എസ്സ്. ബാലസുന്ദര്‍ (മുംബൈ)
നാരായണന്‍പൂര്‍ ശ്രീക്ഷേത്ര (പൂനയ്ക്കടുത്ത്) പരിസരത്ത് 2000മാണ്ട് നവം-ഡിസംബര്‍ ആദ്യമായി ദ്വിശതകോടിയര്‍ച്ചന പൂര്‍ത്തീകരിച്ചപ്പോള്‍ അത് കൂലങ്കഷമായി രൂപകല്പന ചെയ്ത ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ലക്ഷോപലക്ഷം മഹാരാഷ്ട്ര സനാതനികളുടെ ആരാധനാ പാത്രമായി മാറി. ഈ ചരിത്രം സൃഷ്ടിച്ച അര്‍ച്ചനാമഹായജ്ഞം നേരില്‍ കണ്ടാസ്വദിച്ച് ആനന്ദിക്കാനുളള സൗഭാഗ്യവും സ്വാമിജി അര്‍ച്ചന ചെയ്യുന്ന അവിസ്മരണീയമായ കാഴ്ച പകര്‍ത്താനും പ്രസിദ്ധീകരിക്കാനുമുള്ള അവസരവും ലേഖകന്റെ സ്മരണ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
6000ല്‍ പരം കാവിവസ്ത്രധാരികളായ ഭക്തജനങ്ങള്‍ തികഞ്ഞ ഗുരുഭക്തി ഭാവങ്ങളോടെ 2000ലധികം തിരികത്തുന്ന നിലവിളക്കുസാക്ഷി നിര്‍ത്തി ഒരേ സമയം സമയക്രമത്തില്‍ അര്‍ച്ചന നടത്തുന്നരംഗം മനസ്സില്‍ പച്ചപിടിച്ച് നില്‍ക്കുന്നു. വെറും 4 ദിവസംകൊണ്ട് 100കോടി ശിവനാമാര്‍ച്ചനയും തുടര്‍ന്ന് 4 ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ശ്രീ ദത്തത്രയ ഭഗവന്നാമാര്‍ച്ചനയും തുടക്കത്തിലും അവസാനവും പൂജ ഹോമാദികര്‍മ്മങ്ങളും കൂടി ആകെ 10 ദിവസംകൊണ്ട് ഇത്രയും മഹത്തായ യജ്ഞം നടത്തിക്കഴിഞ്ഞു. ബോംബേയ്ക്കടുത്ത് ബദലാപൂരിലെ രാമഗിരിയില്‍ വിശ്രമാര്‍ത്ഥം സ്വാമിജി കുറച്ചുകാലം കഴിച്ചുകൂട്ടിയിരുന്നു.
ബദലാപൂര്‍ ആശ്രമത്തില്‍ ഹനുമദ്പ്രതിഷ്ഠ സംബന്ധിച്ച് യോഗം കൂടുന്നുവെന്ന് അറിവായി. അന്ന് വൈകിട്ട് സ്വാമിക്ക് ഒഴിവുള്ളപ്പോള്‍ രാമായണവും ധ്യാനത്തെക്കുറിച്ചും മറ്റും സംസാരിക്കാന്‍ സൗകര്യമുണ്ടായി ടേപ്പ് റെക്കാര്‍ഡു ഓണ്‍ ചെയ്ത് സ്വാമിജിയെ വന്ദിച്ചു. സ്വാമിജി സുദീര്‍ഘമായി തന്നെ രാമായണത്തിലെ സാമൂഹ്യഘടന (Social Structure) യെ സംബന്ധിച്ചു സംസാരിച്ച ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് എന്തുകൊണ്ടും രാമായണത്തിലെ പുരുഷോത്തമരാമനെ അനുകരിച്ചു ജീവിക്കുവാന്‍ വയ്യെന്നു സ്വാമി പറഞ്ഞു. ഫൈവ്സ്റ്റാര്‍ ജീവിതക്രമവും എന്തും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമവും അതിനുകാരണമാണ് അദ്ദേഹം പറഞ്ഞു. പുണ്യഭൂമി എന്ന പ്രസ്ഥാനമെന്തെന്നും എത്രപരിശ്രമത്തോടുകൂടി മൂന്നു പ്രസ്സുകള്‍ കെട്ടിടം എന്നിവ ചിട്ടപ്പെടുത്താന്‍ തുനിഞ്ഞുവെന്നും സ്വാമജി പറയുമ്പോള്‍ തൊട്ടടുത്തിരുന്ന് ആ മനസ്സിന്റെ നൊമ്പരത്തെപ്പറ്റി ഊഹിച്ചു സഹകരിക്കാമെന്നു ശപഥം ചെയ്തു. അതുപോലെ തന്നെ സനാതന പത്രത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിലെ പത്രമാഫീസിലെത്തിയപ്പോള്‍ ഷേപ്ഫ്‌ളോറിലും മറ്റു കാര്യങ്ങള്‍ ഒരുങ്ങിയോ എന്നുല്‍ക്കണ്ഠയോടെ അന്വേഷിച്ചിരിക്കുമ്പോഴും തന്റെ ഓഫീസുമുറിയില്‍ വിളിച്ചുവരുത്തി പ്രസാദം തന്ന് അനുഗ്രഹിക്കുവാനും താമസം മെച്ചപ്പെടുത്താനുമൊക്കെ ആ തിരുമനസ്സ് അതീവ ജാഗ്രത കാണിക്കുന്നത് അത്ഭുതത്തോടെ കണ്ട് പകച്ച് നിന്നു. എഡിറ്റു ചെയ്ത ആദ്യപ്രതികള്‍ വര്‍ണ്ണാഭമായ പ്രഥമപത്രമെന്ന് പുണ്യഭൂമി തൃശൂര്‍ എഡിഷനെ സ്വാമിജി വിവരിച്ചു. ഒരു കോപ്പി വച്ചു നീട്ടി. സ്വാമിജിയുടെ വരപ്രസാദമായ ആ പത്രം ഞാന്‍ സസന്തോഷം സൂക്ഷിക്കുന്നു. (പിന്നീട് ഒരു ദിവസം മുംബയില്‍ പത്രം പ്രസിദ്ധപ്പെടുത്തിയതും സ്വന്തമായി എനിക്കെഴുതി പ്രസിദ്ധപ്പെടുത്താന്‍ തക്കസന്ദര്‍ഭം ലഭിച്ചതുമൊക്കെ ജീവിത സൗഭാഗ്യങ്ങളത്രേ). തല്‍സമയം അതിശയോക്തിയില്ലാതെ, സ്വാമിജി എന്നോട് ഒരു നിര്‍ദ്ദേശവും നല്‍കിയിരുന്നു. എഴുതിക്കോ………………. എന്നോടല്ലാതെ വെറെ ആരോടു ചോദിക്കാനാ എന്ന്; അതു കേട്ട മാത്രയില്‍തന്നെ എന്തെന്നില്ലാത്ത ഒരു പ്രസരമാണ് എന്നിലുണ്ടായതെന്ന് ഓര്‍ക്കുവാന്‍ എപ്പോഴും താല്പര്യപ്പെടുന്നു. തൃശ്ശൂരില്‍ പത്രമാഫീസില്‍ കാണുന്നതിന് മുന്‍പ് സ്വാമിജിയുമായി ഈ മുംബൈക്കാരന് രണ്ടുതവണമാത്രമാണ് കാണാന്‍ കഴിഞ്ഞത്. എന്നിട്ടും ഈയുളളവന് അതിശക്തമായി വിശ്വാസം ജഗദ്ഗുരുവിലുണ്ടായത്. എനിക്ക് വിസ്മയമാണ്, സംശയമില്ല സ്വാമിജിയുടെ ലേഖനസമ്പത്തില്‍ ചിലത് അദ്ദേഹത്തിന്റെ അനുമതിയോടെ മറ്റു ഭാഷകളില്‍ പ്രചരിപ്പിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഗുരുദേവന്റെ സ്മരണ നിലനിര്‍ത്താന്‍ ഏതു വിധത്തിലൊക്കെ നമുക്ക് പ്രവര്‍ത്തിക്കാമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post