തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിളളയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി. സുഭാഷ് നഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ ഒന്‍പതു മണിയോടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വസതിയിലെത്തി മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ എം വിജയകുമാര്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പിണറായിക്കൊപ്പമുണ്ടായിരുന്നു. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, വി.എസ്.ശിവകുമാര്‍, കവയിത്രി സുഗതകുമാരി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, സി.പി.ഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.ദിവാകരന്‍ എന്നിവര്‍ പിജിയുടെ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. രാവിലെ 11 മുതല്‍ 12 വരെ സിപിഎം ആസ്ഥാനമായ ഏകെജി സെന്ററിലും 12 മുതല്‍ 4 വരെ വിജെടി ഹാളിലും അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വച്ച ശേഷം തൈക്കാട് ശാന്തി കവാടത്തില്‍ വൈകുന്നേരം നാലിന് സംസ്‌കാരം നടക്കും.
Discussion about this post