ബെര്‍ലിന്‍: ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ സ്ഥാനാര്‍ഥി ക്രിസ്റ്റിയന്‍ വുള്‍ഫ് (51) ജര്‍മനിയുടെ പത്താമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1242 അംഗങ്ങളുള്ള ഇലക്ടറല്‍ കോളജില്‍ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും സഖ്യത്തിലെ ഭിന്നത കാരണം മൂന്നാം റൗണ്ടിലാണു വുള്‍ഫിനു ജയിക്കാനായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ വുള്‍ഫ് നാളെ സ്ഥാനമേല്‍ക്കും.
കിഴക്കന്‍ ജര്‍മനിയില്‍നിന്നുള്ള പൗരാവകാശ പ്രവര്ത്തകന് ജൊവാക്കിം ഗൗക് ആയിരുന്നു പ്രതിപക്ഷത്തെ സോഷ്യല്‍ ഡമോക്രാറ്റിക്, ഗ്രീന്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ടിവി ജേണലിസ്റ്റ് ആയ ലുക്രേസിയ ജോഷിസ്മെനും മത്സരിച്ചിരുന്നു.ആദ്യ റൗണ്ടില്‍ 23 വോട്ടും രണ്ടാം റൗണ്ടില്‍ 15 വോട്ടും കുറവായിരുന്ന വുള്‍ഫ് മൂന്നാം റൗണ്ടിലാണു കഷ്ടിച്ചു രണ്ടു വോട്ടിന്റെ ഭൂരിപക്ഷം നേടി (625 വോട്ട്) ഗൗക്കിനെ പരാജയപ്പെടുത്തിയത്.
മൂന്നാം റൗണ്ടില്‍ ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഭരണസഖ്യത്തിലെ 44 എംപിമാര്‍ ആദ്യ റൗണ്ടില്‍ വുള്‍ഫിനെ പിന്തുണച്ചില്ല.ലോവര്‍ സാക്സണി സംസ്ഥാനത്ത് 2003 മുതല്‍ പ്രധാനമന്ത്രിയായിരുന്ന വുള്‍ഫ് പ്രായോഗിക രാഷ്ട്രീയത്തില്‍ മികവു തെളിയിച്ചിരുന്നു. കുടിയേറ്റക്കാരുടെ വികാരം ഉള്‍ക്കൊണ്ട അദ്ദേഹം തുര്‍ക്കിയില്‍നിന്നു കുടിയേറിയ അയ്ഗുല്‍ ഒസ്കാനെ സ്വന്തം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ജര്‍മനിയില്‍ ആദ്യമായാണു സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഒരു മുസ്ലിം മന്ത്രിയുണ്ടാവുന്നത്.
Discussion about this post