ന്യൂഡല്‍ഹി: ജാതി സെന്‍സസ് വേണോയെന്നു ചര്‍ച്ചചെയ്‌ത മന്ത്രിതല സമിതി തീരുമാനമെടുക്കാനാവാതെ പിരിഞ്ഞു.കേന്ദ്ര മന്ത്രിസഭയുടെ രണ്ടു യോഗങ്ങളില്‍ ഇക്കാര്യത്തില്‍ അഭിപ്രായൈക്യമുണ്ടാകാതെ വന്നപ്പോഴാണു പ്രധാനമന്ത്രി മന്ത്രിതല സമിതിക്കു രൂപം നല്‍കിയത്.പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതിയില്‍ പി. ചിദംബരം, എം. വീരപ്പ മൊയ്‌ലി, കപില്‍ സിബല്‍, ഫാറൂഖ് അബ്‌ദുല്ല, ശരദ് പവാര്‍, മമത ബാനര്‍ജി, ദയാനിധി മാരന്‍ എന്നിവരാണ് അംഗങ്ങള്‍.ജാതി സെന്‍സസിന്റെ പ്രധാന വക്‌താക്കളിലൊരാളായ മൊയ്‌ലി യോഗം തുടങ്ങിയ ഉടന്‍ സ്‌ഥലം വിട്ടു. പവാര്‍, ഫാറൂഖ്, മമത എന്നിവര്‍ പങ്കെടുത്തില്ല.
ബജറ്റ് സമ്മേളനത്തില്‍ എസ്‌പി, ആര്‍ജെഡി,ജെഡിയു എന്നിവ ഉയര്‍ത്തിയ കോലാഹലമാണു വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇരുസഭകളും അവര്‍ പലവട്ടം സ്‌തംഭിപ്പിച്ചതോടെ വിശദ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറായി. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂല നിലപാടാണു പ്രകടിപ്പിച്ചത്.എന്നാല്‍ സഭയുടെ വികാരം മാനിക്കുന്നുവെന്ന മട്ടില്‍ ഒഴുക്കന്‍ മറുപടി നല്‍കി രക്ഷപ്പെടാന്‍ യാദവ പാര്‍ട്ടികള്‍ സര്‍ക്കാരിനെ അനുവദിച്ചില്ല.
എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിച്ച് അനുകൂല തീരുമാനമുണ്ടാകുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ലോക്‌സഭയ്‌ക്ക് ഉറപ്പു നല്‍കിയതോടെയാണു നടപടിക്രമങ്ങള്‍ തുടരാനായത്.ജാതി തിരിച്ചുള്ള കണക്കെടുപ്പിനെക്കുറിച്ചു പാര്‍ലമെന്റിനുള്ളില്‍ പ്രകടമായവികാരം എല്ലാ പാര്‍ട്ടികളുടെയും പൊതുവികാരമല്ലെന്നു പിന്നീടു ബോധ്യപ്പെട്ടു.മന്ത്രിസഭയില്‍ ശക്‌തമായ ചേരിതിരിവുണ്ടായതും സര്‍ക്കാരിനു തലവേദനയായി. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ പ്രമുഖ പാര്‍ട്ടികളിലെല്ലാം അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും വിഭാഗങ്ങള്‍ ഇതിനകം ശക്‌തി പ്രാപിച്ചിട്ടുണ്ട്.
ജാതിസ്‌പര്‍ധയും വിദ്വേഷവും വര്‍ധിക്കാന്‍ ജാതി സെന്‍സസ് കാരണമാകുമെന്നാണു മുഖ്യ വിമര്‍ശനം. പുതിയ തലമുറ ജാതിയും മതവും മറന്നുതുടങ്ങിയവരാണെന്നും അവരെ അക്കാര്യം ഓര്‍മിപ്പിക്കുന്നതു ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ രാജ്യത്തിനു ദോഷം ചെയ്യുമെന്നും ജാതി സെന്‍സസിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. നൂറുകോടിയിലേറെ ജനങ്ങളില്‍നിന്നു കൃത്യമായ വിവരം ശേഖരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ലഭിക്കുന്ന വിവരം ശരിയാണോയെന്നു പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ലാത്തത് തുടങ്ങിയ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിനും നിര്‍വഹണത്തിനും ജാതി തിരിച്ചു കണക്കെടുക്കേണ്ടത് അനിവാര്യമാണെന്നാണു മറുപക്ഷം. ജാതി സത്യമാണെന്നും അത് അംഗീകരിക്കാതിരിക്കുന്നതു കാപട്യമാണെന്നും അവര്‍ വാദിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ജാതി കണക്കെടുക്കണമെന്നാണ് ആവശ്യം.
Discussion about this post