തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ – പബ്ലിക്‌റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദീപശിഖാറാലി കന്യാകുമാരിയില്‍ സമാപിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന സമാപനസമ്മേളനം ഇന്‍ഫര്‍മേഷന്‍ – പബ്ലിക്‌റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ലോകം കണ്ട ഏറ്റവും വലിയ ദാര്‍ശനികനും നവോത്ഥാനനായകനുമായ സ്വാമിവിവേകാനന്ദനെ ക്കുറിച്ചുളള ഒളിമങ്ങാത്ത ഓര്‍മ്മകളും ദര്‍ശനങ്ങളും ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍യുവത്വത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചുറുചുറുക്കും ഓജസ്സും വീണ്ടെടുക്കാന്‍ വിവേകാനന്ദന്റെ വാക്കുകള്‍ക്കും ഉദ്‌ബോധനങ്ങള്‍ക്കും കഴിയുമെന്ന് ചടങ്ങിന് അദ്ധ്യക്ഷതവഹിച്ച വിവേകാനന്ദകേന്ദ്രം വൈസ്പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. അജിത്കുമാര്‍, വിവേകാനന്ദകേന്ദ്രം ട്രഷറര്‍ ഹനുമന്ദറാവു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. കൃഷ്ണസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി 12 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച ദീപശിഖാ പ്രയാണം വിവിധ ജില്ലകളിലെ സ്‌നേഹോജ്ജ്വലമായ സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട് ഫെബ്രുവരി മൂന്നിനാണ് തലസ്ഥാന ജില്ലയില്‍ പ്രവേശിച്ചത്.
ജില്ലാ അതിര്‍ത്തിയായ കടമ്പാട്ട്‌കോണത്ത് എത്തിച്ചേര്‍ന്ന റാലിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ആര്‍.ഡി.ഒ. മുഹമ്മദ് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. വെളളയമ്പലം മാനവീയം വീഥിയില്‍ നിന്നും കിഴക്കേകോട്ടവരെ ഫെബ്രുവരി നാലിന് നടന്ന പ്രതേ്യക ഘോഷയാത്ര ഉദ്ഘാടനം ചെയ്യാന്‍ ആരോഗ്യവകുപ്പ് വി.എസ്. ശിവകുമാര്‍ എത്തിയിരുന്നു. ജില്ലയിലെ രണ്ട് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയശേഷമാണ് ദീപശിഖാപ്രയാണം കന്യാകുമാരിയിലെത്തിയത്. ജന്‍മവാര്‍ഷികാഘോഷത്തിന്റെഭാഗമായി സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, കലാസാഹിത്യമത്സരങ്ങള്‍ എന്നിവയും ജില്ലയിലെ വിവിധഭാഗങ്ങളില്‍ നടന്നു.
Discussion about this post