കൊച്ചി: മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഗുജറാത്തില്‍ മഹാത്മാമന്ദിര്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി. കൊച്ചിയില്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ സന്ദര്‍ശിച്ചപ്പോഴാണ് മോഡി ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാത്മാഗാന്ധിയെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമയും ഗുജറാത്തില്‍ നിര്‍മിക്കുമെന്ന് നരേന്ദ്രമോഡി കൃഷ്ണയ്യരെ അറിയിച്ചു.
തൃശ്ശൂരില്‍ പ്രൈവറ്റ് സെക്രട്ടറി കെ.കൈലാസനാഥന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മോഡി ശനിയാഴ്ച വൈകീട്ട് കേരളത്തിലെത്തിയത്. ഏഴുമണിയോടെ പ്രത്യേകവിമാനത്തില്‍ നേവല്‍ബേസ് വിമാനത്താവളത്തിലിറങ്ങിയ മോഡി നേരെ കൃഷ്ണയ്യരുടെ വസതിയായ ‘സദ്ഗമയ’യിലേക്കാണ് പോയത്. കനത്ത സുരക്ഷയില്‍ മാധ്യമപ്രവര്‍ത്തകരെ പോലും ഉള്ളില്‍ പ്രവേശിപ്പിക്കാതെയായിരുന്നു സന്ദര്‍ശനം. 7.20 ഓടെ സദ്ഗമയയിലെത്തിയ മോഡി പതിനഞ്ചുമിനിട്ടോളം അവിടെ ചെലവഴിച്ചു.
താന്‍ ക്ഷണിച്ചിട്ടല്ല മോഡി വന്നതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”തൊണ്ണൂറ്റിയാറ് വയസ്സായ എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. വക്കം വിജയനാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യസംഭാഷണമില്ല. പൊതുകാര്യങ്ങള്‍ മാത്രമേ സംസാരിക്കൂ എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം അത് ശരിവച്ചു.”-കൃഷ്ണയ്യര്‍ പറഞ്ഞു. ഗുജറാത്ത് കലാപംപോലുള്ള വിവാദവിഷയങ്ങളൊന്നും സംഭാഷണത്തില്‍ കടന്നുവന്നില്ലെന്നും കൃഷ്ണയ്യര്‍ വ്യക്തമാക്കി. ഗുജറാത്തില്‍ മദ്യനിരോധം നടപ്പാക്കിയതിന് അദ്ദേഹം മോഡിയെ അഭിനന്ദിച്ചു.
എല്ലാവരും കരുതുന്നതുപോലെ വ്യവസായങ്ങള്‍ മാത്രമല്ല ഗുജറാത്തില്‍ വളര്‍ന്നതെന്ന് മോഡി കൃഷ്ണയ്യരോട് പറഞ്ഞു. അവിടെ ഗ്രാമങ്ങളും വികസിക്കുന്നുണ്ട്. വ്യവസായവും കൃഷിയും ഒരുമിച്ച് വളരുന്നതെങ്ങനെയെന്ന് ഗുജറാത്ത് തെളിയിച്ചു കഴിഞ്ഞതായും മോഡി പറഞ്ഞു. ഇളനീരാണ് മോഡിക്ക് കുടിക്കാനായി കൃഷ്ണയ്യര്‍ നല്‍കിയത്. പഴങ്ങള്‍ ഒരുക്കിവച്ചിരുന്നുവെങ്കിലും മോഡി കഴിച്ചില്ല. ബി.ജെ.പി മുന്‍സംസ്ഥാനപ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയും സന്നിഹിതനായിരുന്നു.കൃഷ്ണയ്യരുടെ വീട്ടില്‍ നിന്ന് മോഡി താജ് മലബാര്‍ ഹോട്ടലിലേക്ക് പോയി. ഞായറാഴ്ച ഹെലിക്കോപ്റ്ററില്‍ അദ്ദേഹം തൃശ്ശൂരിലേക്ക് പോകും.
Discussion about this post