തിരുവനന്തപുരം: വിശ്വസ്തര്‍ക്കെതിരായ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വിഎസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 3 പേര്‍ക്കെതിരായ നടപടി സിപിഐ(എം) സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് പരിഗണിക്കാനിരിക്കെയാണ് വിഎസ് കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ വി കെ ശശിധരന്‍, കെ ബാലകൃഷ്ണന്‍, എ. സുരേഷ് എന്നിവര്‍ക്ക് എതിരായ നടപടിയാണ് സംസ്ഥാന സമിതി പരിഗണിക്കുന്നത്. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം.
മൂന്ന് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിരുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ മൂന്നുപേരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സെക്രട്ടറിയേറ്റില്‍ ധാരണയായത്. സെക്രട്ടറിയേറ്റിന്റെ ഈ തീരുമാനമാണ് സംസ്ഥാന സമിതിയെ അറിയിക്കുക.
Discussion about this post