തിരുവനന്തപുരം: ഔഷധസസ്യങ്ങളുടെ ദൌര്‍ലഭ്യം ആയുര്‍വേദമേഖല നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണെന്നും അതിനാല്‍ കൂടുതല്‍ ഔഷധസസ്യങ്ങള്‍ ഉത്പാദിപ്പിക്കാനുളള പദ്ധതികള്‍ നടപ്പാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. വീട്ടുമുറ്റങ്ങളില്‍ അശോകവും ചന്ദനവും വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളില്‍ ഔഷധസസ്യങ്ങള്‍ വിതരണം ചെയ്യാനും ജില്ലകളില്‍ ഔഷധസസ്യോദ്യാനങ്ങള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മ്യൂസിയത്തിലെ ഔഷധതോട്ടം അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഔഷധസസ്യബോഡിന്റെ ധനസഹായത്തോടെ സംസ്ഥാന ഔഷധസസ്യബോഡാണ് അശോകത്തിന്റെയും ചന്ദനത്തിന്റെയും പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക 24.69 ലക്ഷം രൂപയാണ്. ഗൃഹാങ്കണങ്ങള്‍ക്കു പുറമെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും തൈകള്‍ വച്ചു പിടിപ്പിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ തൈകള്‍ വിതരണം ചെയ്യും. അശോകത്തിന്റെയും ചന്ദനത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്താനും നല്ല തൈകള്‍ വിതരണം ചെയ്യുന്നതിലൂടെ ഗുണമേ•യുള്ള അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഔഷധനിര്‍മ്മാണത്തിന് ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക തൈകള്‍ വിതരണം ചെയ്തു. ചലച്ചിത്രതാരം സുരേഷ്ഗോപി, സംസ്ഥാന ഔഷധസസ്യബോഡ് സി.ഇ.ഒ. കെ.ജി. ശ്രീകുമാര്‍, കെ.യു.ഡബ്ളു.ജെ. സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post