* സ്പീക്കര്‍ അനുശോചിച്ചു
കോഴിക്കോട്: വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സമൂതിരി പി.കെ.എസ് രാജ (100) അന്തരിച്ചു. രാവിലെ 6.40 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം തിരുവണ്ണൂരില്‍ കോവിലകം ശ്മശാനത്തില്‍ വൈകിട്ട് നടക്കും.
ദേശമംഗലം മനയിലെ എ കെ ടി കെ എം അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിത്തമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1913 മാര്‍ച്ച് 22നായിരുന്നു പി കെ എസ്. രാജയുടെ ജനനം. കോവിലകം ശ്രീകൃഷ്ണവിദ്യാലയത്തില്‍ അഞ്ചാം ക്ലാസ് വരെയും തുടര്‍ന്ന് തളി സമൂതിരി ഹൈസ്‌കൂളില്‍ നിന്ന് 1928 ല്‍ മെട്രിക്കുലേഷനും 1930 ല്‍ സമൂതിരി കോളേജില്‍ നിന്ന് ഒന്നാംക്ലാസോടെ ഇന്റര്‍മീഡിയറ്റും പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ ഓണേഴ്‌സ് എടുത്തു. 1936 ല്‍ ഇന്ത്യന്‍ ടെലിഗ്രാഫില്‍ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ചു. ചെന്നൈ ടെലിഫോണ്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജരായി 1971 ല്‍ വിരമിച്ചു. 2003 ല്‍ പി.കെ എട്ടനുണ്ണി രാജയുടെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂതിരിയായി അധികാരമേറ്റത്.
നിലമ്പൂര്‍ കോവലകത്തെ പരേതയായ ഭാരതിരാജയാണ് ഭാര്യ. പരേതയായ സേതുലക്ഷ്മി, ഡോ.സുധ, സരള എന്നിവരാണ് മക്കള്‍.
സാമൂതിരി രാജാവ് പി.കെ.എസ്. രാജയുടെ നിര്യാണത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുശോചനം രേഖപ്പെടുത്തി. ഒരു ചരിത്രത്തിന്റെ അവസാന കണ്ണിയായിരുന്ന രാജയുടെ നിര്യാണം നമ്മുടെ സാംസ്കാരിക മണ്ഡലത്തിന് നഷ്ടമാണെന്ന് സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തികഞ്ഞ ജ്ഞാനിയും എല്ലാ കാര്യങ്ങളിലും അവഗാഹമുണ്ടായിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ഭക്തിയെപ്പറ്റിയും ലാളിത്യത്തെപ്പറ്റിയും സാംസ്കാരിക കാര്യങ്ങളെപ്പറ്റിയും അദ്ദേഹം നല്‍കിയിട്ടുള്ള പാഠങ്ങള്‍ മറക്കാനാവാത്തവയാണെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
സാമൂതിരി പി.കെ.എസ്.രാജയുടെ നിര്യാണത്തില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അഗാധദു:ഖം രേഖപ്പെടുത്തി.
Discussion about this post