ശബരിമല: ശബരിമലയില്‍ ബഹുനില അന്നദാന മണ്ഡപമടക്കമുള്ള അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഗോവിന്ദന്‍ നായര്‍ പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ആവശ്യമായ ഭക്ഷണം ലഭ്യമാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇതിന്റെ ഭാഗമായി നാലുനിലകളിലുള്ള അന്നദാന മണ്ഡപം നിര്‍മിക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രാ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കുള്ള തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. ആന്ധ്രാ സെക്ഷനായുള്ള കെട്ടിടത്തിന് ഫെബ്രുവരിയില്‍ തറക്കല്ലിടും. അയ്യപ്പസേവാസമാജം വൈസ് ചെയര്‍മാന്‍ സുദര്‍ശന റെഡ്ഡി അന്നദാന മണ്ഡപത്തിലെ ആന്ധ്രാ വിഭാഗത്തിനായി 10 കോടി രൂപ നല്‍കാനുള്ള സമ്മതപത്രം ദേവസ്വം ബോര്‍ഡിന് കൈമാറിയിട്ടുണ്ട്.
ചെന്നൈയില്‍ നിന്നുമുള്ള ഒരു ഭക്തന്‍ 15 കോടി രൂപ നല്‍കാമെന്ന് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.
പമ്പയില്‍ 30 കോടി രൂപ ചെലവിട്ട് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. ടോയ്‌ലെറ്റ് സൗകര്യം അടുത്തവര്‍ഷം മുതല്‍ സൗജന്യമാക്കും. കൂടാതെ പുതിയ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കും. ശബരിമലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ശുദ്ധജല വിതരണ സൗകര്യം മെച്ചെപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ബൃഹത്തായ ഒരു ശുദ്ധജലപദ്ധതി നടപ്പാക്കും. ഇതിനായി സ്‌പോണ്‍സര്‍മാരുടെ സഹായം തേടും.
ശബരിമലയിലെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയാറാക്കുന്ന പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. ശബരിമലയിലെ വികസന പദ്ധതികള്‍ക്കായുള്ള ഭൂമിയുടെ ലഭ്യതയ്ക്കായി ബോര്‍ഡ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
ഇന്ത്യയിലെ തന്നെ പ്രധാനതീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ മകരവിളക്ക് ഉത്സവദിവസം പൊതു അവധിയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രസിഡണ്ട് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസുവും പങ്കെടുത്തു.
Discussion about this post