തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെതിരെ കെ. കരുണാകരന്‍ രംഗത്ത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കരുണാകരന്‍ ഉയര്‍ത്തിയത്. സംഘടനാ തിരഞ്ഞെടുപ്പ് വെറും പ്രഹസനമായെന്നും സംഘടന പിടിച്ചെടുക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും കരുണാകരന്‍ തിരുവനന്തപുരത്തെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ കഴിയില്ല. സമവായം എന്ന പേരില്‍ ചില ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. ഭരണഘടനാപരമായും നിഷ്പക്ഷമായുമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത അത്രയും വലിയ പ്രഹസനമാണ് ഇത്തവണ അരങ്ങേറിയതെന്നും കരുണാകരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടി ഈ വിഷയത്തില്‍ ലീഡറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ജനങ്ങളെ പറ്റിക്കാനായിരുന്നു എന്നായിരുന്നു കരുണാകരന്റെ മറുപടി. സോണിയാഗാന്ധിക്ക് പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ല. എങ്കിലും ഹൈക്കമാന്‍ഡില്‍ വിശ്വാസം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.
ഒരിക്കല്‍ കൂടി കേന്ദ്രനേതൃത്വത്തെ കാണുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ലീഡറെ തെറ്റിദ്ധരിപ്പിക്കുകയാണോ കെ. പി. സി. സി. നേതൃത്വം ചെയ്തത് എന്ന ചോദ്യത്തിന് ‘തെറ്റിദ്ധരിപ്പിച്ചുവെന്നല്ല പറയേണ്ടത് പറ്റിച്ചു’ എന്നായിരുന്നു കരുണാകരന്റെ മറുപടി.
Discussion about this post