ന്യൂഡല്‍ഹി: അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് 13 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും സെല്ലലോയ്ഡിനായിരുന്നു. ബോളിവുഡ് ചിത്രം പാന്‍ സിംഗ് തോമറാണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം ഇര്‍ഫാന്‍ ഖാന്‍ (പാന്‍ സിംഗ് തോമര്‍), വിക്രം ഗോഖലെ (അനുമതി) എന്നിവര്‍ പങ്കിട്ടു. മറാഠി നായിക ഉഷ ജാദവാണ് (ധാഗ്) മികച്ച നടി. മറാഠി ചിത്രം ‘ധാഗ്’ സംവിധാനം ചെയ്ത ശിവാജി ലോത്തന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ‘കളിയച്ഛന്‍’ എന്ന ചിത്രത്തിലൂടെ ബിജിപാല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് നേടി. ബാബു തിരുവല്ല സംവിധാനം ചെയ്ത ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കല്‍പ്പന മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരവും ചിത്രം നേടി. മികച്ച സംഭാഷണത്തിനുള്ള പുരസ്കാരം ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിലൂടെ അഞ്ജലി മേനോന്‍ നേടി. ഒഴിമുറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലാലും ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തിലകനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച നടനുള്ള പുരസ്കാരത്തിനായി ലാല്‍ അവസാന റൌണ്ട് വരെ മത്സരിച്ചിരുന്നു. മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമായി മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ‘സ്പിരിറ്റ്’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ഉസ്താദ് ഹോട്ടലും വിക്കി ഡോണറും പങ്കിട്ടു. പരിസ്ഥിതി വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ജോഷി മാത്യു സംവിധാനം ചെയ്ത ‘ബ്ളാക്ക് ഫോറസ്റ്’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ‘101 ചോദ്യങ്ങള്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സിഥാര്‍ഥ് ശിവയ്ക്കാണ്. ചിത്രത്തിലെ അഭിനയത്തിന് മിനന്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം അന്നയും റസൂലും എന്ന ചിത്രത്തിലൂടെ എസ്.രാധാകൃഷ്ന്‍ സ്വന്തമാക്കി. സിനിമാ നിരൂപണത്തിന് പി.എസ്.രാധാകൃഷ്ണനും നോണ്‍ ഫിക്ഷന്‍ ഓഡിയോഗ്രാഫി വിഭാഗത്തില്‍ എം.ഹരികുമാറിനും പുരസ്കാരം ലഭിച്ചു.
Discussion about this post