കൊച്ചി: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്സിഡി നല്‍കണമെന്ന് എണ്ണകമ്പനികളോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. പൊതുവിപണിയിലെ വിലയ്ക്ക് കെഎസ്ആര്‍ടിസിക്കും ഡീസല്‍ നല്‍കണമെന്നാണ് നിര്‍ദേശം. വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍പെടുത്തിയ കെഎസ്ആര്‍ടിസിക്ക് അമിത വിലയ്ക്കായിരുന്നു എണ്ണകമ്പനികള്‍ ഡീസല്‍ നല്‍കിയിരുന്നത്. പുറത്തുള്ള പമ്പുകളിലെ വിലയേക്കാള്‍ 10 രൂപയ്ക്ക് മുകളില്‍ അധിക നിരക്കായിരുന്നു ഒരു ലിറ്റര്‍ ഡീസലിന് കെഎസ്ആര്‍ടിസിക്ക് നല്‍കേണ്ടിവന്നത്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ചെന്നൈ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും കോടതിയെ സമീപിച്ചത്. അതേസമയം വില നിര്‍ണയാധികാരത്തില്‍ കോടതി ഇടപെടരുതെന്നായിരുന്നു എണ്ണകമ്പനികളുടെ വാദം. വില വര്‍ധിപ്പിക്കാന്‍ അധികാരം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും കക്ഷിചേര്‍ത്തിരുന്നു.
Discussion about this post