തിരുവനന്തപുരം: 2012ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സിനിമാ പിതാവ് ജെ സി ഡാനിയേലിന് ആദരമര്‍പ്പിച്ച് കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ ആണ് മികച്ച ചിത്രം. പൃഥ്വിരാജിനെ മികച്ച നടനായും റിമ കല്ലിങ്കലിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പൃഥ്വിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ നിദ്ര, 22 ഫിമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിനാണ് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായത്.
ഇത് രണ്ടാം തവണയാണ് പൃഥ്വിരാജിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. 2006ല്‍ ‘വാസ്തവം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് അവാര്‍ഡ്.
‘അയാളും ഞാനും തമ്മില്‍’ സംവിധാനം ചെയ്ത ലാല്‍ ജോസാണ് മികച്ച സംവിധായകന്‍. അയാളും ഞാനും തമ്മിലാണ് മികച്ച ജനപ്രിയ ചിത്രം. മന്ത്രി കെ ബി ഗണേഷ്‌കുമാറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സെല്ലുലോയ്ഡിന് ഏഴ് അവാര്‍ഡുകള്‍ ലഭിച്ചു. കാറ്റേ കാറ്റേ എന്ന പാട്ട് പാടിയ ശ്രീരാമിനും വൈക്കം വിജയലക്ഷ്മിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. വിജയ് യേശുദാസിനെ മികച്ച ഗായകനായും സിത്താരയെ മികച്ച ഗായികയായും തെരഞ്ഞെടുത്തു.
മറ്റ് പുരസ്‌കാരങ്ങള്‍
ജനപ്രിയ ചിത്രം: അയാളും ഞാനും തമ്മില്‍
രണ്ടാമത്തെ ചിത്രം: ഒഴിമുറി
രണ്ടാമത്തെ നടന്‍: മനോജ് കെ ജയന്‍ (കളിയച്ഛന്‍)
രണ്ടാമത്തെ നടി: സജിത മഠത്തില്‍ (ഷട്ടര്‍)
ഗാന രചന: റഫീക്ക് അഹമ്മദ്
ഹാസ്യനടന്‍: സലിംകുമാര്‍ (അയാളും ഞാനും തമ്മില്‍)
പാശ്ചാത്തല സംഗീതം: ബിജിപാല്‍ (കളിയച്ഛന്‍)
മേക്കപ്പ്: എംജി റോഷന്‍
വസ്ത്രാലങ്കാരം: എസ്ബി സതീഷ്
മികച്ച ഛായാഗ്രാഹകന്‍: മധു നീലകണ്ഠന്‍ (അന്നയും റസൂലും)
എഡിറ്റിങ്: അജിത് കുമാര്‍ ( അന്നയും റസൂലും)
ഡബ്ബിങ് ആര്‍ടിസ്റ്റ്: വിമ്മി മറിയം ജോര്‍ജ്ജ്
കുട്ടികളുടെ ചിത്രം: ബ്ലാക്ക് ഫോറസ്റ്റ്
ടി വി ചന്ദ്രന്റ ഭൂമിയുടെ അവകാശികള്‍,മധുപാലിന്റെ ഒഴിമുറി,ലാല്‍ ജോസ് ചിത്രം അയാളും ഞാനും തമ്മില്‍ എന്നിവയാണ് മികച്ച ചിത്രങ്ങളുടെ പരിഗണനയില്‍ അന്തിമറൗണ്ടിലെത്തിയിരുന്നത്.
ഐവി ശശി അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. സിബി മലയില്‍, വിപിന്‍ മോഹന്‍, ജയശ്രീ കിഷോര്‍, സംഗീതസംവിധായകന്‍ സോമശേഖരന്‍, എഡിറ്റര്‍ രമേശ് വിക്രമന്‍ എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍. 84 ചിത്രങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
Discussion about this post