അധ്യായം – 1
(തുടര്‍ച്ച)
അധികാരിഭേദം എന്ന സങ്കല്‌പം ഹിന്ദുമതത്തിന്റെ അധ:പതനത്തിന് കാരണമാണെന്ന അപവാദം ശക്തമായി നിലകൊള്ളുന്നുണ്ട്. സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണഗ്രന്ഥപരമ്പരയില്‍ മൂന്നാം ഭാഗത്തില്‍ അധികാരിഭേദത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ മലയാളതര്‍ജമ ഇപ്രകാരമാണ്. “പണ്ടത്തെ ഋഷിമാരോട് എനിക്കെത്രയൊക്കെ ആദരവുണ്ടെങ്കിലും അവര്‍ ആളുകള്‍ക്ക് ഉപദേശം നല്‍കിയ രീതിയെ എനിക്ക് ആക്ഷേപിക്കാതെവയ്യ….. പറഞ്ഞുകൊടുത്താലും അതിനുപറ്റിയ പാത്രങ്ങളല്ലായ്‌കയാല്‍ അവര്‍ക്കതിന്റെ സത്യമായ അര്‍ത്ഥം മനസ്സിലാക്കാനാവില്ലെന്നാണ്. ഈ അധികാരിവാദം തനി സ്വാര്‍ത്ഥതയില്‍ നിന്നുത്ഭവിച്ചതാണ്. സ്വന്തം വിഷയം ഇങ്ങനെ വെളിപ്പെടത്തിയാല്‍ തങ്ങളുടെ ലോകാചാര്യസ്ഥാനം നഷ്‌ടപ്പെടുമെന്നവരറിഞ്ഞു. അതുകൊണ്ടുണ്ടായതാണ് ഈ സിദ്ധാന്തത്തെ താങ്ങാനുള്ള അവരുടെ ശ്രമം…… മനുഷ്യര്‍ സ്വാര്‍ത്ഥികളാണ്. തങ്ങളുടെ വിശേഷാവകാശങ്ങളും പ്രശസ്‌തിയും നഷ്‌ടപ്പെടുമെന്ന് പേടിച്ച് തങ്ങളുടെ അറിവിന്റെ അതേ നിലയിലേക്ക് മറ്റുള്ളവര്‍ വരുന്നത് അവരിഷ്‌ടപ്പെടുന്നില്ല. അത്യുച്ചങ്ങളായ അദ്ധ്യാത്മസത്യങ്ങള്‍ ദുര്‍ബലമനസുകളായ മനുഷ്യരുടെ ബുദ്ധിയെ കുഴയ്‌ക്കുമെന്നാണ് അവരുടെ പിടിവാദം”.
എന്നാല്‍ `ആരാണ് യഥാര്‍ത്ഥഗുരു’ എന്ന തലക്കെട്ടിനുതാഴെ സ്വാമികള്‍ തന്നെ ഗുരുവിനെപ്പറ്റി ഇപ്രകാരം പറയുന്നു. “വേണ്ടുന്ന ഒറ്റ സംഗതി, നമ്മുടെ പൊങ്ങച്ചങ്ങള്‍നമുക്കെന്തോ ആത്മജ്ഞാനമുണ്ടെന്ന ധാരണ-ഉരച്ചുകളയുകയും ഗുരുവിന്റെ നേതൃത്വത്തിനായി നമ്മെ സമ്പൂര്‍ണമായി അടിയറവയ്‌ക്കുകയുമാണ്. പൂര്‍ണതയിലേക്ക് നമ്മെ നയിക്കുന്നതെന്താണെന്ന് ഗുരുവിനേ അറിയാവൂ. നാം അതിലന്ധരാണ്. നമുക്കൊന്നുമറിവില്ല. ഈവിധം വിനയം നമ്മുടെ ഹൃദയങ്ങളെ അദ്ധ്യാത്മസത്യങ്ങളിലേക്ക് ഇറക്കും. അഹങ്കാരത്തിന്റെ എത്ര നേര്‍ത്ത നിഴലെങ്കിലും ബാക്കിയുള്ളകാലത്തോളം നമ്മുടെ മനസ്സില്‍ സത്യം വരുന്നതേയല്ല. ഈ ഭൂതത്തെ ഉള്ളില്‍നിന്നുന്മൂലനം ചെയ്യാന്‍ നിങ്ങളെല്ലാം ശ്രമിക്കണം. സമ്പൂര്‍ണമായ ആത്മസമര്‍പ്പണമാണ് അധ്യാത്മ ദീപ്‌തിക്കുള്ള വഴി”.
- സ്വാമിജിയുടെ മേല്‍പറഞ്ഞ അഭിപ്രായങ്ങളും അധികാരിവാദത്തിന്റെ തിന്മകളെന്ന തലക്കെട്ടിന് താഴെ, പണ്ടത്തെ ഋഷിമാരെപ്പറ്റി പറഞ്ഞിരിക്കുന്ന അഭിപ്രായവും വിരുദ്ധചിന്തകള്‍ക്കിടംകൊടുക്കുന്നവയാണ്. പരിഹാരം രണ്ടുതരത്തിലേ കാണാനാകൂ. ഒന്ന് `അധികാരവാദത്തിന്റെ വക്താക്കളായിവന്ന പണ്ടത്തെ ഋഷിമാര്‍’ ഗുരുക്കന്മാരല്ലെന്നും പുരോഹിതന്‍മാരായിരുന്നുവെന്നും മനസ്സിലാക്കുക. എന്നാല്‍ പുരോഹിതന്മാരെ ഒരിടത്തും ഋഷിമാരായി രേഖപ്പെടുത്തി കണ്ടില്ല എന്ന ചാര്യസ്ഥാനം നഷ്‌ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്നുള്ള അപവാദം വിവേകാനന്ദസ്വാമികള്‍ പുറപ്പെടുവിച്ചെന്ന് വിശ്വസിക്കുക വയ്യ. വിശേഷാവകാശങ്ങളും പ്രശസ്‌തിയും നഷ്‌ടപ്പെടുമെന്ന് `പേടിച്ച്’ മറ്റുള്ളവര്‍ സ്വന്തം നിലയിലേക്ക് ഉയരുന്നതില്‍ ഗുരുക്കന്മാര്‍ക്ക് (ഋഷിമാര്‍ക്ക്) വിരോധമുണ്ടെന്നു പറയുന്നതും സത്യമോ യുക്തിസഹമോ അല്ല. പൗരോഹിത്യത്തിന്റെ വക്രതയേയും സ്വാര്‍ത്ഥതയേയും നിരൂപണം ചെയ്യുന്നതിനു പകരം ഋഷിത്വത്തിന്റെ നിര്‍ദോഷമായ പദവി ആരോപണമോ അപവാദമോ അര്‍ഹിക്കുന്നുവെന്ന് വിചാരിക്കുവാന്‍ നിര്‍വാഹമില്ല. പട്ടിയുടെ തുകല്‍കൊണ്ടുള്ള പാത്രത്തില്‍ ഒഴിക്കുന്ന പാല്‍ അര്‍ഹതാഭേദംകൊണ്ട് (പാത്രഭേദംകൊണ്ട്) അവഗണിക്കപ്പെടേണ്ടതല്ലേ? `അര്‍ഹത’ അഥവാ `അധികാരം’ ജിജ്ഞാസുവിന് അവകാശപ്പെടാവുന്നതല്ലായിരുന്നെങ്കില്‍ എല്ലാപേര്‍ക്കും സ്വതന്ത്രമായി സ്വീകരിക്കാവുന്ന മഹാഗ്രന്ഥങ്ങള്‍ ധാരാളമുണ്ടല്ലോ.
വാല്‌മീകിയെന്ന പേരിനര്‍ഹമായ ഉഗ്രതപസിന്റെ മാഹാത്മ്യം ഇവിടെ പ്രസ്‌താവ്യമാണ്. കാട്ടാളനായ വാല്‌മീകി മഹാമുനിയായിത്തീര്‍ന്നത് കാട്ടാളന്റെ ശക്തിയിലല്ല. മറിച്ച് കാട്ടാളന്റെ പൂര്‍വജന്മത്തെപ്പറ്റി ബോധമുള്ള സപ്‌തര്‍ഷികളുടെ സങ്കല്‌പശക്തികള്‍ നിന്നാണ്. അധ്യാത്മ പരീശീലനത്തിന് ജാതയോ മതമോ അടിസ്ഥാനമാക്കി അധികാരിവാദത്തെ അംഗീകരിക്കേണ്ട ആവശ്യമില്ല. എല്ലാപേര്‍ക്കും അവകാശപ്പെട്ടതാണ് അധ്യാത്മസാധന. വാല്‌മീകി എഴുതിയ രാമായണം ആര്‍ക്കും നിഷേധിച്ചിട്ടില്ല. ഉപനിഷദ്‌പാഠങ്ങളും സത്യവും പഠിക്കരുതെന്ന് ഉപനിഷദ്‌കര്‍ത്താക്കളായ ഋഷിമാര്‍ വിലക്കിയിട്ടില്ല. “ഋഷി ദര്‍ശനാത്” എന്ന ലക്ഷണമനുസരിച്ച് ദര്‍ശനത്തില്‍ ജാതിവര്‍ഗവര്‍ണവിവേചനം നിഷേധിച്ചിട്ടുമുണ്ട്.
“ജാതിരിതി ച, ന ചര്‍മണോ ന രക്തസ്യ ന മാംസസ്യ ന
ചാസ്ഥിന: ജാതിരാത്മനോ, ജാതിര്‍വ്യവഹാരപ്രകല്‌പിതാ”.
ജാതിയെ അടിസ്ഥാനമാക്കിയാണ് അധികാരിവാദമെങ്കില്‍ അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന് മേല്‍പറഞ്ഞ ഉപനിഷദ്വാക്യം തെളിയിക്കുന്നു. ജാതി ചര്‍മത്തിന്റേയോ, രക്തത്തിന്റേയോ മാംസത്തിന്റേയോ അസ്ഥികളുടേയോ ആത്മാവിന്റെ േ യാ അല്ല. അത് കേവലം വ്യവഹാര കല്‌പിതമാണ്. അസന്നിഗ്‌ദ്ധമായ ഈ ഉപനിഷദ്‌പ്രസ്‌താവം അധികാരി ഭേദത്തെ ജാതിഭേദത്തില്‍ ബന്ധിപ്പിക്കുന്നില്ല.
അധ്യാത്മനിഷ്‌ഠയോടുകൂടി ചെയ്യപ്പെടുന്ന പ്രവൃത്തിയെ മാത്രമേ കര്‍മം എന്ന സങ്കല്‌പത്തില്‍ ഉള്‍പ്പെടുത്താവൂ എന്ന് ഉപനിഷത്ത് ഘോഷിക്കുന്നു. ഫലാപേക്ഷയോടുകൂടി ചെയ്യുന്ന മറ്റുകര്‍മങ്ങള്‍ക്കെല്ലാം അകര്‍മം എന്നാണ് ഉപനിഷ ത്ത് അര്‍ത്ഥകല്‌പന ചെയ്‌തിരിക്കുന്നത്. ജജ്ഞം, വ്രതം, തപസ്, ദാനം, നിത്യനൈമിത്തികങ്ങള്‍, എല്ലാം തന്നെ ഫലാപേക്ഷയുണ്ടെങ്കില്‍ `അകര്‍മം’ എന്ന വിഭാഗത്തില്‍പെടുന്നു. അതുകൊണ്ട് അധികാരിഭേദം മേല്‍പറഞ്ഞ അകര്‍മത്തേയും കര്‍മത്തെയും അധികരിച്ചാണെന്നറിയണം. ഈശ്വരാഭിമുഖമായ ചിന്തകളും കര്‍മങ്ങളും അനുഷ്‌ഠാനക്രമങ്ങളും കൊണ്ട് അവകാശപ്പെടാവുന്ന അര്‍ഹതയാണ്. അധികാരിഭേദം കൊണ്ട് സങ്കല്‌പിച്ചിരിക്കുന്നതെന്ന് വേണം ധരിക്കാന്‍. വാസനാജന്യമായ വികാരങ്ങളും ഫലാപേക്ഷയും ഞാനെന്നും എന്റെയെന്നുമുള്ള സ്വാര്‍ത്ഥചിന്തക്ക് വിധേയമായതിനാല്‍ അവരും അധ്യാത്മജ്ഞാനത്തിന് അര്‍ഹരാണെന്ന് കരുതുന്നത് പ്രയോജനരഹിതമാണല്ലോ. ഗുരുക്കന്മാരുടെ മഹിമയെപ്പറ്റി സ്വാമിജി പ്രസ്‌താവിച്ചിട്ടുള്ളതും, “ഋഷി ദര്‍ശനാത്” എന്ന ആപ്‌തവചനവും രണ്ടല്ലെങ്കില്‍ അധികാരിവാദത്തിന്റെ തിന്മകള്‍ എന്ന ശീര്‍ഷകത്തിനു താഴെ ഋഷിയേയോ ഗുരുവിനേയോ ഉള്‍പ്പെടുത്താന്‍ പാടില്ല. വിവര്‍ത്തനദോഷമാണ് സംഭവിച്ചതെന്ന് പറയുകവയ്യ. ഇംഗ്ലീഷിലുള്ള 9 നാലാം വാള്യത്തില്‍ ഇക്കാര്യം വ്യക്തമായിക്കാണാം. ഗുരുസങ്കല്‌പത്തെ ആസ്‌പദിച്ച് മേല്‍പ്പറഞ്ഞ വാക്കുകള്‍ ആ മഹദ്‌സങ്കല്‌പത്തോടുള്ള ബഹുമാനം മാത്രമാണെന്നേ ചിന്തിക്കാവൂ.(തുടരും)
Discussion about this post