മുംബൈ: ദുബായിലേക്ക് സ്വര്‍ണം കയറ്റുമതി ചെയ്ത സര്‍ക്കാര്‍ സ്ഥാപനമായ എം.എസ്.ടി.സി. ലിമിറ്റഡില്‍ നിന്ന് 480 കോടിയോളം തട്ടിയ സംഭവം സി.ബി.ഐ. കണ്ടെത്തി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ എം.എസ്.ടി.സി. ഓഫീസുകളിലും കയറ്റുമതി ചെയ്ത വിവിധ സ്ഥാപനങ്ങളിലും സി.ബി.ഐ. റെയ്ഡ് തുടരുകയാണ്.
മുംബൈയിലെ ഉമേഷ് ജ്വല്ലേഴ്‌സ് ആന്‍ഡ് പാക്കിങ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡ്, സ്‌പേസ് മര്‍ക്കന്‍ൈറല്‍, കെ.എ. മല്ലേ ഫാര്‍മസ്യൂട്ടിക്കല്‍, ജോഷി ബുള്ളിയന്‍ ആന്‍ഡ് ജെംസ് ജ്വല്ലറി, ബോണ്ട് ജെംസ്, ഇന്തോ ബൊണികോ മള്‍ട്ടി നാഷണല്‍ തുടങ്ങി ആറു സ്ഥാപനങ്ങളാണ് 600 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ദുബായിലെ ഗോള്‍ഡണ്‍ സ്റ്റോക്ക് ഇലക്‌ട്രോണിക്‌സ്, ഗോള്‍ഡണ്‍ പ്ലേസ് ജ്വല്ലറി, ഹിമാലയ ഡയമണ്ട്‌സ്, മൈന്‍ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലേഴ്‌സ്, സുപ്പീരിയര്‍ ജനറല്‍ ട്രേഡിങ്, ലിയോ ഡയമണ്ട് എന്നീ സ്ഥാപനങ്ങളിലേക്ക് കയറ്റി അയച്ചത്.
കയറ്റുമതി ചെയ്ത വ്യക്തികളും ദുബായില്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത വ്യക്തികളും വ്യത്യസ്തരല്ലെന്ന് സി.ബി.ഐ.യുടെ അന്വേഷണത്തില്‍ വ്യക്തമായെന്ന് സി.ബി.ഐ. അഴിമതി വിരുദ്ധ ബ്യൂറോ ജോയന്റ് ഡയറക്ടര്‍ ഋഷിരാജ് സിങ് വെളിപ്പെടുത്തി. സ്വര്‍ണത്തിന്റെ വിലയായ 600 കോടിയില്‍ 80 ശതമാനത്തോളം (480 കോടി) എം.എസ്.ടി.സി. വായ്പയായി സ്വര്‍ണം അയച്ച സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. ദുബായില്‍ സ്വര്‍ണം വിറ്റ ഏജന്റിന് രണ്ടു ശതമാനം കമ്മീഷന്‍ നല്‍കി ഈ പണം ഹവാല വഴി ഇന്ത്യയിലെത്തിക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഈ പണം എം.എസ്.ടി.സി. വഴിയാണ് വരേണ്ടത്. അവരുടെ വായ്പത്തുക തിരിച്ചടച്ച ശേഷം ബാക്കി തുകയാണ് സ്വര്‍ണം കയറ്റുമതി ചെയ്ത സ്ഥാപനങ്ങള്‍ക്ക് ലഭിക്കാറ്. എന്നാല്‍ സ്വര്‍ണം കയറ്റുമതി ചെയ്തതും അതുവാങ്ങിയ ആളും ഒന്നാകയാല്‍ തട്ടിപ്പ് എളുപ്പമായി. എം.എസ്.ടി.സി.യുടെ അറിവോടെയാണോ ഈ തട്ടിപ്പു നടന്നതെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.
Discussion about this post