യോഗാചാര്യ എന്‍. വിജയരാഘവന്‍
ഗുരുവന്ദനം
യോഗനിദ്ര പരിശീലിക്കുന്നതിനു മുന്‍പായി യോഗസാധനയുടെ ആരംഭമെന്നനിലയില്‍ ഗുരുവന്ദനം ചെയ്യേണ്ടതെങ്ങനെയെന്ന് പറയാം. ഗുരുനാഥന്റെ നേരിട്ടുള്ള ശിക്ഷണമില്ലാതെതന്നെ യോഗ പരിശീലിക്കാവുന്ന തരത്തിലാണ് ഈ പാഠങ്ങള്‍ രിചിച്ചിട്ടുള്ളത്. അതിനാല്‍ ഇതില്‍പറയുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൃത്യമായി പാലിക്കാന്‍ യോഗവിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. വജ്രാസനത്തില്‍ ഇരുന്നു പഠനം ആരംഭിക്കാം. വജ്രാസനത്തിന്റെ ചിത്രം നോക്കി മനസ്സിലാക്കുകയും അതേപടി ഇരിക്കാന്‍ പറ്റുമോ എന്നു നോക്കുകയും വേണം. കാലിന്റെ മുട്ടിന് വേദനയുള്ളവര്‍ക്ക് ഈ വിധത്തില്‍ ഇരിക്കാന്‍ പ്രയാസമനുഭവപ്പെടും. അവര്‍ സാവകാശത്തില്‍ പ്രസ്തുത ആസനത്തിലിരിക്കാന്‍ പരിശീലിക്കേണ്ടതുണ്ട്. ഒരഭ്യാസം ചെയ്യുമ്പോള്‍ കൂടുതല്‍ ശക്തികൊടുത്തോ വേദന സഹിച്ചോ ഒന്നു ചെയ്യാന്‍ പാടുള്ളതല്ല. ‘മെല്ലെ തിന്നാല്‍ മുള്ളും തിന്നാം’ എന്നാണല്ലോ.
വജ്രാസനത്തിലിരുന്ന് കണ്ണടച്ച് ശ്വാസഗതിയെ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസ്സ് ശാന്തമായിത്തീരുന്നു. ശ്വാസഗതി സാവധാനവും താളാത്മകവുമായിത്തീരുന്നു.
ഭക്ഷണം കഴിച്ചയുടനെയും ചെയ്യാവുന്ന ആസനങ്ങളില്‍ ഒന്നാണിത്. വയറുനിറയെ ആഹാരം കഴിച്ചതിനുശേഷം വജ്രാസനത്തിലിരുന്ന് ദീര്‍ഘശ്വാസം ചെയ്യുന്നതുകൊണ്ട് ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടും. ഇവിടെ നാം ഗുരുപ്രണാമത്തിലേക്ക് കടക്കുകയാണ്.
ഏതൊരഭ്യാസവും ആരംഭിക്കുന്നതിനുമുമ്പ് ഗുരുവന്ദനം നടത്തുന്നത് നല്ലതാണ്. അത് താന്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും തന്മൂലം വിജയിപ്പിക്കുന്നതിനും സഹായിക്കും.
വജ്രാസനത്തില്‍നിന്ന് പതുക്കെ മുന്നോട്ടു കുനിഞ്ഞു നെറ്റി നിലത്തുതൊട്ട് കൈ കൂപ്പി നിലത്തു സ്പര്‍ശിച്ചുകൊണ്ടുള്ള അവസ്ഥയിലിരിക്കുക. ഇതിന് ശശാസനം എന്നാണ് പേര്. ഓരോരുത്തര്‍ക്കും അവരവരുടെ ആചാരപ്രകാരം ദൈവസങ്കല്പമോ ഗുരുസങ്കല്പമോ ഈ സമയത്ത് ചെയ്യാവുന്നതാണ്. ഈ നിലയില്‍ അല്‍പനേരം ഇരുന്നുകൊണ്ട് ദീര്‍ഘശ്വാസമെടുക്കുക.
അതിനുശേഷം വജ്രാസനത്തിലേക്കുതന്നെ തിരിച്ചുവരികയും എഴുന്നേറ്റുനില്‍ക്കുകയും ചെയ്യുക.
Discussion about this post