Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗര്‍ഗ്ഗഭാഗവതസുധ – ശ്രീകൃഷ്ണാവതാരം

by Punnyabhumi Desk
Nov 21, 2012, 12:48 pm IST
in സനാതനം

ചെങ്കല്‍ സുധാകരന്‍

5.ശ്രീകൃഷ്ണാവതാരം

‘പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ’ (ഭഗവത്ഗീത)

എന്നാണല്ലോ ശ്രീകൃഷ്ണന്‍ തന്റെ അവതാരത്തെക്കുറിച്ച് അര്‍ജുനനോട് പറഞ്ഞത്? സജ്ജനധര്‍മ്മപരിപാലനാര്‍ത്ഥം ശ്രീകൃഷ്ണഭഗവാന്‍ അവതരിച്ചു. ഗര്‍ഗ്ഗഭാഗവതത്തിലും വ്യാസഭാഗവതത്തിലും ഈ അവതാരകഥ സാരമായ വ്യത്യസാമൊന്നും കൂടാതെയാണ് വര്‍ണ്ണിച്ചിട്ടുള്ളത്. ഗര്‍ഗ്ഗാചാര്യരുടെ വിവരണത്തില്‍ നേരിയ വ്യത്യാസങ്ങളുണ്ടുതാനും. ഈ അവതാരകഥയിലെ സ്ഥൂലസൂക്ഷ്മതത്ത്വങ്ങള്‍ ചിന്തിക്കുന്നത് ഉചിതമാണെന്നുതോന്നുന്നു.

ശ്രീഗര്‍ഗ്ഗന്‍ പറയുന്ന അവതാരകഥ ഇങ്ങനെ: ഒരിക്കല്‍, ശൂരസേനന്റെ നിര്‍ദ്ദേശമനുസരിച്ച് ഗര്‍ഗ്ഗമുനി മഥുരാപുരിയിലെത്തി. ഉഗ്രസേനമഹാരാജാവ് മുനിയെ സോപചാരം ആദരിച്ച് ആസനസ്ഥനാക്കി. ഗര്‍ഗ്ഗന്‍ രാജാവിനെ അനുഗ്രഹിച്ചു. എന്നിട്ടിപ്രകാരം പറഞ്ഞു. ‘രാജാവേ, അങ്ങേക്ക് ദേവകീവിവാഹമെന്ന ഒറ്റച്ചിന്തയേ ഇപ്പോഴുള്ളൂ എന്നെനിക്കറിയാം. അവള്‍ക്കു യോജിച്ച ഒരു ജാതകം എനിക്കു ലഭിച്ചിട്ടുണ്ട്. യദുകുലോത്തമനായ വസുദേവരുടെ. അതുമാത്രമേ അങ്ങയുടെ പുത്രിക്ക് ചേരുകയുള്ളൂ.

‘ശൗരിം വിനാ ഭൂവി വരോസ്തു നാസ്തി. ഒരു കാര്യം പ്രത്യേകം പറയാം. വിവാഹം ഉടന്‍തന്നെ നടത്തണം. ഞാന്‍ വസുദേവനേയും കൂട്ടി വേഗം വരാം’.

യഥായോഗ്യം ദേവകി – വസുദേവന്മാരുടെ വിവാഹം കഴിഞ്ഞു. സഹോദരീ വത്സലനായ കംസന്‍ വധൂവരന്മാരെ തേരിലേറ്റി വരന്റെ ഗൃഹത്തിലേക്ക് യാത്രയായി! ചതുരംഗസേനാസമന്വിതനായി! ഗീതവാദനമേളിതമായി! ആ സന്ദര്‍ഭത്തില്‍- ‘ആകാശവാഗാഹതദൈവകംസം’ – കംസന്‍ ഒരു അശരീരി കേട്ടു. ‘അല്ലയോ കംസാ, നിന്റെ സ്‌നേഹനിധിയായ ഈ സഹോദരിയുടെ എട്ടാമത്തെ പുത്രന്‍ നിന്നെ വധിക്കും. ‘ ഉടന്‍തന്നെ ഖലമതിയായ കംസന്‍

‘കുസംഗ നിഷ്‌ഠോതിഖലോ ഹി കംസോ
ഹന്തും സ്വസാരം ധിഷണാം ചകാര
കചേ ഗൃഹീത്വാ ശിതഖഡ്ഗപാണിര്‍
ഗതത്രപോ നിര്‍ദയ ഉഗ്രകര്‍മ്മാ’

(ദുര്‍ജ്ജന സംഗത്താല്‍ നിചബുദ്ധിയും നിര്‍ലജ്ജനുമായ കംസന്‍ കോപാകുലനായി ചാടിയെഴുന്നേറ്റ്, ദേവകിയുടെ തലമുടി ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ച്, മറ്റേകൈയില്‍ മൂര്‍ച്ചയുള്ള വാളുമേന്തി, അവളെ വധിക്കാനൊരുമ്പൊട്ടു)

കംസവൃത്തിയാലദ്ഭൂതസ്തബ്ധനും, വിവേകചോദനയാല്‍ സദ്യോബുദ്ധിയുമായ വസുദേവന്‍, കംസനോടു പറഞ്ഞു.

‘നാസ്യാസ്തു തേ ദേവ ഭയം കദാചി-
ദ്യദ്ദേവ വാക്യം കഥിതം ച തച്ഛൃണു
പുത്രാന്‍ ദദാമീതി യതോ ഭയം സ്യാത്-
മാ തേ വൃഥാസ്യാഃ പ്രസവ പ്രജാതാന്‍.’

(ഹേ, കംസാ, അങ്ങ്, അശരീരികേട്ട് പരിഭ്രമിക്കേണ്ട. അഥവാ, അങ്ങേക്കു ഭയമാണെങ്കില്‍, ഇവള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം നിനക്കുനല്കാം. ഖേദംവേണ്ട). വസുദേവരുടെ സത്യപാലനിഷ്ഠയില്‍ വിശ്വാസമുള്ള കംസന്‍ അത്യാചാരത്തില്‍ നിന്നു പിന്തിരിഞ്ഞു.

കംസന്‍ സ്വരക്ഷയ്ക്കായി ചില മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി. വസുദേവഗൃഹത്തില്‍ കാവല്‍ക്കാരെ നിറുത്തി. ദേവകിയുടെ ആദ്യപ്രസവം കഴിഞ്ഞു. വസുദേവന്‍ കുട്ടിയെ കംസന് കൊണ്ടുകൊടുത്തു. കംസന്റെ മനസ്സലിഞ്ഞു. കുട്ടിക്ക് കീര്‍ത്തിമാന്‍ എന്നു പേരിട്ടു. വസുദേവര്‍ക്കുതന്നെ തിരിച്ചുനല്കി. എന്നിട്ടിങ്ങനെ പറഞ്ഞു.

‘ഏഷ ബാലോ യാതു ഗൃഹ-
മേതസ്മാന്നഹി മേ ഭയം
യുവയോരഷ്ടമം ഗര്‍ഭം
ഹനിഷ്യാമി ന സംശയഃ’

(ഈ ബാലനെ വീട്ടിലേക്കുകൊണ്ടു പൊയ്‌ക്കൊള്‍ക ഇവനാല്‍ എനിക്കു ഭയമില്ല. എന്നാല്‍, നിങ്ങളുടെ എട്ടാമത്തെ കുട്ടിയെ ഞാന്‍ വധിക്കുകതന്നെ ചെയ്യും. പുത്രനെ തിരിച്ചുകിട്ടുകയാല്‍, ദേവകീവസുദേവന്മാര്‍ അത്യന്തമാഹ്ലാദിച്ചു).

ഈ ആഹ്ലാദം അധികകാലം നിലനിന്നില്ല. ഒരിക്കല്‍, നാരദമഹര്‍ഷി കംസന്നടുക്കലെത്തി. അസുരനിഗ്രഹത്തിനായുള്ള ഭഗവദവതാരത്തിന് വേഗം കൂട്ടുകയായിരുന്നു ലക്ഷ്യം! അദ്ദേഹം കംസനോടു പറഞ്ഞു. ‘ഏതായാലും വസുദേവന്റെ കുട്ടിയെ കൊല്ലാതെ, തിരിച്ചു നല്‍കിയത്, ഒട്ടും നന്നായില്ല. ദേവന്മാരുടെ മനോഗതി ആര്‍ക്കാണറിയുക? കുട്ടികളില്‍ ഏതിനേയും എട്ടാമത്തേതാക്കാന്‍ അവര്‍ക്കു കഴിയും’. ഇങ്ങനെ പല ന്യായങ്ങള്‍ പറഞ്ഞ് നാരദന്‍ കംസന്റെ മനസ്സിളക്കി.

അയാള്‍ ക്ഷുഭിതനായി. കലികൊണ്ട് എല്ലാം മറന്നു. ദേവകീവസുദേവന്മാരെ ചങ്ങലകൊണ്ടു ബന്ധിച്ചു. യഥാകാലം ജനിച്ച ആറു വസുദേവപുത്രന്മാരെ പാറപ്പുറത്തടിച്ചുകൊന്നു. ഉഗ്രസേനമഹാരാജാവ് ഈ ഹീനചര്യ തടയാന്‍ ശ്രമിച്ചു. രാജാവിന്റെയും കംസന്റെയും ഭടന്മാര്‍ ഭിന്നിച്ച് ഇടഞ്ഞു. ഘോരമായ യുദ്ധമുണ്ടായി. മദാന്ധനായ കംസന്‍ സ്വപിതാവിനെ സിംഹാസനത്തില്‍നിന്ന് വലിച്ച് താഴേക്കിട്ടു. അദ്ദേഹത്തെയും അനുയായികളെയും തുറുങ്കിലടച്ചു. നിഷ്ഠുരനായ കംസന്‍ സ്വയം സിംഹാസനാരോഹിതനായി. രാജ്യഭരണം തുടങ്ങി.

‘പീഡിതാ യാദവാഃ സര്‍വ്വേ
സംബന്ധസ്യ മിഷൈസ്ത്വരം
ചതുര്‍ദ്ദിശാന്തരം ദേശാന്‍
വിവിശുഃ കാലവേദിനഃ’

(യാദവന്മാര്‍, നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടു. അവര്‍ ഗതിയറ്റ് ഓരോ കാരണം / ബന്ധങ്ങള്‍ പറഞ്ഞ് നാനാദേശങ്ങളില്‍ അഭയം തേടി.)

ഈ സന്ദര്‍ഭത്തില്‍, ദേവകി, ഏഴാമതും ഗര്‍ഭിണിയായി. ഗര്‍ഭസ്ഥശിശു അനന്തന്റെ അവതാരമായിരുന്നു. ഭഗവന്നിര്‍ദ്ദേശമനുസരിച്ച് ആ ഗര്‍ഭത്തെ, രോഹിണിയിലേക്കു ആകര്‍ഷിച്ചു. (അപ്പോള്‍, വസുദേവന്മാരുടെ മറ്റൊരു പത്‌നിയായ രോഹിണി, കംസഭയത്താല്‍, നന്ദഗൃഹത്തില്‍ അഭയം പ്രാപിച്ചിരുന്നു.) രോഹിണി ഗര്‍ഭം ധരിച്ച് അഞ്ചാം ദിവസം ബലരാമന്‍ ജനിച്ചു. സ്വാതി നക്ഷത്രം! പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥം! ദേവന്മാരുടെ പുഷ്പവൃഷ്ടി! ശുഭസൂചകമായ മേഘവര്‍ഷം! നന്ദഗൃഹത്തില്‍, എല്ലാവരും ആനന്ദഭരിതരായി! ദേവകീ ഗര്‍ഭം അലസിപ്പോയെന്ന് വാര്‍ത്തയും പരന്നു!

‘പരിപൂര്‍ണ്ണതമഃ സാക്ഷാല്‍
ശ്രീകൃഷ്‌ണോ ഭഗവാന്‍ സ്വയം
വിവേശ വസുദേവസ്യ
മനഃപൂര്‍വം പരാത്പരഃ’

(പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണഭഗവാന്‍, വസുദേവന്റെ മനസ്സില്‍ പ്രവേശിച്ചു.) അദ്ദേഹത്തില്‍നിന്ന് ദേവകി ഭഗവാനെ ഗര്‍ഭം ധരിച്ചു. തേജോമയിയായ സഹോദരിയെ കണ്ട് സ്വഹന്താവിന്റെ അവതാരമടുത്തതായി കംസന്‍ ഊഹിച്ചു. ‘ജാതമാത്രം ഹനിഷ്യാമി എന്ന് അയാളുറച്ചു. എവിടെയും തന്റെ പൂര്‍വ്വശത്രുവായ നാരായണനെമാത്രം കണ്ടു.

ഇങ്ങനെ കാണുന്നതും ഒരു തരം യോഗസാധനയാണ്.

‘അഹോ വൈരാനുബന്ധേന
സാക്ഷാല്‍ കൃഷ്‌ണോപി ദൃശ്യതേ
തസ്മാദൈ്വരം പ്രകൂര്‍വന്തി
കൃഷ്ണപ്രാപ്ത്യാര്‍ത്ഥമാസുരാഃ’

എന്നാണ് ഗര്‍ഗ്ഗാചാര്യരുടെ മതം. വൈരഭാവത്തിലൂടെയും ശ്രീകൃഷ്ണസാക്ഷാത്കാരം സാധിക്കും. അതിനാല്‍, അസുരന്മാര്‍ വൈരഭാവത്തിലൂടെ ശ്രീകൃഷ്ണനെ ദര്‍ശിക്കുന്നു.

ഭഗവാന്റെ അവതാരോദ്യോഗമറിഞ്ഞ് ദേവന്മാരെല്ലാം, അദൃശ്യമൂര്‍ത്തികളായി, ശൗരീഗൃഹത്തിലെത്തി ജഗദീശ്വരനെ സ്തുതിച്ചു. തൃപ്തരായ ദേവന്മാര്‍ സ്വസ്വധാമങ്ങളിലേക്കു മടങ്ങി.

ശ്രീകൃഷ്ണാവതാരസമയമടുത്തു. മാനം തെളിഞ്ഞു. ദിക്കുകള്‍ പ്രകാശിതങ്ങളായി.

‘ഉജ്ജ്വലാസ്താരകാഃ ജാതാഃ
പ്രസന്നം ഭൂമിമണ്ഡലം
നദാ നദ്യഃ സമുദ്രാശ്ച
്പ്രസന്നാപഃ സരോവരാഃ’

(നക്ഷത്രങ്ങള്‍ തിളങ്ങി. ഭൂമി പ്രസന്നമായി. നദികള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍ എന്നിവ ശുദ്ധജല പൂരിതങ്ങളായി. താമരപ്പൂക്കള്‍ വികസിച്ചു. എങ്ങും സുഗന്ധവാഹിയായ ഗന്ധവാഹന്‍ വീശി!) ജാനപാദരും നാഗരികരും മംഗളഗാനം പാടി ആനന്ദിച്ചു. ദേവന്മാര്‍ ദുന്ദുഭിഘോഷം മുഴക്കി. സര്‍വ്വദിക്കുകളും മംഗളധ്വാനമുഖരിതങ്ങളായി. സിദ്ധചാരണഗന്ധര്‍വ വിദ്യാധരന്മാര്‍ സസന്തോഷം സ്തുതിഗീതങ്ങളാലപിച്ചു. ഏവരും ആനന്ദനൃത്തം ചെയ്തു!.

ഭാദ്രമാസകൃഷ്ണാഷ്ടമിയില്‍, രോഹിണീ നക്ഷത്രത്തില്‍, അര്‍ദ്ധരാത്രിയില്‍, ചന്ദ്രോദയസന്ദര്‍ഭത്തില്‍, ശ്രീകൃഷ്ണഭഗവാന്‍ അവതരിച്ചു. സുഖകരമായ മഴച്ചാറ്റലും ദേവന്മാരുടെ പുഷ്പവൃഷ്ടിയും ഉണ്ടായി. നിമിഷിങ്ങള്‍ക്കകം ‘മിന്നുംപൊന്നിന്‍ കിരീടം തരിവളകടകം കാഞ്ചിപൂഞ്ചേലമാലാന്വിതനായ ശ്രീഹരി, ദേവകീവസുദേവന്മാരുടെ മുന്നിലാവിര്‍ഭവിച്ചു. പുത്രലബ്ധിയില്‍ സന്തുഷ്ടനായ വസുദേവര്‍ ‘മനഃകൃതം കൃതം’ എന്ന മട്ടില്‍, ലക്ഷം പശുക്കളെ ബ്രാഹ്മണര്‍ക്കായി ദാനം ചെയ്തു. മുന്നില്‍ വിളങ്ങുന്ന ഭഗവാനെ ദേവകീസമേതം സ്തുതിച്ചു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍, ദേവകീവസുദേവന്മാരുടെ മുജ്ജന്മസുകൃതവും താന്‍തന്നെ അവര്‍ക്ക്, രണ്ടുപ്രാവശ്യം, പുത്രനായിപ്പിറന്നതും അറിയിച്ചു. മൂന്നാമതും പുത്രനായിപ്പിറന്നിരിക്കുന്നതിന്റെ ഉദ്ദേശ്യവും. തന്നെ ആമ്പാടിയിലെ നന്ദഗൃഹത്തില്‍ ഉടനേ എത്തിക്കണമെന്നും അവിടെ ജനിച്ചിട്ടുള്ള പെണ്‍കുഞ്ഞിനെ (സാക്ഷാല്‍ യോഗമായയെ) എടുത്തുകൊണ്ടുപോരണമെന്നും വസുദേവരോടു പറഞ്ഞ് ശിശുരൂപം പൂണ്ടു.

ദേവകീവസുദേവന്മാരുടെ ബന്ധനം ശിഥിലമായി. വാതിലുകള്‍ നിശ്ശബ്ദം, തനിയെ, തുറക്കപ്പെട്ടു. കാവല്‍ ഭടന്മാര്‍ നിദ്രയിലാണ്ടു. ശിശുരൂപം പൂണ്ട ഭഗവാനെ ശിരസ്സിലേറ്റി വസുദേവന്‍ പുറത്തേക്കിറങ്ങി.

‘നിര്‍ഗതേ വാസുദേവേ ച
മൂര്‍ധ്‌നി ശ്രീകൃഷ്ണശോഭിതേ
സൂര്യോദയേ യഥാ സദ്യ-
സ്തമോ നാശോഭവത്സ്വതഃ’

(ഭഗവാനെ മൂര്‍ധാവില്‍ ധരിച്ച് വസുദേവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍, സൂര്യോദയത്തിലെന്നപോലെ, നിബിഡാന്ധകാരം അകന്നു.) അനന്തന്‍ ഫണം വിരിച്ച് മഴ തടഞ്ഞു. കരകവിഞ്ഞൊഴുകിക്കൊണ്ടിരുന്ന കാളിന്ദീനദി വസുദേവന് കടന്നുപോകാന്‍ വഴിയൊരുക്കി, സാദരം നമിച്ചു.

വസുദേവന്‍ ആമ്പാടിയില്‍ നന്ദഗൃഹത്തിലെത്തി. അവിടെയും മുന്നനുഭവം! തടസ്സമെന്യേ പ്രസൂതീഗൃഹത്തിലെത്തി. മായാമോഹിതയായ യശോദയുടെ അടുക്കല്‍ ശ്രീകൃഷ്ണനെ കിടത്തി. അവിടെ ഉണ്ടായിരുന്ന പെണ്‍കുഞ്ഞിനെ എടുത്തു സുഖമായി പുറത്തുകടന്ന് സ്വഗൃഹത്തിലെത്തി. ഉടന്‍, ദേവകീവസുദേവന്മാര്‍, ശ്യംഖലാബദ്ധരായി. വാതിലുകള്‍ സ്വയം അടഞ്ഞു. നവജാതശിശു ഉച്ചത്തില്‍ കരഞ്ഞു. ഭടന്മാരുണര്‍ന്നു. അവര്‍ പ്രസവവിവരം കംസനെ അറിയിച്ചു.

ക്ഷുബ്ധനും ഭീതനുമായെത്തിയ കംസനോട് ദേവകി, നെഞ്ചുരുകിക്കരഞ്ഞുകൊണ്ടപേക്ഷിച്ചു.

‘സുതാമേകാം ദേഹി മേ ത്വം
പുത്രേഷു പ്രമൃതേഷു ച
സ്ത്രീയം ഹന്തും ന യോഗ്യാസി
ഭ്രാതസ്ത്വം ദീന വത്സലഃ
തേfനുജാം ഹതസുതാ
കാരാഗാരേ നിപാതിതാ
ദാതുമര്‍ഹസി കല്യാണ
കല്യാണീം തനുജാം ച മേ’.

(ദീന വത്സലനായ ഹേ, സഹോദരാ! ഇവളെയെങ്കിലും എനിക്കു തരൂ. സ്ത്രീവധം അങ്ങേക്കു യോജിച്ചതല്ല. പുത്രന്മാരെല്ലാം നഷ്ടപ്പെട്ട് കാരാഗൃഹത്തില്‍ കഴിയുന്ന എനിക്കിവളെ തന്നാലും.) പക്ഷേ, ആ നീചാഗ്രണിക്ക്, അശരണയായ ആ മാതാവിന്റെ പരിതാപം ഉള്‍ക്കൊള്ളാന്‍, കഴിഞ്ഞില്ല. സ്വാര്‍ത്ഥിയും കുടിലനുമായ അയാള്‍ ദേവകിയില്‍ നിന്നും കുഞ്ഞിനെ പറിച്ചെടുത്ത്, കാലുകളില്‍ പിടിച്ചുയര്‍ത്തി, കല്ലിലടിക്കാനോങ്ങി.

മഹാബലവാനായ കംസന്റെ കൈയില്‍ നിന്ന് വഴുതി, ആകാശത്തേക്കുയര്‍ന്ന്, ദിവ്യരൂപം പൂണ്ട്, മായാഭഗവതി പറഞ്ഞു.

‘പരിപൂര്‍ണ്ണതമഃ സാക്ഷാത്
ശ്രീകൃഷ്‌ണോ ഭഗവാന്‍ സ്വയം
ജാതഃക്വ വാ തു തേ ഹന്താ
വൃഥാ ദീനാം ദുനോഷി വൈ’

(പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണന്‍, നിന്റെ ഹന്താവ്, എവിടെയോ അവതരിച്ചുകഴിഞ്ഞു. നീ എന്തിനാണ് ഈ ദീനയെ വിഷമിപ്പിക്കുന്നത്.) ദിവ്യസ്വരൂപിണിയായ മായാഭഗവതി ആ അന്തരീക്ഷത്തില്‍ത്തന്നെ മറഞ്ഞു.

കംസന്‍ ആശ്ചര്യചകിതനായി. തന്റെ ബലവിശ്വാസങ്ങള്‍ തകര്‍ന്നതിനാല്‍ നിരാശനായി. വസുദേവദേവകിമാരെ വെറുതെ പീഡിപ്പിച്ചു എന്ന് പശ്ചാത്തപിച്ചു. അവരെ ഉടന്‍ മോചിപ്പിച്ചു. ക്ഷമായാചനം ചെയ്തു. സ്വസഹോദരിയോടും സ്യാലനോടും സൗഹൃദപൂര്‍വം പെരുമാറി. അനന്തരം തന്റെ മന്ത്രിമാരെ വിളിച്ചുവരുത്തി ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചു. പരിഹാരങ്ങള്‍ ആലോചിച്ചു. തന്റെ ഹന്താവായ ശത്രുവിനെ കണ്ടുപിടിച്ച് നശിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു.

മറ്റുകഥകള്‍പോലെ ഭഗവദവതാരകഥയും സൂക്ഷ്മതത്ത്വം ഉള്‍ക്കൊള്ളുന്നതാണ്. ഭൂഭാരപരിഹാരമാണല്ലോ അവതാരോദ്ദേശ്യം? ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവും? അതിനിണങ്ങുന്ന ലക്ഷണങ്ങളാണ് ശ്രീകൃഷ്ണാവതാര സന്ദര്‍ഭത്തില്‍ കണ്ടത്. ദേവകീ വസുദേവന്മാര്‍ സ്വന്തം ഗൃഹതതിലാണ് കഴിഞ്ഞതെങ്കിലും അത് കാരാഗൃഹമാക്കപ്പെട്ടിരുന്നു. ചങ്ങലകൊണ്ട് കൈകാലുകള്‍ ബന്ധിച്ചിരുന്നു. ഇതൊരു പ്രതീകാത്മകമായ ആഖ്യാനമാണ്. കംസനെന്ന നാശകാരിയുടെ അധീശത്വത്തില്‍ സജ്ജനങ്ങള്‍ പരതന്ത്രരായി. അവര്‍ ശൃംഖലാബദ്ധര്‍! (മറ്റൊരുവിധത്തില്‍, സംസാരികളെല്ലാം മമതാദിഭാവങ്ങളാല്‍ ബദ്ധരുമാണല്ലോ?) സംസാരസാഗരത്തില്‍ മുങ്ങിക്കഴിയുന്നവര്‍ സ്വതന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അശക്തരായിത്തീരുന്നു. ബദ്ധരും ദുര്‍ബലരുമായ ഇക്കൂട്ടര്‍ക്ക് മോചനം നല്കാന്‍ ഒരു ശക്തിക്കേ കഴിയൂ; ശ്രീകൃഷ്ണപരമാത്മാവിന്!

‘യദാ യദാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത!
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം’

എന്ന് ഗീതാകാരന്‍ പറഞ്ഞത് ഈ ആശയമാണല്ലോ!

കൃഷ്ണാവതാരസമയത്ത് ശൃംഖലാബന്ധനങ്ങള്‍ വിച്ഛേദിതങ്ങളായി. അതിലദ്ഭുതമില്ല! ജനിച്ചത് മുകുന്ദനാണല്ലോ! ‘മുകും ദദാതി ഇതി മുകുന്ദഃ’. മുക്തി നല്കുന്നവനാണ് മുകുന്ദന്‍! ഭഗവദ്ദര്‍ശനമാത്രയില്‍ ബന്ധനം വേര്‍പെട്ടു എന്നതിന്റെ സാരം അതാണ്. വാതിലുകള്‍ തുറക്കപ്പെട്ടു എന്നതും മറ്റൊന്നല്ല വിശദമാക്കുന്നത്. മനസ്സും ഇന്ദ്രിയങ്ങളും സംശുദ്ധങ്ങളായി. സംസാരചിന്തതന്നെ അകന്നു. അമൃതാത്മകനെമാത്രം മനസ്സില്‍വച്ച് ഭക്തന്മാര്‍ അകം നിറഞ്ഞാനന്ദിച്ചു!

കാവല്‍ക്കാരെല്ലാം ഉറങ്ങിപ്പോയി. സത്യം കാണാന്‍ അജ്ഞന്മാര്‍ക്കാവില്ലെന്നു സാരം. നാശകാരിയായ കംസന്റെ (വിനാശത്തിന്റെ) ഭടന്മാര്‍ നാശോന്മുഖതയുള്ളവരായിരിക്കും. അവര്‍ ഋജുബുദ്ധികളാവില്ല. അതുകൊണ്ടുതന്നെ നിന്ദ്രാവിമോഹം അഥവാ അജ്ഞാനാവരണം അവരെ വസ്തുദര്‍ശനത്തില്‍ നിന്നകറ്റും. വസുദേവര്‍ക്കും ദേവകിക്കുമുള്ള സമര്‍പ്പണഭാവം അധികം പേരിലും കാണുകയില്ല!

ശ്രീകൃഷ്ണജനന സന്ദര്‍ഭത്തിലെ പ്രകൃതി ചിത്രണവും വരാന്‍ പോകുന്ന മംഗളം സൂചിപ്പിച്ചിരുന്നു. രാധാവതാരസന്ദര്‍ഭത്തിലെ സൂക്ഷ്മാശയംതന്നെ, ഇവിടെയും.

വസുദേവന്‍ ശ്രീകൃഷ്ണഭഗവാനെ ശിരസ്സിലേറ്റി പുറത്തിറങ്ങാന്‍ തയ്യാറായി. ബന്ധനങ്ങള്‍ വേര്‍പെടുകയും വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തു! ഭക്തന്‍ ഭഗവാനെ ധരിക്കുന്നതോടെ കല്മഷങ്ങളെ കലുകയും സംസാരബന്ധനം വേര്‍പെടുകയും ചെയ്യും.

‘വാസുദേവ സര്‍വ്വമിതി സ മഹാത്മാ സുദുര്‍ല്ലഭഃ’ എന്നാണല്ലോ? അത്തരം ദുര്‍ല്ലഭരായ ഭക്താഗ്രണികളായിരുന്നു ദേവകീവസുദേവന്മാര്‍!

പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു. സത്യാന്വേഷിക്കുണ്ടാകുന്ന സാധാരണ തടസ്സത്തെയാണ് മഴ പ്രതിനിധീകരിക്കുന്നത്. ദേവനെ ധരിക്കുന്ന വ്യക്തിദൃഢനിശ്ചയനാണ്. അയാളെ തളര്‍ത്താന പിന്തിരിപ്പിക്കാനോ ഒരു ശക്തിക്കും സാദ്ധ്യമല്ല. ‘അഹം ത്വാ സര്‍വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച’ എന്ന ഭഗവദ്‌വചനസാരം ഭക്തന്‍ കൈക്കൊള്ളുന്നു. അപ്പോള്‍പ്പിന്നെ അനന്തന് മഴ തടഞ്ഞ്, ഭക്തനെ, രക്ഷിക്കാതിരിക്കാന്‍ കഴിയുമോ?

വിഘ്‌നമാകുന്ന നദിയും വഴിനല്കും. സര്‍വ്വവിഘ്‌നോപശാന്തിക്കായുള്ള യത്‌നത്തില്‍ ഭഗവാനെങ്ങനെ ഭക്തനെ കൈയൊഴിയും? കാളിന്ദിയെ ഭക്തിയാകുന്ന നദി എന്നു കണക്കാക്കിയാലും മതി. ഭക്തിയാല്‍ തടസ്സമൊന്നുമറിയാത്ത മനുഷ്യന്‍ ലക്ഷ്യത്തിലേക്കു യാത്രയായി എന്നു സാരം!

നന്ദഗൃഹത്തിലെ അനുഭവചിത്രീകരണവും മേല്‍കാണിച്ചവിധം നോക്കിയാല്‍മതി.

യോഗമായയാണ് അവിടെ ജനിച്ചത്. മായ പ്രകൃതിയും മായി ഇശ്വരനുമാണല്ലോ! (മായംതു പ്രകൃതിം വിദ്യാന്മായിനം ച മഹേശ്വരം – ശ്വേതാശ്വതരോപനിഷത്.) യശോദ പ്രസവിച്ച ഉടന്‍ മയങ്ങിപ്പോയത്രേ! സ്വാഭാവികം! മായാബദ്ധരാകുന്നവര്‍, അവര്‍ ആരായാലും, സത്യദര്‍ശനസമര്‍ഥരല്ലാതെ, മാറിപ്പോകുന്നു. ഉണര്‍ന്നപ്പോള്‍ കണ്ട കുഞ്ഞിനെ താന്‍ പ്രസവിച്ച കുട്ടിയായി കരുതി പ്രേമപൂര്‍വ്വം വളര്‍ത്തി. മായാബദ്ധരായ മനുഷ്യരുടെ സ്ഥിതി ഇതുതന്നെയാണ്. സത്യദൃഷ്ടിമങ്ങുകയും മറ്റൊന്ന് തെളിയുകയും ചെയ്യുന്നു! അല്ലാത്തതിനെ കാണുകയാണല്ലോ മായാസ്വഭാവം! (യാ മാ സാ മായ!)

വസുദേവര്‍ തിരിച്ചെത്തിയശേഷമുള്ള കഥയും ആലോചനാമൃതംതന്നെ. ഉറങ്ങിയവരുണരുന്നു. തുറന്നവാതിലുകളടയുന്നു. ശൃംഖലകള്‍ വീണ്ടും ബദ്ധങ്ങളാകുന്നു. മായാബന്ധം കാണിക്കുകയാണിവിടെ. മായാഭഗവതി അരികിലെത്തി, ഇല്ലാതായ ബന്ധനം വീണ്ടും ഭവിച്ചു.

മായാദേവിയെ കല്ലിലടിച്ചുകൊല്ലാന്‍ ശ്രമിച്ചു. ദേവി, പിടിവിട്ടുയര്‍ന്നു എന്ന കാര്യവും ഇവിടെ സ്മരണീയമാണ്. ആസുരതയ്ക്ക് ദേവീശക്തിയെ കൈക്കലാക്കാനാവില്ലെന്നു സാരം! ഹൃദയശുദ്ധിയില്ലാത്തവര്‍ക്ക് അത് വശപ്പെടുകയില്ല. മായാമഗ്നമാകുന്ന മനസ്സ് കൂടുതല്‍ വ്യാകുലമാവുകയും ഉല്‍ക്ണ്ഠയോടെ ചിന്തിക്കുകയും ചെയ്യുന്നു. തന്റെ ശത്രുവായ നവജാതശിശു ആരെന്ന് ഉല്‍കണ്ഠപൂണ്ട കംസന്‍ അതാണ് പ്രതിനിധാനം ചെയ്യുന്നത്.

ശ്രീകൃഷ്ണാവതാരം മനുഷ്യഹൃദയത്തിലാണുണ്ടാകേണ്ടത്. മനോബുദ്ധ്യാദീന്ദ്രിയങ്ങളുടെ വിശുദ്ധിയാണ് അതിനായുള്ള സജ്ജീകരണം! അല്ലലകന്ന് ശാന്തമാകുന്ന അന്തഃകരണം കൃഷ്ണാവതാരത്തില്‍ സംസാരമുക്തമാകുന്നു. വിഷയാനുസന്ധാനം ചെയ്യാത്ത മനസ്സ് സര്‍വ്വവിധബന്ധനങ്ങളില്‍ നിന്നും മോചിതമാകുന്നു!
—————————————————————————————————————————–
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: [email protected]

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies