തിരുവനന്തപുരം: സംസാരശേഷിക്കുറവ് ജനനത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലാ – താലൂക്ക് ആശുപത്രികളിലും സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ നടത്തിയ കുട്ടികളുടെയും അവരുടെ രക്ഷാകര്‍ത്താക്കളുടെയും കുടുംബ സംഗമം നാദം – 2013 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹത്തില്‍ കേള്‍വിയും സംസാര ശേഷിയുമില്ലാത്ത ഒരു കുട്ടിപോലും ഉണ്ടാകരുതെന്നും രക്ഷകര്‍ത്താക്കളുടെ സാമ്പത്തിക ശേഷിക്കുറവ് ചികിത്സയ്ക്ക് ഒരു തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു. സംസാരശേഷിക്കുറവും കേള്‍വിക്കുറവും നേരത്തെതന്നെ കണ്ടെത്താനും യഥാസമയം ഓപ്പറേഷന്‍ നടത്താനും ഓപ്പറേഷനുശേഷമുള്ള പരിചരണം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. കൂട്ടായ യത്നത്തിന്റെ വിജയമാണ് ഈ പദ്ധതിയുടെ വിജയം. ഇത് രക്ഷകര്‍ത്താക്കളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ഒരു സാമൂഹിക പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദൈവത്തിന്റെ കൈയ്യൊപ്പുള്ള പാവനമായ പദ്ധതിയാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹകരണം ഈ പദ്ധതിക്ക് ഉറപ്പാക്കുമെന്നും ആദ്യപടിയായി മലബാര്‍ സിമന്റ്സ് പത്ത് കുട്ടികളുടെ ചികിത്സാ ചെലവ് വഹിക്കും. 103 കുട്ടികള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ നടത്തിക്കഴിഞ്ഞതായും മാര്‍ച്ച് 31 നകം ലക്ഷ്യമിട്ട 200 കുട്ടികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ 65 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
Discussion about this post