തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 2013-14 സാമ്പത്തിക വര്‍ഷത്തേയ്ക്കു ഗുണഭോക്താക്കള്‍ക്ക് പുതുതായി കാര്‍ഡ് നല്‍കുന്ന എന്‍റോള്‍മെന്റ് പ്രവര്‍ത്തികള്‍ സംസ്ഥാനത്ത് ത്വരിത ഗതിയില്‍ നടന്നു വരികയാണെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. പുതുക്കാന്‍ കഴിയാത്തവര്‍ക്കു കാര്‍ഡ് നല്‍കല്‍ നടപടി അടുത്ത രണ്ട് മാസത്തേക്ക് കൂടി തുടരും.
പോളിസി ആരംഭ സമയമായ ഏപ്രില്‍ മാസത്തില്‍ ചികിത്സയ്ക്കെത്തുന്ന, പുതിയ കാര്‍ഡ് ലഭിക്കാത്ത/ എന്നാല്‍ ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഫോട്ടോ എടുത്ത് എന്‍റോള്‍ ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ എന്‍റോള്‍മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. ആശുപത്രികളില്‍ വരുന്ന രോഗികളുടെ സൌകര്യാര്‍ത്ഥം സഞ്ചരിക്കുന്ന എന്‍റോള്‍മെന്റ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്. ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് സ്വന്തം ജില്ലയിലുളള ഇത്തരം എമര്‍ജന്‍സി സെന്ററുകളില്‍ എത്തി ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് എടുക്കാം. രോഗി അഡ്മിറ്റായ ദിവസം തന്നെ കാര്‍ഡ് ലഭിക്കുന്നതിനുളള എല്ലാ നടപടികളും ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1800 200 2530 വിളിക്കാം.
Discussion about this post