തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ തടയാന്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റോഡ് സുരക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിയമ ലംഘനങ്ങളാണ് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാനകാരണം. ഇത് തടയുന്നതിന് പോലീസ്, മോട്ടോര്‍ ഗതാഗതം, റോഡ് പദ്ധതി വകുപ്പുകള്‍ സംയുക്തമായി നടപടി സ്വീകരിക്കണം. വാഹനപരിശോധന കാര്യക്ഷമമാക്കി എതിര്‍പ്പുകള്‍ മറികടന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപകടത്തില്‍ കാഴ്ചക്കാരായി മാറുകയും ദുഃ:ഖം പ്രകടിപ്പിക്കുകയും ചെയ്ത് ഉത്തരവദിത്തത്തില്‍ നിന്ന് ഒഴിയുന്ന മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബോധവത്കരിച്ചും ഡ്രൈവര്‍ക്ക് പരിശീലനം നല്‍കിയും റോഡുകള്‍ മെച്ചപ്പെടുത്തിയും റോഡ് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ചടങ്ങില്‍ അധയക്ഷനായ ഊര്‍ജ്ജ-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് റോഡപകടങ്ങളുടെ എണ്ണത്തില്‍ 2012 -ല്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും അപകടമരണങ്ങളുടെ തോത് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിച്ചു. സംസ്ഥാനത്ത് ഹൈവേകളുടെ വീതിവര്‍ധിപ്പിക്കുന്നതിനെതിരേയുള്ള പ്രതികരണങ്ങള്‍ ഭാവിതലമുറയോടുള്ള വെല്ലുവിളിയാണ്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷാ നിയമങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ-ദേവസ്വം വകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ സുരക്ഷാമുദ്രാവാക്യ പ്രകാശനം നിര്‍വഹിച്ചു. മേയര്‍ അഡ്വ.കെ. ചന്ദ്രിക റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരിക്കകം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം ചടങ്ങില്‍ ഇര്‍ഫാന്റെ പിതാവ് ഏറ്റുവാങ്ങി. മികച്ച ഡ്രൈവറായി തെരഞ്ഞെടുക്കപ്പെട്ട കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജി. തുളസീധരന്‍ പിള്ളയും മികച്ച റോഡ് സുരക്ഷാ ക്ളബ്ബിന്റെ സംഘാടകനായി തെരഞ്ഞെടുക്കപ്പെട്ട എസ്. റിയാസും മന്ത്രി ആര്യാടന്‍ മുഹമ്മദില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
Discussion about this post