തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാരിലെ വനം- സിനിമ മന്ത്രി ഗണേഷ് കുമാര്‍ രാജിവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 11. 40ന് ക്ലിഫ് ഹൗസിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. ഗണേഷിനെതിരെ ഭാര്യ യാമിനി തങ്കച്ചി ഗാര്‍ഹിക പീഡനത്തിന് മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഡിജിപിയെ വിളിച്ച് വരുത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അതിനു പുറമെ കുഞ്ഞാലിക്കുട്ടി, കെഎം മാണി തുടങ്ങിയ ഘടകകക്ഷി നേതാക്കളുമായും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ ശേഷമാണ് രാജി ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഷിബു ബേബി ജോണുമായി കൂടിക്കാഴ്ച നടത്തിയ ഗണേഷ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ രാജിക്കത്ത് തയ്യാറാക്കി. ഔദ്യോഗിക വസതിയായ അജന്തയില്‍ നിന്നും ഷിബു ബേബി ജോണുമായി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് രാജി നല്‍കുകയായിരുന്നു. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കാരണം രാജിവയ്ക്കുന്നുവെന്ന് രണ്ട് വരി കത്താണ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്. ‘സത്യം തെളിയിക്കാനാണ് എന്റെ രാജി. സത്യാവസ്ഥ തെളിയണമെങ്കില്‍ അധികാരസ്ഥാനത്ത് തുടരുന്നത് ശരിയല്ല. ഇത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കും. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല രാജിക്ക് സന്നദ്ധനായത്. എന്റെ ധാര്‍മ്മികതയുടെ പേരിലാണ്.’- ഗണേഷ് പറഞ്ഞു.
എംഎല്‍എ സ്ഥാനം ഗണേഷ് കുമാര്‍ രാജിവയ്ക്കില്ല. പത്തനാപുരം മണ്ഡലത്തില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ്(ബി) എംഎല്‍എയാണ് ഗണേഷ്. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയുമായി ഇദ്ദേഹം കാലങ്ങളായി പരസ്യ യുദ്ധത്തിലാണ്. നിരവധി തവണ പിള്ളയും പാര്‍ട്ടിയും ഗണേഷിന്റെ രാജി യുഡിഎഫില്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല.
‘യാമിനിയും ഗണേഷും പരസ്പരം പരാതികള്‍ നല്‍കിയ സാഹചര്യത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മ്മികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് ഗണേഷിന്റെ രാജി. രാജിക്കത്ത് നാളെ ഗവര്‍ണര്‍ക്കയച്ചു കൊടുക്കും’- മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ സര്‍ക്കാരിലെ തന്നെ മന്ത്രി രാജിവയ്‌ക്കേണ്ടി വരുന്ന സവിശേഷ സാഹചര്യത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി പറഞ്ഞില്ല. ഗണേഷിനെതിരെ പരസ്യ പരസ്ത്രീബന്ധം ആരോപിച്ച് രംഗത്തെത്തിയത്. നെല്ലിയാമ്പതി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇരുവരും പരസ്പരം പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ആര്‍ ബാലകൃഷ്ണ പിള്ള അറിഞ്ഞു കൊണ്ടല്ല രാജിയെന്നും അദ്ദേഹത്തിന്റെയും കേരള കോണ്‍ഗ്രസ്(ബി)യുടെയും ധാര്‍മ്മികത സംരക്ഷിക്കാനല്ല, തന്റെ മാത്രം ധാര്‍മ്മികതയാണ് രാജിക്ക് ആധാരമെന്നും ഗണേഷ് പറഞ്ഞു. ആരുടെയും അഴിമതിയ്ക്ക് താന്‍ കൂട്ടു നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജിവയ്ക്കില്ലെന്ന് നേരത്തെ അറിയിച്ച ഗണേഷ് ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. കെ ബി ഗണേഷ് കുമാറിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. ഗണേഷിനെതിരെ പി സി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് യാമിനി വ്യക്തമാക്കി. ഫെബ്രുവരി 22ന് ഗണേഷിന് കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലു കിട്ടിയെന്നും ഇത് ചോദ്യം ചെയ്ത തന്നെ ഗണേഷ് അതി ക്രൂരമായി മര്‍ദ്ദിച്ചതായും പതിനാറു വര്‍ഷങ്ങളായി താന്‍ ഗണേഷില്‍ നിന്നും പീഡനം സഹിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ചെന്ന തന്നെ പരാതി സ്വീകരിക്കാതെ പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടക്കി. തന്റെ പക്കല്‍ നിന്നും പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് അവിശ്വാസ പ്രമേയത്തിന് പകരമായി നിയമസഭയില്‍ അവതരിപ്പിച്ചതെന്നും യാമിനി പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഗണേഷ് തനിക്കെതിരെ ഭാര്യ യാമിനി തങ്കച്ചി ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചു. തന്റെ ഓഫീസ് മുറിയില്‍ കയറി ആക്രമിച്ചത് കാമുകിയുടെ ഭര്‍ത്താവ് അല്ലെന്നും യാമിനിയാണെന്നും ഇത് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. മുഖത്ത് പരിക്കു പറ്റിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഭാര്യ അക്രമിച്ചെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ രാവിലെ കുടുംബകോടതിയില്‍ ഹര്‍ജ്ജി നല്‍കിയിരുന്നു.
Discussion about this post