തിരുവനന്തപുരം: എത്ര പുരോഗതി നേടിയാലും സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യാത്ത സമൂഹം അപരിഷ്കൃതമാണെന്നും ലിംഗപരമായ വിവേചനം സമൂഹത്തില്‍ മാറ്റിയെടുക്കണമെന്നും സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ഭരണഘടന തുല്യപ്രാധാന്യം നല്‍കുന്നിടത്ത് സ്ത്രീകള്‍ക്ക് തുല്യപദവി നേടാന്‍ കഴിയാത്തത് നാടിന്റെ വലിയ വിപത്താണ്. പെണ്‍കുട്ടികളുടെ ദേശീയ ദിനത്തോടനുബന്ധിച്ച് മ്യൂസിയം വളപ്പില്‍ സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോസക്കുട്ടി ടീച്ചര്‍.
സമൂഹത്തിന്റെ സ്വത്തായി പെണ്‍കുട്ടിയെ കാണണമെന്നും സ്ത്രീകളെ അനാദരിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ ദേശീയ ദിനത്തിന്റെ പ്രസക്തി ഏറെയാണെന്നും അവര്‍ പറഞ്ഞു. എന്റെ സഹോദരി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സര ചടങ്ങില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ് പി.വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഇന്‍ഫര്‍മേഷന്‍ – പബ്ളിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍.അജിത്കുമാര്‍ സ്വാഗതവും ഫീല്‍ഡ് പബ്ളിസിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും നൂറില്‍പരം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ പട്ടം സെന്റ് മേരീസ് എച്ച് എസ് എസ് -ലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി ശില്പ ശിവരാമന് ഒന്നാം സ്ഥാനവും മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനി ആര്‍ച്ച സുശീന്ദ്രന് രണ്ടാം സ്ഥാനവും കവടിയാര്‍ ക്രൈസ്റ്നഗര്‍ എച്ച്.എസ്.എസ്.ലെ ഒമ്പതാംക്ളാസ് വിദ്യാര്‍ത്ഥി ജിഷ്ണു ബി.ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവനിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി രേഷ്മ പി.ഡി.ക്ക് ഒന്നാം സ്ഥാനവും പാങ്ങോട് ആര്‍മി പബ്ളിക് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി അപര്‍ണ ജി.ക്ക് രണ്ടാം സ്ഥാനവും പട്ടം സെന്റ് മേരീസ് എച്ച് എസ് എസ് -ലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി ശിഖ ശിവരാമന് മൂന്നാം സ്ഥാനവും ലഭിച്ചു.
Discussion about this post