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായുള്ള കേരളസര്‍ക്കാര്‍ ഹൈന്ദവവികാരങ്ങളെ തെല്ലും മാനിക്കാതെയും സന്യാസിമാര്‍ക്ക് പുല്ലുവില കല്‍പ്പിക്കാതെയും രാജധര്‍മ്മവും രാജ്യതന്ത്രജ്ഞതയും മറന്ന് ന്യൂനപക്ഷവിഭാഗമായ ക്രിസ്ത്യാനികള്‍ക്ക് ഓശാന പാടിയത് പ്രശ്‌നം സങ്കീര്‍ണമാക്കി. നിലയ്ക്കലില്‍ പള്ളിപണിയുവാന്‍ 2 ഹെക്ടര്‍ ഭൂമി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഹൈന്ദവവികാരങ്ങളെ തൃണവല്‍ഗണിക്കുവാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇത് നിലയ്ക്കല്‍ പ്രശ്‌നം ആളിക്കത്തുവാന്‍ കാരണമായി. കേരളത്തിലെ എല്ലാ ഹൈന്ദവസംഘടനാപ്രതിനിധികളും പ്രമുഖരായ സന്യാസിവര്യന്മാരും സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നേതൃത്വത്തില്‍ അണിനിരന്ന് ഒരുമിച്ച് ശബ്ദിച്ചിട്ടും മുഖ്യമന്ത്രി അത് അംഗീകരിച്ചില്ല എന്നു മാത്രമല്ല സന്യാസിമാരെ അവഹേളിച്ചുകൊണ്ട് പ്രസ്താവിച്ചത് ഭാരതത്തിലെ അംഗീകരിക്കപ്പെടുന്ന മാതാചാര്യന്മാര്‍ പറയട്ടെ. തീരുമാനം പുനഃപരിശോധിക്കാം എന്നായിരുന്നു. ഈ പ്രസ്താവന സന്യാസിമാരുടെ നിലയ്ക്കല്‍ മാര്‍ച്ചിന് വഴിതെളിച്ചു.
നിലയ്ക്കല്‍ അനധികൃതമായി പണിത പള്ളിയില്‍ തപസ്സനുഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു വിഭാഗം സന്യാസിമാര്‍ സ്വാമി ഭൂമാനന്ദതീര്‍ത്ഥയുടെ നേതൃത്വത്തില്‍ നിലയ്ക്കലേക്ക് മാര്‍ച്ച് ചെയ്തു. ആയിരക്കണക്കിന് ഹൈന്ദവര്‍ അവരെ അനുഗമിച്ചു. നിലയ്ക്കലില്‍ വച്ച് മാര്‍ച്ചില്‍ പങ്കെടുത്ത സന്യാസിമാരെയും ഹൈന്ദവരെയും കരുണാകരന്റെ പോലീസ് തല്ലിച്ചതച്ച സന്യാസിമാരെയും ഹിന്ദുനേതാക്കന്മാരെയും അറസ്റ്റ് ചെയ്ത് തുറിങ്കിലടച്ചു. കേരളത്തിലെമ്പാടും പ്രതിഷേധകൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഹിന്ദുനേതാക്കന്മാരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് കേസുകളില്‍ കുടുക്കി. നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ.കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത സര്‍വപേരേയും മോചിപ്പിച്ചു. കേസുകള്‍ പിന്‍വലിക്കാതെ യാതൊരു സൗഹൃദസംഭാഷണവും ഉണ്ടാവില്ലെന്ന് ജഗദ്ഗുരു പ്രഖ്യാപിച്ചു. സ്വാമിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ജൂണ്‍ 12-ാം തീയതി കുമ്മനത്തിനും മറ്റു പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചു. പോലീസ് നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രി സി.എം.സ്റ്റീഫന്റെ പ്രസ്താവന ഹൈന്ദവരെ രോഷാകുലരാക്കി. ജഗദ്ഗുരു പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ചു. ‘സനാതനധര്‍മ്മത്തിന്റെ താക്കോല്‍ ക്രിസ്തുവിന് മുമ്പ് സൂക്ഷിച്ചവര്‍ തന്നെയാണ് ഇപ്പോഴും സൂക്ഷിക്കുന്നത്. എന്നാല്‍ ജനകീയതയുടെ താക്കോല്‍ അങ്ങനെയല്ല’.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post