കണ്ണൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഇന്നു വൈകുന്നേരം ആറിനു കണ്ണൂര്‍ ജവഹര്‍ സ്റേഡിയത്തില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. നടന്‍ ദിലീപ് മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും സംഗീത നൃത്ത കലാ രംഗങ്ങളിലെ താരങ്ങളും ചടങ്ങില്‍ അണിനിരക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള 101 കലാകാരന്മാരുടെ താളവാദ്യം ഉദ്ഘാടനച്ചടങ്ങിന് അകമ്പടിയാകും.
മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. മോഹനന്‍, എന്നിവരും കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സി. കൃഷ്ണന്‍, കെ.കെ. നാരായണന്‍, സണ്ണി ജോസഫ്, ടി.വി. രാജേഷ്, ജെയിംസ് മാത്യു, കെ.എം. ഷാജി, ഇ.പി. ജയരാജന്‍, നഗരസഭാധ്യക്ഷ എം.സി. ശ്രീജ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ സ്വാഗതമാശംസിക്കും. ടൂറിസം വകുപ്പു ഡയറക്ടര്‍ റാണി ജോര്‍ജ്, കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ്, ജികെഎസ്എഫ് ഡയറക്ടര്‍ യു.വി. ജോസ്, മുതിര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധികള്‍, വ്യാപാര വ്യവസായ മേഖലകളിലെ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.
ജികെഎസ്എഫ് ടൈറ്റില്‍ സ്പോണ്‍സര്‍മാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുഖ്യ സ്പോണ്‍സര്‍മാരായ മലബാര്‍ ഗോള്‍ഡ്, ജോസ്കോ, ടാറ്റാ മോട്ടോഴ്സ്, ഭീമാ ജ്വല്ലറി എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിനെത്തും.
ഉദ്ഘാടനത്തിനുശേഷം വിജയ് യേശുദാസ്, ആന്‍ഡ്രിയ, നരേഷ് അയ്യര്‍ എന്നിവര്‍ അണിനിരക്കുന്ന സംഗീത പരിപാടിയും പ്രശസ്ത സിനിമാ താരങ്ങളായ രമ്യ നമ്പീശന്‍, മീര നന്ദന്‍ എന്നിവരുടെ നൃത്തവും കോട്ടയം നസീറും സംഘവും അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും അരങ്ങേറും. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ വഴിയാണു പാസ് വിതരണം.
Discussion about this post