കൊച്ചി: മതേതരത്വത്തിന്റെ പേരില്‍ രാജ്യത്ത് ഇസ്ലാമിക ഭരണമാണ് നടക്കുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് മാര്‍ഗ്ഗദര്‍ശി അശോക് സിംഗാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് ഹിന്ദു പ്രധാനമന്ത്രിയും സര്‍ക്കാരുമാണ് ആവശ്യം. ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യം ഉള്‍ക്കൊണ്ട പ്രധാനമന്ത്രിയാണാവശ്യം. ഹിന്ദു പാര്‍ലമെന്റ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ബിജെപിയിലെ പ്രശ്നങ്ങള്‍ക്ക് അവര്‍തന്നെ പരിഹാരം കാണും. മോഡിയെ ഹിന്ദുത്വത്തിന്റെ ഹീറോ ആയി ജനം കാണുന്നുണ്ട്. അതില്‍ തെറ്റൊന്നുമില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
രാമജന്മഭൂമി ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി പാര്‍ലമെന്റില്‍ പ്രമേയം പാസാക്കണം. രാമക്ഷേത്രനിര്‍മ്മാണം രാഷ്ട്രീയ വിഷയമല്ല. ഹിന്ദുവിന്റെ സംസ്കൃതിയുടെ വിഷയമാണ്. പാര്‍ലമെന്റില്‍ ഈ പ്രശ്നം വരുമ്പോള്‍ എല്ലാവരും പിന്തുണക്കുമെന്നാണ് പ്രതീക്ഷ. രാമക്ഷേത്രം നിര്‍മ്മിക്കേണ്ട അയോധ്യയിലെ 70 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ ഭൂമി തിരിച്ചേല്‍പ്പിക്കണം. ഈ ഭൂമിയില്‍ മറ്റൊരു ഇസ്ലാമിക സ്ഥാപനമോ കെട്ടിടമോ നിര്‍മിക്കുവാന്‍ അനുവദിക്കില്ല. കുംഭമേളയില്‍ പങ്കെടുത്ത സന്യാസിസദസ്സ് രാമജന്മഭൂമി പ്രക്ഷോഭവുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രനിര്‍മ്മാണത്തിനായി ഏപ്രില്‍ 11 മുതല്‍ മെയ് 13 വരെ ശ്രീരാമജപയജ്ഞം സംഘടിപ്പിക്കും. അയോധ്യയില്‍ ശ്രീരാമവിഗ്രഹം കണ്ട സ്ഥലംതന്നെയാണ് ശ്രീരാമജന്മഭൂമിയെന്ന് ഭൂഖനനത്തിലൂടെ 2010 സെപ്തംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. ഭാരതത്തിലെ വിഭവശേഷിയുടെ ആദ്യ അധികാരം മുസ്ലീങ്ങള്‍ക്കാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം അംഗീകരിക്കുവാനാകില്ല. ഹിന്ദു വിഭാഗത്തിലാണ് ജാതീയതയും പീഡനവും നിലവിലുണ്ടായിരുന്നത്. മുസ്ലീം സമൂഹത്തില്‍ ഇതൊന്നുമില്ലായിരുന്നു. എന്നിട്ടും 27 ശതമാനം വരുന്ന ഒബിസി സംവരണത്തില്‍നിന്നും അഞ്ച് ശതമാനം മുസ്ലീങ്ങള്‍ക്ക് നല്‍കുവാനാണ് സച്ചാര്‍ കമ്മറ്റി പറയുന്നത്. ഇതംഗീകരിക്കാനാവില്ല. അതുപോലെ 15 ശതമാനമുള്ള പട്ടികജാതി സംവരണത്തില്‍നിന്നും അഞ്ച് ശതമാനം ദളിത് ക്രൈസ്തവര്‍ക്ക് നല്‍കുവാനുള്ള രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും ഭരണഘടനാവിരുദ്ധമാണ്. 100 കോടി വരുന്ന ഹിന്ദുക്കള്‍ ലോകത്ത് മൂന്നാംസ്ഥാനമാണ്. ഇവര്‍ സംഘടിക്കുമ്പോള്‍ അത് വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഹിന്ദുസമൂഹം ആരെയും മതംമാറ്റിയിട്ടില്ല. അതില്‍ വിശ്വാസവുമില്ല. സംസ്ഥാനത്തെ 50,0000 ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരിന്റെ കൈവശമാണ്. കോടിക്കണക്കിന് രൂപ ഇവിടെനിന്നും കൊള്ളയടിക്കുന്നു. ഇതംഗീകരിക്കാനാവില്ല.
വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം. രാമചന്ദ്രന്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.വി. മദനന്‍, ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post