ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും വനിതകള്‍ക്കു മൂന്നിലൊന്നു സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിബില്‍ അടുത്തയാഴ്‌ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പരിഗണനയ്‌ക്കെടുക്കും. രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്ലിന് ഇനി ലോക്‌സഭയുടെ കടമ്പ കടക്കേണ്ടതുണ്ട്. തദ്ദേശ ഭരണ സ്‌ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50% സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകളും ഇത്തവണ പരിഗണിക്കും.
പുതുതായി അവതരിപ്പിക്കുന്ന 22 ബില്ലുകള്‍ ഉള്‍പ്പെടെ 54 ബില്ലുകളാണു സഭയിലെത്തുന്നത്. ഒന്‍പതിന് ആരംഭിക്കുന്ന സമ്മേളനം ഡിസംബര്‍ 13ന് അവസാനിക്കും. സമ്മേളന ദിനങ്ങള്‍ 24. സഹകരണ സംഘ ഭേദഗതി ബില്‍, ജോലി സ്‌ഥലത്തെ ലൈംഗിക പീഡനങ്ങളില്‍നിന്നു വനിതകള്‍ക്കു സംരക്ഷണം നല്‍കാനുള്ള ബില്‍, ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്‍, നാഷനല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ബില്‍ തുടങ്ങിയവയാണു പുതുതായി അവതരിപ്പിക്കുന്ന ബില്ലുകള്‍.
നിലവിലുള്ള പാക്ക് പൗരന്മാരുടെ ഇന്ത്യയിലെ സ്വത്തു സംബന്ധിച്ച ശത്രു സ്വത്തു ബില്ലും തൊഴില്‍ നിയമ ഭേദഗതി ബില്ലും പിന്‍വലിച്ചു പകരം ഭേദഗതികളോടെയുള്ള പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും നഷ്‌ടപരിഹാര വ്യവസ്‌ഥകളും കര്‍ശനമാക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലും പാസാക്കാനായി പരിഗണിക്കും. ഒറീസ സംസ്‌ഥാനത്തിന്റെ പേര് ഒഡീസയെന്നും ഒറിയ ഭാഷയുടെ പേര് ഒഡീയയെന്നും മാറ്റാനുള്ള ബില്ലുകളും പാസാക്കും.സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ ബില്‍, വിത്തു ബില്‍, ചരിത്ര പൈതൃക ദേശീയ കമ്മിഷന്‍ ബില്‍, വിദ്യാഭ്യാസ ട്രൈബ്യൂണല്‍ ബില്‍ തുടങ്ങിയവയും പരിഗണനയ്‌ക്കെത്തും.
Discussion about this post