കോട്ടയം: പ്രസിദ്ധ സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. അമ്പലപ്പുഴ രാമവര്‍മ (കെ. രാമവര്‍മ തിരുമുല്‍പ്പാട്-87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ന് ആയിരുന്നു. കോട്ടയത്തെ വസതിയായ ശ്രീനിലയത്തിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ ഒമ്പതു മുതല്‍ 12 വരെ സിഎംഎസ് കോളജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഉച്ചകഴിഞ്ഞു മൂന്നിനു വീട്ടുവളപ്പില്‍.
1948-ല്‍ ആലുവ യുസി കോളജില്‍ അധ്യാപകനായി ചേര്‍ന്നു. 1952-ല്‍ കോട്ടയം സിഎംഎസ് കോളജിലേക്കു മാറി. 1960 മുതല്‍ 26 വര്‍ഷക്കാലം സിഎംഎസിലെ മലയാളം വകുപ്പു മേധാവിയായിരുന്നു.
1993-ല്‍ കഥകളിക്കുള്ള എം.കെ.കെ. നായര്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമിയുടെ 2004ലെ ഗുരുപൂജ പുരസ്കാരം, 2006ല്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്കാരം, 2007ല്‍ പ്രഫ. ഗുപ്തന്‍നായര്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതി. നവരശ്മി, സാഹിതീസൌരഭം, കഥകളി നിരൂപണം, വീണപൂവ്-വ്യാഖ്യാനം, സ്വപ്നവാസവദത്തം-വിവര്‍ത്തനം, കല്യാണസൌഗന്ധികം ശീതങ്കന്‍ തുള്ളല്‍-ആമുഖവും വ്യാഖ്യാനവും, ഭാഷാനൈഷധ ചമ്പു-പഠനം, തെരഞ്ഞെടുത്ത സുഭാഷിതങ്ങള്‍, കേരളത്തിലെ പ്രാചീനകലകള്‍, കവിപൂജയും കാവ്യാസ്വാദനവും, സ്മൃതിമണ്ഡപം, സുഭാഷിത മഞ്ജരി, പ്രബന്ധമഞ്ജുഷ തുടങ്ങി നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി, ഭാരതീയ നൃത്യകലാലയം എന്നിവയുടെ പ്രസിഡന്റായും പ്രവര്‍ത്തച്ചു. ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റും അഖില കേരള തുള്ളല്‍ കലാസമിതിയുടെ രക്ഷാധികാരിയുമാണ്.
ഭാര്യ: കൃഷ്ണപുരം കുറ്റിയില്‍ കോവിലകത്ത് പരേതയായ സതീബായി. മക്കള്‍: രമണീബായി (ധനലക്ഷ്മി ബാങ്ക്, ചേര്‍ത്തല), രാജാ ശ്രീകുമാര്‍ വര്‍മ (ആര്യഗായത്രി പബ്ളിക്കേഷന്‍സ്, കോട്ടയം), മധുകുമാര്‍ (ഡിസി ബുക്സ്, കോട്ടയം), പരേതയായ ഗീതാബായി. മരുമക്കള്‍: വി.കെ.കെ. വര്‍മ (ബെസ്റ് ആന്‍ഡ് ക്രോംപ്ടണ്‍ എന്‍ജിനിയറിംഗ് കമ്പനി മുന്‍ വൈസ് പ്രസിഡന്റ്, ചെന്നൈ), പ്രഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ (ചേര്‍ത്തല), അംബാശ്രീ തമ്പുരാട്ടി (ഓമല്ലൂര്‍), ശൈലജ വര്‍മ (അവിട്ടത്തൂര്‍).
Discussion about this post