വി.പങ്കജാക്ഷന്‍പിള്ള
ഞാന്‍ ആശ്രമത്തില്‍ വന്നതിനുശേഷമുള്ള അനുഭവങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഓര്‍മ്മ ശരിയാണെങ്കില്‍ 1989 ഡിസംബര്‍ മാസം 10-ാംതീയതിയാണ് ആശ്രമത്തില്‍ ആദ്യമായി കാലുകുത്തുന്നത്. ഒരു മണ്ഡലമാസക്കാലംകൂടിയായിരുന്നതിനാല്‍ രാത്രിയിലുള്ള സ്വാമിജിയുടെ ആരതിയും, ബ്രഹ്മമുഹൂര്‍ത്തത്തിലുള്ള അഭിഷേകവും ദര്‍ശിക്കാന്‍ എനിക്കും എന്റെ കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും ഇളയ മകനും ഭാഗ്യം സിദ്ധിച്ചത് ഒരു മഹാത്ഭുതമായി ഇന്നും സ്മരിക്കുകയാണ്.
കായംകുളത്തുനിന്നും പുറപ്പെട്ടാല്‍ രണ്ടരമണിക്കൂര്‍കൊണ്ട് ആശ്രമത്തില്‍ എത്തിച്ചേരാം. പക്ഷേ എനിക്ക് അവിടെ എത്തിച്ചേരാന്‍ ഏകദേശം 8 മണിക്കൂര്‍ വേണ്ടിവന്നു. കാരണം ആശ്രമത്തിലേക്കുള്ള വഴി കൃത്യമായി അറിയാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ തികഞ്ഞ ഒരു മദ്യപാനിയായിരുന്നതിനാല്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 5 വയസ്സുള്ള ഇളയമകനെയും കൂട്ടി മദ്യപാനം നിര്‍ത്താന്‍ ആരോ മുമ്പു പറഞ്ഞിട്ടുള്ള ഒരറിവിന്റെ സ്മരണയില്‍ ഇറങ്ങി പുറപ്പെട്ടത്. എനിക്കാണെങ്കില്‍ സ്വാമിമാരെ പുച്ഛമായിരുന്നു. അതിന്റെ ഫലമെല്ലാം ഞാന്‍ അനുഭവിക്കുകയും ചെയ്തു.
കായംകുളത്തുനിന്നും രാവിലെ 6മണിക്ക് ബസ് കയറിയ ഞാനും കൂടെയുള്ളവരും ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ആശ്രമത്തില്‍ എത്തിയത്. താമസിക്കാതെതന്നെ സ്വാമിജിയുടെ ദര്‍ശനം കിട്ടി. എന്റെ അറിവില്ലായ്മകൊണ്ട് സ്വാമിജിയുടെ മുമ്പിലുള്ള കസേരയില്‍ ഇരുന്നുകൊണ്ടാണ് സംസാരം തുടങ്ങിയത്. അന്ന് എനിക്ക് വയസ്സ് 37. എന്നെക്കണ്ടമാത്രയില്‍ തന്നെ സ്വാമിജി എന്റെ പൂര്‍വ്വവൃത്താന്തങ്ങള്‍ മനസ്സിലാക്കിയിരുന്നു. മൂഢനായ എനിക്കുണ്ടോ അത് മനസ്സിലാകുന്നു. ഞാന്‍ ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഞാന്‍ ജീവനോടെ ഇരിക്കുമായിരുന്നില്ല. വന്‍കുടലിന് ദ്വാരം വരെ വന്ന സമയത്താണ് അവിടെ എത്തിയത്. സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം കുറിച്ചുതന്ന ആയുര്‍വ്വേദ മരുന്നുകള്‍ ഞാന്‍ ശ്രീകാര്യത്ത് പോയി വാങ്ങിക്കൊണ്ട് വന്ന് കൃഷ്ണന്‍പോറ്റിയുടെ കയ്യില്‍കൊടുത്തു. അത് സീതാരാമ ആഞ്ജനേയ ക്ഷേത്രത്തില്‍ വച്ച് പൂജിച്ച് 1989 ഡിസംബര്‍ 25-ാം തീയതി ആശ്രമത്തില്‍ ചെന്നപ്പോള്‍ എനിക്ക് തിരിച്ചുതന്നു. ബ്രഹ്മചര്യത്തോടുകൂടി മൂന്നുമാസം കഴിച്ചുകഴിഞ്ഞപ്പോള്‍ എന്റെ അസുഖങ്ങള്‍ എല്ലാം മാറി. മദ്യപാനം നിര്‍ത്തിയതിനുശേഷമാണ് ഔഷധങ്ങള്‍ കഴിക്കാന്‍ ആരംഭിച്ചത്. ഞാന്‍ സംസ്‌കൃതസ്‌കൂളില്‍ നിന്നാണ് 10-ാം ക്ലാസ് പാസ്സായത്. അതുകൊണ്ട് ഡിസംബര്‍ 25-ാംതീയതി നടന്നുകൊണ്ടിരുന്ന കെടാവിളക്കിന്റെ പ്രതിഷ്ഠാദിനത്തില്‍ നടക്കുന്ന വിഷ്ണു, ലളിതാ സഹസ്രനാമലക്ഷാര്‍ച്ഛനകളില്‍ ഒരു പുസ്തകവും വാങ്ങി ഞാനും പങ്കെടുത്തു. ആദ്യമെല്ലാം കുറെ തെറ്റുകള്‍ ചൊല്ലിയെങ്കിലും ഇപ്പോള്‍ ഏത് ലക്ഷാര്‍ച്ചനകളിലും പങ്കെടുക്കുവാനുള്ള ആര്‍ജ്ജവം സ്വാമിജി തന്നിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ പൊളിച്ചുകളഞ്ഞ് കപ്പ നടണം എന്നു പറഞ്ഞ ഒരു നിരീശ്വരവാദികൂടിയായ ഞാന്‍ അന്നുതൊട്ട് സ്വാമിജിയുടെയും ഗുരുപാദരുടെയും ശ്രീരാമപട്ടാഭിഷേകത്തിന്റെയും പടം വച്ച് സാധനാക്രമം അനുസരിച്ചുള്ള പൂജകള്‍ രാവിലെയും വൈകിട്ടും മുടങ്ങാതെ ഇപ്പോഴും നടത്തിവരുന്നു. രാത്രിയില്‍ രാമായണം ഒരു പേജെങ്കിലും വായിക്കാതെ ഉറങ്ങുകയില്ല. ഒരുകാലത്ത് രാമായണപാരായണം ചെയ്യുന്നവരെ തെറ്റായിചിത്രീകരിച്ച ആളുകൂടി ആണിത്. ആശ്രമവിശ്വാസിയാണെന്ന് അറിഞ്ഞതുമൂലം സി.പി.എമ്മില്‍ അംഗത്വമുണ്ടായിരുന്ന എന്റെ അംഗത്വം അവര്‍ ക്യാന്‍സലാക്കി. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്നതുപോലെ. ഇതിനെല്ലാം കാരണമായത് എന്റെ ഭാര്യ ശോഭനയുടെ മനസ്സാണ്. സ്വാമിജിയെ ആദ്യം ദര്‍ശിച്ചതുമുതല്‍ ഇന്നുവരെ എനിക്കും ഭാര്യ ശോഭനയ്ക്കും മൂത്തമകന്‍ പ്രമോദ് ദാസിനും ഇളയമകന്‍ പ്രേംദാസിനും ഗുരുവും സ്വാമിജിയും കഴിഞ്ഞേബാക്കിയുള്ള ദൈവങ്ങള്‍ ഉള്ളൂ എന്ന ചിന്തയുണ്ടായി. സ്വാമിജി പറഞ്ഞിട്ടുള്ള ഓരോവാക്കും ഓരോ വിഗ്രഹമായി ഞങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഞാനും ഭാര്യയും സ്വാമിജിയില്‍ നിന്ന് മന്ത്രോപദേശം സ്വീകരിച്ചവരാണ്. സ്വാമിജി ഒപ്പിട്ടുതന്ന ആ മന്ത്രങ്ങള്‍ ഫ്രെയിം ചെയ്ത് ഞങ്ങളുടെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ കെടാവിളക്കായി എന്നും അത് ശോഭിക്കും. സ്വാമിജിയുടെ ഭൗതികശരീരം ഇത്രപെട്ടെന്ന് ഉപേക്ഷിക്കുമെന്ന് മൂഢനായ എനിക്ക് അറിയാന്‍ കഴിയാതിരുന്നതില്‍ ദുഃഖമുണ്ട്. തല്ക്കാലം നിര്‍ത്തട്ടെ.
ഓം സത്യാനന്ദപരബ്രഹ്മണേ നമഃ
മറ്റൊരു അനുഭവക്കുറിപ്പ്: –
ഞങ്ങള്‍ ആശ്രമത്തില്‍ വന്നതിനുശേഷം വളരെയധികം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഇവിടെ കുറിക്കണമെങ്കില്‍ ദിവസങ്ങള്‍ തന്നെ വേണം. എണ്ണമില്ലാത്ത പേജുകളില്‍ കൂടിയും അതു തീരുകയില്ല. ചിലതുമാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ. എന്റെ കാര്യങ്ങള്‍ എല്ലാം മംഗളമായി കഴിഞ്ഞപ്പോള്‍ എന്റെ മൂത്തമകനായ പ്രമോദ് ദാസ്, 12 വയസ്സുള്ളപ്പോള്‍ മുതല്‍ വീട്ടില്‍നിന്നും പണവും എടുത്തുകൊണ്ട് ഇറങ്ങിപ്പോകുക പതിവായി. അങ്ങനെ ആറു തവണ ഇറങ്ങിപ്പോയി. അഞ്ചുതവണയും രണ്ടുദിവസം കഴിയുമ്പോള്‍ ആശ്രമത്തില്‍ എത്തിച്ചേരും. ഞങ്ങള്‍ അന്വേഷിച്ച് പോകാറില്ല. പൂജാമുറിയിലാണ് ഗുരുപാദത്തിലും സ്വാമിജിയിലുംമാത്രം മനസ്സ് അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്യാറുള്ളൂ. ഓരോ തവണ തിരിച്ചുവരുമ്പോഴും അവനെയും കൊണ്ട് സ്വാമിജിയുടെ അടുത്ത് ചെന്ന് കാര്യങ്ങള്‍ വിശദീകരിക്കും.
യഥാര്‍ത്ഥത്തില്‍ സ്വാമിജിയുടെ ശക്തികൊണ്ടാണ് അവന്‍ അവിടെ എത്തിച്ചേരുന്നതും. സ്വാമിജിക്ക് ഇതെല്ലാം മുന്‍കൂട്ടി അറിയാമായിരുന്നതുകൊണ്ട് സ്വാമിജി സാന്ത്വനഭാവത്തില്‍ അവനെ ഗുണദോഷിക്കുമായിരുന്നു. അവന്‍ ഇല്ലാതിരുന്ന സമയത്ത് കുറേ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. ജനനംകൊണ്ട് ഇവന്‍ ലോക ക്രിമിനല്‍ ആകേണ്ടവനാണ്. എല്ലാം ഇവിടെകൊണ്ട് അവസാനിക്കുന്നു. തല്ലുകൊണ്ട് എല്ല് ഒടിയുക, കേസില്‍പ്പെട്ട് ജയില്‍വാസം അനുഭവിക്കുക, ക്രിമിനലുമായി കൂട്ടുകെട്ടുക ഇതെല്ലാം ജനനസമയത്തിന്റെ പരിണിത ഫലമാണ്. മാവേലിക്കരദേവി ഹനുമാന്‍ ക്ഷേത്രത്തില്‍ ആക്രമണത്തിനുവന്നവരില്‍നിന്നും മൂക്കിനടിയേറ്റു. അതിനോടൊപ്പം കേസിലും കുടുങ്ങി എല്ലാം നിസ്സാരമായി പര്യവസാനിച്ചു. ഇത് സംഭവിക്കുന്നത് 12-ാം വയസ്സിലാണ്. ഇപ്പോള്‍ ഗുരുകൃപയാല്‍ തെക്കേആഫ്രിക്കയില്‍ ജോലി ചെയ്യുന്നു. അതു പറയാന്‍ കാരണം തെക്കേആഫ്രിക്കയില്‍ ചെന്നതിന്റെ അടുത്തദിവസം തിരിച്ചുപോരുകയാണെന്ന് അവന്‍ ഫോണില്‍ക്കൂടി എന്നെ അറിയിച്ചു. ഉടനെ ഞാന്‍ പറഞ്ഞു. മോനെ സ്വാമിജി ചോദിച്ചു. ഇവിടെ വന്നിട്ട് എന്തുചെയ്യാന്‍ പോകുന്നു. അവിടെ നിന്നാല്‍ മതിയെന്ന് പറയാന്‍. പ്രയത്‌നിച്ചാല്‍ വര്‍ക്ക്‌പെര്‍മിറ്റ് കിട്ടുമെന്നും പറഞ്ഞു. അതനുസരിച്ചതുകൊണ്ട് ഇപ്പോള്‍ അവിടെ ജോലിചെയ്യുന്നു. ഇവിടെ വന്നിരുന്നു എങ്കില്‍ ജയിലില്‍ പോകേണ്ടി വരുമായിരുന്നു.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post